ഉള്ളി വില; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന പഴയ ട്വീറ്റ് മോദിയെ തിരിഞ്ഞു കൊത്തുന്നു-അന്ന് വില 50, ഇന്ന് 120

മിക്കയിടത്തും 100-120 രൂപയാണ് ഒരു കിലോ ഉള്ളിയുടെ റീട്ടെയില്‍ വില

ഉള്ളി വില; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന പഴയ ട്വീറ്റ് മോദിയെ തിരിഞ്ഞു കൊത്തുന്നു-അന്ന് വില 50, ഇന്ന് 120

ന്യൂഡല്‍ഹി: രാജ്യത്തെ ഉള്ളിവില കുതിക്കവെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ട്വീറ്റ് ചെയ്ത പോസ്റ്റ് തിരിഞ്ഞു കൊത്തുന്നു. കിലോയ്ക്ക് അമ്പത് രൂപയുണ്ടായിരുന്ന വേളയില്‍ ഉദയ്പൂരില്‍ നടന്ന ബി.ജെ.പി റാലിയിലാണ് അദ്ദേഹം വിലക്കയറ്റത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നത്. 'കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നാണ് ഉള്ളി ഉല്‍പ്പാദനത്തിന്റെ മിക്കഭാഗവും നടക്കുന്നത്. പിന്നെ എന്തു കൊണ്ടാണ് വിലക്കയറ്റം. അവര്‍ക്ക് ഉത്തരമില്ലേ?' -എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ഇപ്പോള്‍ ഈ സംസ്ഥാനങ്ങളെല്ലാം ബി.ജെ.പിയാണ് ഭരിക്കുന്നത്. പിന്നെ എന്തു കൊണ്ടാണ് വിലക്കയറ്റം എന്നാണ് ട്വിറ്ററാറ്റികള്‍ ചോദിക്കുന്നത്.

മോദിക്ക് പുറമേ, ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയും സമാനമായ രീതിയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ചിരുന്നു. ഉള്ളി വാങ്ങുന്നവര് ആദായ നികുതി കൊടുക്കേണ്ടി വരും എന്നായിരുന്നു അവരുടെ പരിഹാസം

കരയിക്കുന്ന ഉള്ളിവിലയാണ് ഇപ്പോള്‍ രാജ്യത്ത്. മിക്കയിടത്തും 100-120 രൂപയാണ് ഒരു കിലോ ഉള്ളിയുടെ റീട്ടെയില്‍ വില. അധിക മണ്‍സൂണ്‍ മഴ മൂലം വിളനാശം സംഭവിച്ചതാണ് വില വര്‍ദ്ധിക്കാനുള്ള കാരണം.

പ്രധാന ഉല്‍പ്പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വിതരണം തടസ്സപ്പെട്ടതോടെ കഴിഞ്ഞ മാസത്തേതില്‍ നിന്ന് മുന്നൂറിലേറെ ശതമാനമാണ് ഉള്ളിവില വര്‍ദ്ധിച്ചത്.

വില പിടിച്ചു നിര്‍ത്താനായി തുര്‍ക്കിയില്‍ നിന്ന് 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ 1.2 ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു.

Next Story
Read More >>