ഇവരാരാ തമ്പ്രാക്കന്മാരോ? ഞങ്ങള്‍ വിളിക്കുന്ന ജാഥയില്‍ സി.പി.എമ്മും വന്നു നില്‍ക്കണം: എം.കെ മുനീര്‍

മനുഷ്യച്ചങ്ങല എന്നത് ഒന്നിച്ചു സമരമല്ല. ഒന്നിച്ചുള്ള സമരം എ.കെ.ജി സെന്ററില്‍ നിന്നാണോ തീരുമാനിക്കേണ്ടത്.

ഇവരാരാ തമ്പ്രാക്കന്മാരോ? ഞങ്ങള്‍ വിളിക്കുന്ന ജാഥയില്‍ സി.പി.എമ്മും വന്നു നില്‍ക്കണം: എം.കെ മുനീര്‍

തിരുവനന്തപുരം: സി.എ.എ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ കൂടെ സമരത്തിനിറങ്ങാന്‍ സി.പി.എം എന്തു കൊണ്ടാണ് മടിച്ചു നില്‍ക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. ഞങ്ങള്‍ വിളിക്കുന്ന ജാഥയില്‍ അവരും വന്നു നില്‍ക്കണമെന്ന് മുനീര്‍ പറഞ്ഞു. കോഴിക്കോട്ട് താന്‍ നടത്തിയ ഉപവാസത്തില്‍ സി.പി.എമ്മുമാര്‍ വിളിച്ചിട്ടും സഹകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

'ഒന്നിച്ചുള്ള സമരങ്ങള്‍ എന്നു പറഞ്ഞു കഴിഞ്ഞാല്‍ അത് അവര്‍ക്കു മാത്രമാണോ ബാധകം. ഞാനിപ്പോള്‍ കോഴിക്കോട്ട് ഒരുപവാസം നടത്തി. എല്ലാവരും വന്നു. മാര്‍ക്‌സിസ്റ്റുകാര്‍ ആരും വന്നില്ലല്ലോ. എന്താ ഒന്നിച്ച് അവര്‍ക്ക് പറ്റില്ലേ? ഇവര് ആരാ തമ്പ്രാക്കന്മാരോ? അവര് മാത്രം തമ്പ്രാക്കന്മാരും നമ്മളൊക്കെ അടിയാളുകളും, അവര് വിളിക്കുമ്പോ അവര് വിളിക്കുന്ന ജാഥയില്‍ പോയി നിക്കണംന്ന് പറയുമ്പോള്‍, ഞങ്ങള് വിളിക്കുന്ന ജാഥയില്‍ അവരും വന്ന് നിക്കണം. ഞങ്ങള്‍ ഉപവാസത്തിന് മൂന്ന് എം.എല്‍.എമാരെ വിളിച്ചു. അവര് പറഞ്ഞത് ഞങ്ങള്‍ക്ക് വരാന്‍ പറ്റില്ല എന്നതു തന്നെയാണ്. എന്തു കൊണ്ട് പറ്റില്ല? ആ ഉപവാസത്തില്‍ ഇടതുപക്ഷ സഹയാത്രികര്‍ വരെ പങ്കെടുത്തു. അത് ഒരു പൗരന്‍ എന്ന നിലയ്ക്ക് ഞാന്‍ ഒറ്റയ്ക്ക് നടത്തിയ ഉപവാസമാണ്. അപ്പോള്‍ ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും കടക്കണ്ടേ, അത് എന്തു കൊണ്ട് ഇടതുപക്ഷം മാത്രമാണ് ഇവിടത്തെ സമരത്തിന്റെ കുത്തക എന്നു പറയുന്നത് ശരിയല്ല. ഈ സമരം എല്ലാവരും കൂടി നടത്തുന്ന സമരമാണ്. ആ ബോദ്ധ്യം ആദ്യം ഉണ്ടാവേണ്ടത് മാര്‍ക്‌സിറ്റ് പാര്‍ട്ടിക്കാണ്' - മുനീര്‍ പറഞ്ഞു.

മനുഷ്യച്ചങ്ങല ഒന്നിച്ചുള്ള സമരമല്ല. ഒന്നിച്ചുള്ള സമരം എ.കെ.ജി സെന്ററില്‍ നിന്നാണോ തീരുമാനിക്കേണ്ടത്. ഞങ്ങളെ ക്ഷണിച്ചിരുന്നുവെങ്കില്‍ ഞങ്ങളും പോകുമായിരുന്നു. അത് മുഖ്യമന്ത്രി ക്ഷണിക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story
Read More >>