കേരളത്തനിമയില്‍ ഇഫ്താര്‍ ഒരുക്കി സൗദി പൗരന്‍

ഓരോ വർഷവും ആളുകളുടെ പങ്കാളിത്തം വർദ്ധിച്ചു വരുന്നതായും റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മലയാളികൾ തങ്ങളുടെ ഇഷ്ട വിഭവങ്ങൾക്കായി എത്തിച്ചേരുന്നതായും സൗദ് അബ്ദുൽ അസീസ്‌ പറഞ്ഞു. സ്വദേശി പൗരന്മാർ ഒരുക്കുന്ന ഇഫ്താർ വിരുന്നുകളിൽ മലയാളികളെ പ്രത്യേകമായി പരിഗണിക്കുന്നതാണ് സുവൈദി ഇഫ്താറിനെ വേറിട്ട്‌ നിർത്തുന്നത്. ഇവിടെ നോമ്പ് തുറക്കുന്നവരിൽ 90 ശതമാനവും മലയാളികളാണ്.

കേരളത്തനിമയില്‍ ഇഫ്താര്‍ ഒരുക്കി സൗദി പൗരന്‍

റിയാദ്: കരുണയുടെ മാതൃക തുടരുകയാണ് സൗദി പൗരൻ സൗദ് അബ്ദുൽ അസീസ്. കഴിഞ്ഞ അഞ്ച് വർഷമായി മലയാളികൾക്ക് വേണ്ടി റമദാനിൽ 30 ദിവസവും എക്സിറ്റ് 27ലെ സുവൈദി താരിഖ് ബിൻ സിയാദ് മസ്ജിദിൽ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്ന ഇദ്ദേഹം ഈ വർഷവും മലയാളികൾക്ക് വേണ്ടി കേരളത്തനിമയോടെ സമൂഹ നോമ്പ്തുറ ഒരുക്കിയിരിക്കുന്നു.

ഓരോ വർഷവും ആളുകളുടെ പങ്കാളിത്തം വർദ്ധിച്ചു വരുന്നതായും റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മലയാളികൾ തങ്ങളുടെ ഇഷ്ട വിഭവങ്ങൾക്കായി എത്തിച്ചേരുന്നതായും സൗദ് അബ്ദുൽ അസീസ്‌ പറഞ്ഞു. സ്വദേശി പൗരന്മാർ ഒരുക്കുന്ന ഇഫ്താർ വിരുന്നുകളിൽ മലയാളികളെ പ്രത്യേകമായി പരിഗണിക്കുന്നതാണ് സുവൈദി ഇഫ്താറിനെ വേറിട്ട്‌ നിർത്തുന്നത്. ഇവിടെ നോമ്പ് തുറക്കുന്നവരിൽ 90 ശതമാനവും മലയാളികളാണ്.

ധാരാളം അമുസ്‌ലിം സഹോദരങ്ങൾ ഇഫ്താർ ടെന്റിൽ വളണ്ടിയർ സേവനം നടത്തുന്നത് എടുത്തുപറയേണ്ടതാണ്. നിരവധിയാളുകൾ പങ്കെടുക്കുന്ന സുവൈദി ഇഫ്താർ മത സൗഹാർദ്ദത്തിന്റെ മാതൃകയാണെന്ന് വളണ്ടിയർ സേവനങ്ങൾക്ക് നേതൃത്വം നൽകുന്ന പള്ളിയിലെ ക്ലീനിംഗ് തൊഴിലാളി ഷമീർ വിശദീകരിച്ചു.ഏകദേശം അഞ്ഞൂറോളം ആളുകൾ പങ്കെടുക്കുന്ന നോമ്പ്തുറ കേരളീയ വിഭവങ്ങൾ കൊണ്ട് സമൃദ്ധമാണ്. പത്തിരി, ഇടിയപ്പം, നൂലപ്പം, കേരള പൊറോട്ട, നാടൻ കറികൾ എന്നിങ്ങനെ തനതായ കേരളീയ രുചികളാൽ സമൃദ്ധമാണ് ഇഫ്താർ വിഭവങ്ങൾ.ഇഫ്താറിന് മുൻപായി മതവിജ്ഞാന ക്ലാസും നടന്നു വരുന്നു. റബ് വ ജാലിയാത്തുമായി സഹകരിച്ച് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രതിനിധി മുജീബ് ഇരുമ്പുഴി മതപഠന ക്ലാസിന് നേതൃത്വം നൽകുന്നു. മതവിഷയങ്ങളിൽ സംശയനിവാരണത്തിനുള്ള അവസരവും ഉണ്ട്.

ക്ലാസിനോടനുബന്ധിച്ച് നടക്കുന്ന ചോദ്യോത്തര പരിപാടിയിൽ വിജയികളാകുന്നവർക്ക് റബ്‌വ ജാലിയാത്ത് നൽകുന്ന പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.

തന്റെ നാട്ടിൽ താമസിക്കുന്ന പ്രവാസികളായ മലയാളികൾ അവരുടെ വിഭവങ്ങളാൽ നോമ്പ് തുറക്കുന്നത് അതിയായ സന്തോഷം നൽകുന്നുവെന്ന് ആദ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടിയായ സൗദ് അബ്ദുൽ അസീസ് പറഞ്ഞു. റിയാദിലെ മത, സാമൂഹിക സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ക്ഷണിതാക്കളായി ഇഫ്താറിൽ പങ്കെടുക്കാറുണ്ട്. സൗദി സമൂഹം മലയാളികൾക്ക് നൽകുന്ന സ്നേഹാദരങ്ങളുടെ ഉദാഹരണം കൂടിയാണ് ഈ സമൂഹ നോമ്പുതുറ.

Read More >>