കശ്മീര്‍- എന്റെ പിന്തുണ മോദിക്ക്: ഹൂഡ- ഹരിയാനയില്‍ കോണ്‍ഗ്രസ് പിളരുന്നു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വന്തം തട്ടകമായ റോത്തകില്‍ പരിവര്‍ത്തന്‍ മഹാറാലിയെ അഭിസംബോധന ചെയ്യവെയാണ് ഹൂഡ ബി.ജെ.പി സര്‍ക്കാറിനെ പ്രശംസിച്ചത്

കശ്മീര്‍- എന്റെ പിന്തുണ മോദിക്ക്: ഹൂഡ- ഹരിയാനയില്‍ കോണ്‍ഗ്രസ് പിളരുന്നു

റോത്തക്: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഹരിയാനയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. ജമ്മു കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശസ്‌നേഹവും ആത്മാഭിമാനവും കളഞ്ഞു കുളിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപേന്തര്‍ സിങ് ഹൂഡ കുറ്റപ്പെടുത്തി. പാര്‍ട്ടി വിടുമെന്ന സൂചനകള്‍ക്കിടെയാണ് ഹൂഡയുടെ രൂക്ഷ വിമര്‍ശനങ്ങള്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വന്തം തട്ടകമായ റോത്തകില്‍ പരിവര്‍ത്തന്‍ മഹാറാലിയെ അഭിസംബോധന ചെയ്യവെയാണ് ഹൂഡ ബി.ജെ.പി സര്‍ക്കാറിനെ പ്രശംസിച്ചത്. 'സര്‍ക്കാര്‍ നല്ലതു ചെയ്താല്‍ ഞാന്‍ അവരെ പിന്തുണയ്ക്കും. എന്റെ നിരവധി സുഹൃത്തുക്കള്‍ 370-ാം വകുപ്പ് (കശ്മീരിന്റെ പ്രത്യേക പദവി) എടുത്തു കളഞ്ഞതിനെതിരെ സംസാരിച്ചിട്ടുണ്ട്. എന്റെ പാര്‍ട്ടിക്ക് അതിന്റെ വഴി നഷ്ടമായി. നേരത്തെയുള്ള കോണ്‍ഗ്രസല്ല ഇപ്പോള്‍. ദേശസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും കാര്യം വരുമ്പോള്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാനാവില്ല' - ഹൂഡ പറഞ്ഞു.

ഹരിയാനയില്‍ നിന്നുള്ള സഹോദരങ്ങളെ കൂടി കശ്മീരില്‍ വിന്യസിച്ചിട്ടുണ്ട്. അതു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കേണ്ടി വരുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി പിളര്‍ത്തുമോ എന്ന ചോദ്യത്തിന് നാളത്തെ കാര്യം നാളത്തേതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൂഡ നാളെ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സഹായി കൃഷ്ണമൂര്‍ത്തി ഹൂഡ പറഞ്ഞു. ഹൂഡയ്ക്ക് കീഴിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് എന്ന് സന്ത് കുമാര്‍ എം.എല്‍.എ പറഞ്ഞു. തന്‍വറിന് കീഴില്‍ കോണ്‍ഗ്രസില്‍ തുടരുക ബുദ്ധിമുട്ടാണെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എം.എല്‍.എ സ്ഥാനം രാജിവച്ച ജയ് തിരത് ദഹിയ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് മനോഹര്‍ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ സംസ്ഥാനത്ത് എന്താണ് ചെയ്തത് എന്ന് അദ്ദേഹം ചോദിച്ചു. താന്‍ അധികാരത്തിലെത്തിയാല്‍ തദ്ദേശവാസികള്‍ക്ക് തൊഴിലില്‍ 75 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും ഹൂഡ വാഗ്ദാനം ചെയ്തു.

കോണ്‍ഗ്രസിലേക്ക് മുതിര്‍ന്ന നേതാക്കളെ ആരും ക്ഷണിച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറഞ്ഞ് ഹൂഡ സ്വന്തം പാര്‍ട്ടി രൂപവത്കരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ഏറെക്കാലമായി ഹൈക്കമാന്‍ഡിനോട് ഹൂഡ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതു പരിഗണിക്കാത്തത് മുന്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. പി.സി.സി അദ്ധ്യക്ഷന്‍ അശോക് തന്‍വാറുമായാണ് ഹൂഡയുടെ ഇടച്ചില്‍. തന്‍വാറിനെ മാറ്റി മകന്‍ ദീപേന്ദര്‍ ഹൂഡയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

ഹൂഡയുടെ നീക്കങ്ങള്‍ കോണ്‍ഗ്രസും ബി.ജെ.പിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവില്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തണമെങ്കില്‍ കോണ്‍ഗ്രസിന് ഏറെ വിയര്‍പ്പൊഴുക്കണമെന്ന സ്ഥിതിയാണ്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റില്‍ 47 സീറ്റും നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയിരുന്നത്. 2009ല്‍ നാല്‍പ്പത് സീറ്റു നേടിയ കോണ്‍ഗ്രസ് 2014ല്‍ വെറും 15 സീറ്റിലേക്ക് ഒതുങ്ങി.

നിലവില്‍ 15 എം.എല്‍.എമാരില്‍ 12 പേരും ഹൂഡയ്ക്ക് ഒപ്പമാണ് എന്നതാണ് ഹൈക്കമാന്‍ഡിന് തലവേദനയുണ്ടാക്കുന്നത്. വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ ഹൂഡ ബി.ജെ.പിയിലേക്ക് പോകുമെന്നും ചിലര്‍ കരുതുന്നു. അതേസമയം, തന്റെ ഇംഗിതങ്ങള്‍ക്കൊത്ത് പാര്‍ട്ടി ചലിപ്പിക്കാനുള്ള വിലപേശലായി ഇതിനെ കാണുന്നവരുമുണ്ട്.

Next Story
Read More >>