മാതൃഭൂമി ബഹിഷ്‌കരണം നിര്‍ത്താന്‍ ആഹ്വാനം ചെയ്ത് എന്‍.എസ്.എസ്

സംഭവത്തില്‍ ആഴ്ചപ്പതിപ്പ് പത്രാധിപര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും വീരേന്ദ്രകുമാര്‍ രേഖാമൂലം ഉറപ്പുനല്‍കിയിട്ടുണ്ട്

മാതൃഭൂമി ബഹിഷ്‌കരണം നിര്‍ത്താന്‍ ആഹ്വാനം ചെയ്ത് എന്‍.എസ്.എസ്

ചങ്ങനാശ്ശേരി: മാതൃഭൂമി ദിനപത്രത്തിന് ഒരു വര്‍ഷമായി ഏര്‍പ്പെടുത്തിയിട്ടുള്ള ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് കത്തു നല്‍കി. മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ എന്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബഹിഷ്‌കരണം അവസാനിപ്പിക്കുന്നതെന്ന് സംഘടനാ സെക്രട്ടറി സുകുമാരന്‍ നായര്‍ അയച്ച കത്തില്‍ പറയുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹിന്ദു സംസ്‌കാരത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ മീശ എന്ന നോവല്‍ ഒരു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ചതും, അതിനെ ആവിഷ്‌കാര സ്വാതന്ത്ര്യമായി ദിന പത്രം ന്യായീകരിച്ചതും നമ്മെ ഏറെ വേദനിപ്പിച്ചിട്ടുള്ളതാണ്. തുടര്‍ന്നാണ് പത്രം ബഹിഷ്‌കരിക്കുന്നതില്‍ വിശ്വാസികളുടെ സഹകരണം തേടിയിരുന്നത്.

ഇത് മാതൃഭൂമി ദിനപത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇതിനെ തുടര്‍ന്നാണ് എംപി വീരേന്ദ്രകുമാര്‍ എന്‍എസ്എസുമായി ചര്‍ച്ച നടത്തിയത്. സംഭവത്തില്‍ ആഴ്ചപ്പതിപ്പ് പത്രാധിപര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും വീരേന്ദ്രകുമാര്‍ രേഖാമൂലം ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് മാതൃഭൂമിയുമായി വീണ്ടും സഹകരിക്കാന്‍ എന്‍എസ്എസ് തീരുമാനിച്ചത്. ഈ ആശയം താഴേത്തലങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു- പ്രസ്താവനയില്‍ പറയുന്നു.

Read More >>