രാഹുല്‍ഗാന്ധിക്ക് ഇതെന്തു പറ്റി? ജനവിധിയില്‍ പ്രതികരിക്കാതെ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

ഒക്ടോബര്‍ 23നാണ് രാഹുല്‍ അവസാനമായ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റിട്ടത്

രാഹുല്‍ഗാന്ധിക്ക് ഇതെന്തു പറ്റി? ജനവിധിയില്‍ പ്രതികരിക്കാതെ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭേദപ്പെട്ട പ്രകടനം നടത്തി തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കള്‍ മിക്കവരും പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിപ്പോള്‍ ഒരാളുടെ മൗനം ചര്‍ച്ചയാകുകയാണ് ഇപ്പോള്‍. മറ്റാരുമല്ല, മുന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ സാക്ഷാല്‍ രാഹുല്‍ഗാന്ധിയുടേത് തന്നെ.

ജനവിധി പുറത്തു വന്ന് ഒരു ദിവസം കഴിഞ്ഞിട്ടും ഇതുവരെ പാര്‍ട്ടി അദ്ധ്യക്ഷന്‍ വിധിയെക്കുറിച്ച് ഔദ്യോഗികമായി സാമൂഹിക മാദ്ധ്യമങ്ങളിലോ മറ്റിടങ്ങളിലോ പ്രതികരിച്ചിട്ടില്ല. ഒക്ടോബര്‍ 23നാണ് രാഹുല്‍ അവസാനമായ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റിട്ടത്. ഇത് എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍ ലയനത്തെ കുറിച്ചായിരുന്നു.

ജനവിധിക്കു പിന്നാലെ മുന്‍ മുഖ്യമന്ത്രി ഭൂപേന്ദര്‍ സിങ് ഹൂഡയുമായി സോണിയ ഗാന്ധി സംസാരിച്ചിരുന്നു. രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി പ്രകടനത്തില്‍ സംതൃപ്തി രേഖപ്പെടുത്തുകയുംചെയ്തിരുന്നു. വിധി വരുന്നതിന് തൊട്ടുമുമ്പ് ധനാപഹരണക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന, പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഡി.കെ ശിവകുമാറുമായി സോണിയ കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ, പ്രചാരണഘട്ടത്തില്‍ രാഹുല്‍ വിദേശത്തേക്ക് പോയത് ചര്‍ച്ചയായിരുന്നു. എന്നാല്‍ വിദേശത്ത് നിന്ന് എത്തിയ ശേഷം അദ്ദേഹം റാലികളില്‍ പങ്കെടുക്കുകയും കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. അതേസമയം, മൊത്തം ഏഴു റാലികളില്‍ മാത്രമാണ് രാഹുല്‍ ഇരു സംസ്ഥാനങ്ങളിലും പങ്കെടുത്തത്. സോണിയയും പ്രിയങ്കയും ഒരു റാലിയില്‍ പോലും പങ്കെടുത്തുമില്ല.

ബി.ജെ.പി പക്ഷത്ത് മോദി-അമിത് ഷാ ദ്വയം രണ്ടിടത്തുമായി അമ്പതോളം റാലികളിലാണ് പങ്കെടുത്തിരുന്നത്.

ജനവിധിക്കു പിന്നാലെ, രാഹുല്‍ വളര്‍ത്തിക്കൊണ്ടു വന്ന യുവതലമുറയുടെ സ്വാധീനം പാര്‍ട്ടിയില്‍ ദുര്‍ബലമാകും എന്നാണ് സൂചനകള്‍. രാഹുലിന് ഇഷ്ടമില്ലാതിരുന്ന ഹൂഡയുടെ ബലത്തിലാണ് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകനടം. രാഹുല്‍ ഉയര്‍ത്തിക്കൊണ്ടു വന്ന അശോക് തന്‍വര്‍ ഹൂഡയുമായുള്ള ഉള്‍പ്പോരില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.

Next Story
Read More >>