ബി.ജെ.പിക്ക് കെജ്‌രിവാള്‍ പേടി, സുനില്‍ യാദവിനെ മാറ്റുന്നു- നേരിടാന്‍ മറ്റൊരാള്‍

രണ്ടാമത് പുറത്തിറക്കിയ പട്ടികയിലാണ് യുവമോര്‍ച്ച പ്രസിഡണ്ടായ സുനില്‍ യാദവിന്റെ പേര് ഇടംപിടിച്ചിരുന്നത്.

ബി.ജെ.പിക്ക് കെജ്‌രിവാള്‍ പേടി, സുനില്‍ യാദവിനെ മാറ്റുന്നു- നേരിടാന്‍ മറ്റൊരാള്‍

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നേരിടാന്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാതെ ബി.ജെ.പി. നിലവില്‍ പ്രഖ്യാപിച്ച സുനില്‍ യാദവിനെ മാറ്റി മറ്റൊരാളെ നിര്‍ത്താനാണ് ആലോചനയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാമത് പുറത്തിറക്കിയ പട്ടികയിലാണ് യുവമോര്‍ച്ച പ്രസിഡണ്ടായ സുനില്‍ യാദവിന്റെ പേര് ഇടംപിടിച്ചിരുന്നത്. എന്‍.എസ്.യു മുന്‍ ദേശീയ അദ്ധ്യക്ഷന്‍ റൊമേഷ് സബര്‍വാളാണ് കെജ്‌രിവാളിനെതിരെ അങ്കത്തിനിറങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഛി.

സുനില്‍ യാദവിന് പുറമേ സ്ഥാനാര്‍ഥി പട്ടികയില്‍ യുവ സാന്നിധ്യമായി ഡല്‍ഹി ബിജെപി വക്താവ് തജീന്ദ്രപാല്‍ സിങ്, മനീഷ് സിങ് എന്നിവരും രണ്ടാം സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചു.

57 പേരടങ്ങിയ സ്ഥാനാര്‍ഥി പട്ടികയാണ് ആദ്യ ഘട്ടത്തില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പ്രഖ്യാപിച്ചിരുന്നത്. എഴുപത് മണ്ഡലങ്ങളില്‍ ഇനി ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ ഘടക കക്ഷിയായ എല്‍ജെപിക്കും ജെഡിയുവിനും ശിരോമണി അകാലി ദളിനും നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഇത്തവണ എന്‍ഡിഎയ്ക്കൊപ്പം തിരഞ്ഞെടുപ്പിനില്ലെന്ന് തിങ്കളാഴ്ച അകാലി ദള്‍ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ്. പതിനൊന്നിനാണ് ഫലപ്രഖ്യാപനം.

Read More >>