ഓപ്പോ പോയി; ടീം ഇന്ത്യയുടെ ജഴ്‌സിയില്‍ ഇനി മലയാളിയുടെ കമ്പനി

ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ട് അപ്പുകളില്‍ ഫ്‌ളിപ്കാര്‍ട്ട്, പേ ടി.എം, ഒല എന്നിവ കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയാണ് ബൈജൂസ്

ഓപ്പോ പോയി; ടീം ഇന്ത്യയുടെ ജഴ്‌സിയില്‍ ഇനി മലയാളിയുടെ കമ്പനി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയില്‍ നിന്ന് ചൈനീസ് മൊബൈല്‍ നിര്‍മാണക്കമ്പനിയായ ഓപ്പോ പിന്‍വാങ്ങുന്നു. സെപ്തംബര്‍ മുതല്‍ പുതിയ സ്‌പോണ്‍സരുടെ പേര് ജഴ്‌സിയില്‍ ഇടംപിടിക്കും. മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ആപ്പാണ് ഇനി ടീം ജഴ്‌സിയില്‍ ഉണ്ടാകുക. ബംഗളൂരു ആസ്ഥാനമായ വിദ്യാഭ്യാസ-സാങ്കേതിക-ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ കമ്പനിയാണ് ബൈജൂസ് അപ്പ്.

2017ല്‍ അഞ്ചു വര്‍ഷത്തേക്ക് 1079 കോടി രൂപയ്ക്കാണ് ഓപ്പോ ബി.സി.സി.ഐയുമായി കരാര്‍ ഉണ്ടാക്കിയിരുന്നത്. ഇതാണ് ഇടയ്ക്കു വെച്ച് ഓപ്പോ നിര്‍ത്തലാക്കുന്നത്.

സെപ്തംബര്‍ 15 മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പുതിയ കമ്പനിയുടെ ലോഗോ വിരാട് കോലിയുടെയും സംഘത്തിന്റെയും ജഴ്‌സിയില്‍ ഇടംപിടിക്കും. ബൈജൂസും ബി.സി.സി.ഐയും തമ്മിലുള്ള കരാര്‍ ഒപ്പുവയ്ക്കന്‍ വ്യാഴാഴ്ച നടന്നതായി ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു.

2017ല്‍ വിവോ മൊബൈല്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് ഓപ്പോ കരാര്‍ നേടിയുന്നത്. 768 കോടി രൂപയായിരുന്നു വിവോ മുന്നോട്ടു വെച്ചിരുന്നത്. കരാര്‍ പ്രകാരം ഓപ്പോ ഒരു ഉഭയകക്ഷി മത്സരത്തിന് 4.61 കോടി രൂപ ബി.സി.ഐക്ക് നല്‍കും. ഐ.സി.സി മത്സരത്തിന് 1.56 കോടി രൂപയും.

ബൈജൂസിന്റെ വിജയകഥ

ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിനെ പോലും ആകര്‍ഷിച്ച കമ്പനിയാണ് ബൈജൂസ് ആപ്പ്. കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രനാണ് ആപ്പിന്റെ സ്ഥാപകന്‍. നാലാം ക്ലാസുമുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെച്ചുകൊണ്ടാണ് ബൈജൂസ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കുകയെന്നതാണ് ബൈജൂസ് ആപ്പിന്റെ ലക്ഷ്യം. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മകളുടെ പേരിലുള്ള ചാരിറ്റിയായ ചാന്‍സ് സുക്കര്‍ബര്‍ഗ് ഫൌണ്ടേഷന്‍ ഈ സംരംഭത്തിലേക്ക് 50 ദശലക്ഷം യു.എസ് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഫേസ്ബുക്കിന് പുറമേ, ബെല്‍ജിയം ആസ്ഥാനമായ സിക്വിയ ഇന്‍വസ്റ്റ്‌മെന്റും ആപ്പില്‍ കോടിക്കണക്കിന് രൂപ നിക്ഷേപമിറക്കിയിട്ടുണ്ട്. നിലവില്‍ കമ്പനിക്ക് 37000 കോടി മൂല്യമുണ്ട്.

രാജ്യത്തെ ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ട് അപ്പുകളില്‍ ഫ്‌ളിപ്കാര്‍ട്ട്, പേ ടി.എം, ഒല എന്നിവ കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയാണ് ബൈജൂസ്.

Read More >>