പരദൂഷണം നിരോധിച്ച് ഫിലിപ്പീൻസ് മേയറുടെ ഉത്തരവ്

പരദൂഷണം ആരോഗ്യത്തിന് ഹാനികരം. ''നാട്ടിൽ പല തരത്തിലുള്ള പരദൂഷണങ്ങളാണ് പരക്കുന്നത്. ഇതിൽ തന്നെ ബന്ധങ്ങൾ, പണമിടപാടുകൾ, സമ്പത്ത് മുതലായവയുമായി ബന്ധപ്പെട്ട പരദൂഷണങ്ങളോട് ആളുകൾക്ക് ഒരു പ്രത്യേക താൽപര്യമാണ്.'' മേയർ ഗൈക്കോ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

പരദൂഷണം നിരോധിച്ച് ഫിലിപ്പീൻസ് മേയറുടെ ഉത്തരവ്Photo : Aaron Favila/AP

മനില: ദിവസത്തിൽ ഒരു നേരമെങ്കിലും മറ്റൊരാളെക്കുറിച്ച് കുറ്റം പറയാത്തവർ വളരെ അപൂർവ്വമായിരിക്കും. എന്നാൽ ഇനി ആ ദുശീലം വേണ്ടെന്നാണ് ഫിലിപ്പീൻസിന്റെ തീരുമാനം. ചൂട് കനക്കുമ്പോൾ ഫിലിപ്പീൻസിലെ കൊച്ചുഗ്രാമമായ ബിനലോനനിലെ നിവാസികൾ പലരും തണൽ മരങ്ങൾക്കരികിൽ ഒത്തുകൂടിയിരുന്നു. അവിടെയിരുന്ന് അവർ അയൽക്കാരുടെ ജീവിതത്തെക്കുറിച്ചും മകൾ വിവാഹ ബന്ധം വേർപെടുത്തിയതിനെക്കുറിച്ചും നാട്ടിലെ കുപ്രസിദ്ധ വസ്തുതർക്കങ്ങളെക്കുറിച്ചുമെല്ലാം സ്വന്തം നിഗമനങ്ങൾ പറയും. അയൽവാസിയായ സ്ത്രീകളുടെ സ്വഭാവദൂഷ്യത്തെ കുറിച്ച് ആവേശത്തോടെയും അവജ്ഞയോടെയും പിറുപിറുക്കും. വെയിലാറുന്നത് വരെ പറയാനും കേൾക്കാനും സുഖമുള്ള ഇത്തരം സൊറപറച്ചിലുകൾ തുടരും. എന്നാൽ ഈ പരദൂഷണം ഇനി ഈ നാട്ടിൽ നടപ്പില്ല എന്ന് വ്യക്തമാക്കി ഔദ്യോഗിക ഉത്തരവിറക്കുകയാണ് ഇപ്പോൾ ബിനലോനനിൽ മേയർ റെമോണ്‍ ഗൈക്കോ മൂന്നാമൻ.

ഗ്രാമത്തിന്റെ പ്രദേശിക ഭരണകൂടത്തിന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെയാണ് മേയർ ഇത്തരമൊരു പരദൂഷണ നിരോധന ഓർഡിനൻസ് പുറത്തിറക്കുന്നത്. വട്ടം കൂടി ഇരുന്നുള്ള ഇത്തരം പിറുപിറുക്കലുകൾ നാട്ടിൽ ഇനിമേൽ നിയമവിരുദ്ധമായിരിക്കുമെന്നും ഓർഡിനൻസ് അനുസരിക്കാത്തവർ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമാണ് മേയർ വ്യക്തമാക്കുന്നത്. ''നാട്ടിൽ പല തരത്തിലുള്ള പരദൂഷണങ്ങളാണ് പരക്കുന്നത്. ഇതിൽ തന്നെ ബന്ധങ്ങൾ, പണമിടപാടുകൾ, സമ്പത്ത് മുതലായവയുമായി ബന്ധപ്പെട്ട പരദൂഷണങ്ങളോട് ആളുകൾക്ക് ഒരു പ്രത്യേക താൽപര്യമാണ്.'' മേയർ ഗൈക്കോ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇന്നാട്ടിലുള്ളവരൊക്കെ ധാർമികമായി ഉയർന്ന ആളുകളാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായാണ് ഇത്തരത്തിൽ പരദൂഷണ നിരോധന ബിൽ പാസ്സാക്കുന്നതെന്നാണ് മേയറുടെ വാദം.

ആദ്യ ഘട്ടത്തിൽ ഉത്തരവ് ലംഘിക്കുന്നവർക്ക് മൂന്നു യൂറോ പിഴ( ഏകദേശം 230 രൂപ) ആണ് ശിക്ഷ. പരദൂഷണം ആവർത്തിക്കുകയാണെങ്കിൽ 15 യൂറോ ( 1171 രൂപ ) പിഴ ചുമത്താനുള്ള അധികാരവും പ്രാദേശിക ഭരണകൂടത്തിനുണ്ടാകും. പരദൂഷണത്തെ നിയമം മൂലം നിരോധിക്കുന്നത് ഗ്രാമവാസികളുടെ ജീവിതനിലവാരം വർദ്ധിപ്പിക്കുമെന്നാണ് പ്രാദേശിക ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഗ്രാമത്തെയാകെ പരിഷ്‌കരിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ് ‌ നിരോധനം ഏർപ്പെടുത്തുന്നതെന്ന് അധികാരികൾ അവകാശപ്പെടുന്നു. അതുകൊണ്ട് ഇനിമുതൽ ബിനലോനനിൽ പരദൂഷണം ആരോഗ്യത്തിന് ഹാനികരം.

Read More >>