പ്രധാനമന്ത്രി അടക്കം ഇടപെട്ടിട്ടുണ്ട്, നിരുത്തരവാദ പ്രസ്താവനകള്‍ നടത്തരുത്; ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ഇന്ത്യ

യു.എന്‍ പ്രസ്താവന ശരിയല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി

പ്രധാനമന്ത്രി അടക്കം ഇടപെട്ടിട്ടുണ്ട്, നിരുത്തരവാദ പ്രസ്താവനകള്‍ നടത്തരുത്; ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ഇന്ത്യ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഐക്യരാഷ്ട്രസഭാ നിലപാട് തള്ളി ഇന്ത്യ. ഈ സാഹചര്യത്തില്‍ നിരുത്തരവാദ പ്രസ്താവനകള്‍ നടത്തരുത് എന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കിയത്.

' അക്രമം തടയാനും സാധാരണ നില ഉറപ്പുവരുത്താനും നിയമ സംവിധാനങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍. പ്രധാനമന്ത്രി പരസ്യമായി തന്നെ ജനങ്ങളോട് ശാന്തരായിരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഈ സാഹചര്യത്തില്‍ ഇത്തരം നിരുത്തരവാദ പ്രസ്താവനകള്‍ നടത്തരുത്' - എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.

യു.എന്‍ പ്രസ്താവന ശരിയല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

കലാപത്തില്‍ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. ഡല്‍ഹി പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ വളരെ ദുഃഖിതനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാനെ ദുജാറിക് പറഞ്ഞു. സമാന സാഹചര്യങ്ങളില്‍ ചെയ്തതുപോലെ പരമാവധി സംയമനം പാലിക്കണമെന്നും അക്രമസംഭവങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷനും ആവശ്യപ്പെട്ടിരുന്നു.

'ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും, ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ വീടുകള്‍ക്കും കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളും തങ്ങള്‍ക്ക് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നു. ഉത്തരവാദിത്തമുള്ള ഏതൊരു സര്‍ക്കാരിന്റേയും കടമകളിലൊന്ന് പൗരന്മാര്‍ക്ക് സംരക്ഷണവും ശാരീരിക സുരക്ഷയും നല്‍കുക എന്നത്. ജനക്കൂട്ടം അക്രമത്തിലൂടെ ലക്ഷ്യമിടുന്ന മുസ്ലീങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു'- യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്യ കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Next Story
Read More >>