രാജീവ് അനുസ്മരണത്തില്‍ ആഞ്ഞടിച്ച് മന്‍മോഹന്‍; അസഹിഷ്ണുതയും സാമുദായിക ധ്രുവീകരണവും രാജ്യത്തെ തകര്‍ക്കും

ഇത് ഇന്ത്യയെ വിഭജിക്കാന്‍ മാത്രമേ സഹായകരമാകൂ എന്നും സിങ് മുന്നറിയിപ്പ് നല്‍കി.

രാജീവ് അനുസ്മരണത്തില്‍ ആഞ്ഞടിച്ച് മന്‍മോഹന്‍; അസഹിഷ്ണുതയും സാമുദായിക ധ്രുവീകരണവും രാജ്യത്തെ തകര്‍ക്കും

ന്യൂഡല്‍ഹി: വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയും സാമുദായിക ധ്രുവീകരണവും രാജ്യഘടനയെ തന്നെ തകര്‍ക്കുമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. ഇത് ഇന്ത്യയെ വിഭജിക്കാന്‍ മാത്രമേ സഹായകരമാകൂ എന്നും സിങ് മുന്നറിയിപ്പ് നല്‍കി.

'കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അസ്വസ്ഥപ്പെടുത്തുന്ന ചില പ്രവണതകള്‍ക്കാണ് രാജ്യം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുത, സാമുദായിക ധ്രുവീകരണം, വിദ്വേഷക്കൊല, ആള്‍ക്കൂട്ട ആക്രമണം എന്നിവയാണ് ഈ പ്രവണതകള്‍. ഇത് നമ്മുടെ രാജ്യഘടനയെ തകര്‍ക്കുകയേ ഉള്ളൂ' - ഡോ.സിങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷികത്തിലാണ് നരേന്ദ്രമോദി സര്‍ക്കാറിനെതിരെ അദ്ദേഹം പരോക്ഷമായി രൂക്ഷവിമര്‍ശനം നടത്തിയത്. സമാധാനവും സാമുദായിക സൗഹാര്‍ദ്ദവും ഉറപ്പുവരുത്താനായി രാജീവിന്റെ മാര്‍ഗ്ഗം പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജീവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖ നേതാക്കള്‍ ആദരങ്ങളര്‍പ്പിച്ചു. അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രാജീവിന്റെ ജന്മസ്ഥലമായ വീര്‍ഭൂമിയിലെത്തി ആദരങ്ങള്‍ അര്‍പ്പിച്ചു. രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Read More >>