എല്‍.ഡി.എഫ് സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 63 കോടി രൂപ- മുന്‍ കുടിശ്ശികയും കൊടുത്തു തീര്‍ത്തു

ഹോർഡിങ്ങുകളടക്കമുള്ള മറ്റു പ്രചാരണമാർഗ്ഗങ്ങളിലൂടെ പരസ്യ ഇനത്തിൽ സർക്കാർ ചെലവഴിച്ച തുകയുടെ കണക്കുകൾ ലഭ്യമല്ല.

എല്‍.ഡി.എഫ് സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 63 കോടി രൂപ- മുന്‍ കുടിശ്ശികയും കൊടുത്തു തീര്‍ത്തു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം വിവിധ മാദ്ധ്യങ്ങൾ വഴിയുള്ള പരസ്യങ്ങൾക്കായി ചെലവഴിച്ചത് 63 കോടി 34 ലക്ഷം രൂപ. ഇതിനു പുറമെ മുൻ സർക്കാരിന്റെ കാലത്ത് കുടിശ്ശികയുണ്ടായിരുന്ന 37 കോടി രൂപയും എൽ.ഡി.എഫ് സർക്കാർ കൊടുത്ത് തീർത്തിട്ടുണ്ട്.

സർക്കാരിന്റെ ബോധവൽക്കരണവും ഭരണനേട്ടവും ജനങ്ങളിലെത്തിക്കുന്നതിനാണ് വിവിധ മാദ്ധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകുന്നത്. അച്ചടിമാദ്ധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾക്കാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. 44 കോടി 55 ലക്ഷത്തി 63476 രൂപ. ദൃശ്യമാദ്ധ്യമങ്ങൾക്ക് 14 കോടി 6 ലക്ഷം രൂപയുടെ പരസ്യം നൽകിയപ്പോൾ ഓൺലൈൻ മാദ്ധ്യമങ്ങൾ വഴി 11 ലക്ഷത്തോളം രൂപക്കാണ് പരസ്യം നൽകിയത്.

റേഡിയോ വഴിയുള്ള പരസ്യങ്ങൾക്ക് 4 കോടി 60 ലക്ഷത്തിലധികം രൂപയുടെ പരസ്യം നൽകിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എന്നാൽ ഹോർഡിങ്ങുകളടക്കമുള്ള മറ്റു പ്രചാരണമാർഗ്ഗങ്ങളിലൂടെ പരസ്യ ഇനത്തിൽ സർക്കാർ ചെലവഴിച്ച തുകയുടെ കണക്കുകൾ ലഭ്യമല്ല.

അതേസമയം, പിണറായി സർക്കാരിന്റെ ആയിരം ദിനങ്ങൾ ആഘോഷത്തിന്റെ ഭാഗമായി 75 ലക്ഷം ഫോർഡറുകളാണ് സർക്കാർ അച്ചടിച്ചത്. ആകെ തുക ഒരു കോടി 34, 67 784 രൂപ. ഇതിന്റെ 50 ശതമാനം തുക നേരത്തെ നൽകിയിരുന്നു. ബാക്കി തുക അനുവദിച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ് ഉത്തരവിറക്കിയിരുന്നു.

1000 ദിനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ അച്ചടിച്ച വകയിൽ 300031 ആയിരം രൂപ ചെലവായി. 85400 രൂപയുടെ പോസ്റ്ററുകളും അച്ചടിച്ചു. അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിനായി പുസ്തകവും പോസ്റ്ററും അടിച്ചതിനും ചെലവായത് ഒന്നരലക്ഷത്തിലധികം രൂപ.

Read More >>