വരുന്നൂ, രാജ്യത്തെ ആദ്യ ട്രാന്‍സ് കഫേ

ഭക്ഷണം കഴിക്കാൻ പണമില്ലാതെ ആരെങ്കിലും എത്തിയാൽ അവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള 'വാൾ' എന്ന സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് മറ്റാെരാളുടെ ഭക്ഷണത്തിനോ ചായക്കോ പണം നൽകി ചുമരിലേക്ക് ഓർഡർ ചെയ്യുന്നതാണ് പദ്ധതി. ‍

വരുന്നൂ, രാജ്യത്തെ ആദ്യ ട്രാന്‍സ് കഫേ

തപസ്യ ജയന്‍

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് കഫേ 'രുചിമുദ്ര' കൊച്ചിയിൽ ആരംഭിക്കുന്നു. ട്രാൻസ്‌ജെന്റർ സുഹൃത്തുക്കളായ സായ, രാഗരഞ്ജിനി, പ്രീതി, അദിതി, പ്രണവ്, മീനാക്ഷി, താര എന്നിവർ ചേർന്നാണ് തങ്ങളുടെ സ്വപ്‌നസംരംഭമായ 'രുചിമുദ്ര'യുടെ ചേരുവയ്ക്കു പിന്നില്‍. സമൂഹത്തിൽ ഒരുപാട് അടിച്ചമർത്തലുകൾ നേരിടുന്ന വിഭാഗമാണ് ട്രാൻസ് ജെന്ററുകള്‍. പലതരം മാറ്റിനിർത്തലുകൾക്കും അവഹേളനങ്ങൾക്കും ഇരയാവുന്ന വിഭാഗം. അത്തരത്തിൽ മാറ്റിനിർത്തുമ്പോഴും സമൂഹത്തിൽ എന്തെങ്കിലുമൊക്കെ ചെയ്തു കാണിക്കാൻ തങ്ങൾക്കുമാവും എന്ന് തെളിയിക്കുകയാണ് ഇവർ.

കച്ചേരിപ്പടിയിലെ മൂന്നുനില കെട്ടിടത്തിലെ രണ്ടാം നിലയിലാണ് ഹോട്ടൽ തുടങ്ങുന്നത്. മുളകൾ കൊണ്ട് ഇന്റീരിയർ ചെയ്ത് ഭംഗിയാക്കൽ കഴിഞ്ഞു. 'ഇനി ഒരു ഹൊറിസോണ്ടൽ ഗാർഡൻ കൂടി സെറ്റ് ചെയ്താൽ പണി പൂര്‍ത്തിയാവുമെന്ന് ട്രാൻസ്‌ജെന്റർ കൂട്ടായ്മയിലെ അദിതി തത്സമയത്തോട് പറഞ്ഞു.' പ്രൊപ്പോസലിന് അനുമതി ലഭിച്ചെങ്കിലും ഹോട്ടൽ തുടങ്ങാനുള്ള സ്ഥലവും പണവുമൊക്കെ ഒത്തുവരാന്‍ ഏറെ കഷ്ടപ്പെട്ടു. ഒരു ഫാമിലി ചെന്ന് ചോദിച്ചാൽ 5000 രൂപ പറയുന്ന വീട് ഞങ്ങൾ ചെന്ന് ചോദിച്ചാൽ ഇരട്ടി പൈസയാവും.

അന്വേഷിച്ച് നടന്നെങ്കിലും ഹോട്ടൽ തുടങ്ങാൻ പറ്റിയ സ്ഥലം കിട്ടിയില്ല. നഗരത്തിൽ നിന്ന് ഏറെ ദൂരെയുള്ള സ്ഥലങ്ങൾ ലഭ്യമാണ്. പക്ഷെ അതുകൊണ്ട് കാര്യമില്ല. കൂടെ നിൽക്കുന്ന ചിലരുടെ സഹായം കൊണ്ടുമാത്രമാണ് ഈ സ്ഥലം ഞങ്ങൾക്ക് കിട്ടിയത്. വാടക താങ്ങാവുന്നതിലും അപ്പുറമാണെങ്കിലും ഈ സംരംഭത്തിൽ ഞങ്ങൾക്ക് വിജയിക്കാനാവുമെന്നാണ് പ്രതീക്ഷ- അദിതി കൂട്ടിച്ചേര്‍ത്തു.

പാർശ്വവത്കൃത സമൂഹത്തിനായി ജില്ലാ പഞ്ചായത്ത് മാറ്റിവച്ചിരിക്കുന്ന 10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് സംരംഭം തുടങ്ങുന്നത്. കൃത്രിമ ചേരുവകളൊന്നും ചേർക്കാതെ നല്ല ഭക്ഷണം നൽകുക എന്നതാണ് രുചിമുദ്രയുടെ ലക്ഷ്യം. പിടികോഴിക്കറി, ചക്കപ്പുഴുക്കും ബീഫും, കള്ളപ്പം തുടങ്ങിയ നാടൻ ഭക്ഷണങ്ങൾ ചില ദിവസങ്ങളിൽ സ്‌പെഷ്യൽ ആയി ഉണ്ടാവും. വീട്ടിലുണ്ടാക്കുന്നത് പോലത്തെ സൂപ്പുകളും വിളമ്പാനാണ് ആലോചന. 25 രൂപയ്ക്ക് രണ്ട് കറിയും ഊണും നൽകാനാന്‍ ഇവർ ആഗ്രഹിക്കുന്നു.

കൂടുതൽ വിഭവങ്ങളോടെ സ്‌പെഷ്യൽ ഊണും ഉണ്ടാവും. അതുപോലെ ഭക്ഷണം കഴിക്കാൻ പണമില്ലാതെ ആരെങ്കിലും എത്തിയാൽ അവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള 'വാൾ' എന്ന സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് മറ്റാെരാളുടെ ഭക്ഷണത്തിനോ ചായക്കോ പണം നൽകി ചുമരിലേക്ക് ഓർഡർ ചെയ്യുന്നതാണ് പദ്ധതി. ‍

നല്ല ഭക്ഷണം നൽകിയാൽ കടയിലേയ്ക്ക് കൂടുതൽ ആളുകൾ വരും. അത് കൂടുതൽ വരുമാനം ഉണ്ടാക്കാൻ സഹായിക്കും. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർ പുറത്തിറങ്ങി ഭക്ഷണത്തെ കുറിച്ച് മറ്റുള്ളവരോട് നല്ലത് പറയുമ്പോൾ വീണ്ടും തിരക്കുകൂടും. അങ്ങനെ സംരംഭം വിജയിക്കും അതിലാണ് ഞങ്ങളുടെ പ്രതീക്ഷ. പലപ്പോഴും ട്രാന്‍സ്ജെന്റേഴ്സിനെ അറപ്പോടെ നോക്കുന്ന സമൂഹം രുചിയുള്ള ഭക്ഷണത്തിനായി ഞങ്ങളെ സ്‌നേഹത്തോടെ നോക്കുന്ന കാലം വിദൂരമല്ല- മീനാക്ഷി പറഞ്ഞു.

Read More >>