മോദി സര്‍ക്കാര്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് എന്താണ്? പ്രതിപക്ഷ സംഘത്തെ എന്തിന് തിരിച്ചയച്ചു- ചോദ്യശരങ്ങളുമായി കോണ്‍ഗ്രസ്

മാദ്ധ്യമങ്ങളെ കാണുന്നതില്‍ നിന്നും നേതാക്കളെ ഭരണകൂടം വിലക്കി.

മോദി സര്‍ക്കാര്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് എന്താണ്? പ്രതിപക്ഷ സംഘത്തെ എന്തിന് തിരിച്ചയച്ചു- ചോദ്യശരങ്ങളുമായി കോണ്‍ഗ്രസ്

ശ്രീനഗര്‍: കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണ് എങ്കില്‍ പിന്നെ എന്തിനാണ് പ്രതിപക്ഷ സംഘത്തെ തിരിച്ചയത് എന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ എന്താണ് ഒളിക്കാന്‍ ശ്രമിക്കുന്നതെന്നും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പാര്‍ട്ടി ചോദിച്ചു.

പാര്‍ട്ടി മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ കശ്മീരില്‍ നിന്ന് തിരിച്ചയച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശം. ഇന്ന് ഉച്ചയോടെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ശ്രീനഗറിലെത്തിയിരുന്നത്. വിമാനത്താവളത്തില്‍ എത്തിയ സംഘത്തെ പുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്ന ഭരണകൂടം പിന്നീട് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.

മാദ്ധ്യമങ്ങളെ കാണുന്നതില്‍ നിന്നും നേതാക്കളെ ഭരണകൂടം വിലക്കി.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങി 11 നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്.

ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഘം ശ്രീനഗറില്‍ എത്തിയത്. സംഘത്തെ കാണാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലെത്തിയ സംഘവുമായി സംസാരിക്കാന്‍ ശ്രമിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്.പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് രാഹുല്‍ വിമാന യാത്ര ആരംഭിച്ചത്.

രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറണമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ തീവ്രവാദ ഭീഷണിയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന സമയത്ത് മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഈ സന്ദര്‍ശം ഒഴിവാക്കണം. കശ്മീരിലെ ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് പ്രധാന്യം നല്‍കുന്നതെന്നുമാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. നേരത്തെ ഗുലാം നബി ആസാദ് രണ്ടു തവണ കശ്മീര്‍ സന്ദര്‍ശനത്തിന് ഒരുങ്ങിയിരുന്നെങ്കിലും വിമാനത്താവളത്തില്‍ വച്ച് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു.

കശ്മീരിലെ അവസ്ഥ സാധാരണ ഗതിയിലായെന്ന് സര്‍ക്കാര്‍ പറയുന്നത് ശരിയാണെങ്കില്‍ എന്തിനാണ് ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ആസാദ് ചോദിച്ചു. യാത്രയ്ക്ക് വിമാനം അയക്കാമെന്ന സത്യപാല്‍ മാലികിന്റെ പ്രസ്താവനയ്ക്ക മറുപടിയായി, യാത്രക്ക് വിമാനം വേണ്ടെന്നും സ്വതന്ത്രമായി യാത്രചെയ്യാനും ജനങ്ങളെയും പട്ടാളക്കാരെയും കാണാനും അനുവദിച്ചാല്‍ മതിയെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

Next Story
Read More >>