മോദി മാജിക് മങ്ങുന്നു, മാന്‍ ഓഫ് ദ മാച്ചായി പവാര്‍, അണിയറയില്‍ സോണിയ; മഹാരാഷ്ട്ര ഫലം നല്‍കുന്ന സൂചന

അഞ്ചു വര്‍ഷത്തിന് ശേഷം മറാത്ത രാഷ്ട്രീയം സംസ്ഥാനത്തേക്ക് തിരിച്ചുവരുന്ന സൂചനയും ജനവിധി നല്‍കുന്നുണ്ട്

മോദി മാജിക് മങ്ങുന്നു, മാന്‍ ഓഫ് ദ മാച്ചായി പവാര്‍, അണിയറയില്‍ സോണിയ; മഹാരാഷ്ട്ര ഫലം നല്‍കുന്ന സൂചന

മുംബൈ: മഹാരാഷ്ട്രയില്‍ മിക്ക അഭിപ്രായസര്‍വേകളും ബി.ജെ.പി-ശിവസേന സഖ്യത്തിന് മൃഗീയ ഭൂരിപക്ഷം പ്രവചിച്ചെങ്കിലും അതിനെ സാധൂകരിക്കുന്ന ഫലമല്ല പുറത്തുവരുന്നത്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് ഏകദേശം മുപ്പതോളം സീറ്റുകള്‍ എന്‍.ഡി.എയ്ക്ക നിലവിലെ സാഹചര്യത്തില്‍ നഷ്ടപ്പെടാനാണ് സാദ്ധ്യത. ഇരുപതോളം സീറ്റുകള്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് വര്‍ദ്ധിക്കുകയും ചെയ്യും. മുപ്പതോളം സീറ്റുകളില്‍ ചെറുകക്ഷികളാകും വിജയിക്കുക.

അധികാരം നഷ്ടപ്പെട്ടെങ്കിലും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ശക്തമായ തിരിച്ചുവരുന്ന കാഴ്ചയാണ് മഹാരാഷ്ട്രയില്‍ ഉണ്ടായത്. ബി.ജെ.പിക്കു പുറമേ, മറ്റു കക്ഷികളും സംസ്ഥാന രാഷ്ട്രീയത്തില്‍ വരുംദിനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തും.

അഞ്ചു വര്‍ഷത്തിന് ശേഷം മറാത്ത രാഷ്ട്രീയം സംസ്ഥാനത്തേക്ക് തിരിച്ചുവരുന്ന സൂചനയും ജനവിധി നല്‍കുന്നുണ്ട്.

ബി.ജെ.പിക്ക് ഈസി വാക്കോവര്‍ ലഭിക്കുമെന്ന കരുതപ്പെട്ട സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചു. പാര്‍ട്ടി ഇടക്കാല അദ്ധ്യക്ഷയായി സോണിയ അധികാരമേറ്റ് ഒരു മാസത്തിനകമാണ് ഈ തിരിച്ചുവരവ് എന്നതാണ് ശ്രദ്ധേയം. ബി.ജെ.പിയുടെ പ്രചാരണ ആയുധങ്ങളായ 370-ാം വകുപ്പ്, കശ്മീര്‍ വിഷയങ്ങള്‍ വേണ്ടത്ര ഏശിയില്ല എന്നും ജനവിധി തെളിയിക്കുന്നു.

>കരുത്തു കാട്ടി സോണിയയും ശരദ് പവാറും

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖമായി പ്രചാരണ രംഗത്ത് ആരുമുണ്ടായിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ വേറെയും. പടലപ്പിണക്കങ്ങളില്‍ മുംബൈയിലെ പ്രധാന നേതാക്കളായ മിലിന്ദ് ദിയോറയും സഞ്ജയ് നിരുപമും പ്രചാരണത്തിന് പോലും ഇറങ്ങിയിരുന്നില്ല.

സഖ്യത്തില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനായിരുന്നു പ്രചാരണച്ചുമതല. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും പവാര്‍ സംസ്ഥാനത്തുടനീളം പ്രചാരണത്തില്‍ സജീവമായി. മറ്റേതു രാഷ്ട്രീയക്കാരനേക്കാള്‍ അപ്പുറത്ത് തനിക്ക് മറാത്ത മണ്ണില്‍ സ്വാധീനമുണ്ടെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു.

മോദിയുടെയും അമിത് ഷായുടെയും വ്യക്തിപ്രഭാവത്തിന് ഇടിവു തട്ടുന്ന ജനവിധി കൂടിയാണിത്. ഹരിയാനയിലും മഹാരാഷ്ട്രയിലുമായി ഇരുവരും അമ്പത് റാലികളിലാണ് പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസ് പക്ഷത്തു നിന്ന് രാഹുല്‍ഗാന്ധി വെറും ഏഴു റാലികളെ മാത്രമാണ് അഭിസംബോധന ചെയ്തത്.

സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഒരു റാലിയില്‍ പോലും പങ്കെടുത്തുമില്ല. മാത്രമല്ല, കശ്മീര്‍, ഭരണഘടനയുടെ 370-ാം അനുച്ഛേദം തുടങ്ങിയ വിഷയങ്ങള്‍ വേണ്ടത്ര വോട്ടര്‍മാരെ സ്വാധീനിച്ചില്ല എന്നും ഫലം തെളിയിക്കുന്നു.

Next Story
Read More >>