സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രൂക്ഷമായ വിലക്കയറ്റം; ചില്ലറ പണപ്പെരുപ്പം മൂന്നു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രൂക്ഷമായ വിലക്കയറ്റം; ചില്ലറ പണപ്പെരുപ്പം മൂന്നു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ രാജ്യം രൂക്ഷമായ വിലക്കയറ്റത്തിലേക്ക്. കേന്ദ്ര സ്ഥിതി വിവര മന്ത്രാലയം വ്യാഴാഴ്ച വൈകിട്ട് പുറത്തു വിട്ട കണക്കു പ്രകാരം നവംബറില്‍ ഉപഭോക്തൃ സൂചികകളെ അടിസ്ഥാനമാക്കിയുള്ള ചില്ലറ വില്‍പ്പന മേഖലയിലെ പണപ്പെരുപ്പം 5.54 ശതമാനമാണ്. ഒക്ടോബറിലെ 4.62 ശതമാനത്തില്‍ നിന്നാണ് ഇത് ഏകദേശം ആറു ശതമാനത്തിലേക്കെത്തിയത്. 2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഭക്ഷ്യവിലപ്പെരുപ്പം (നഗരവും ഗ്രാമവും) നവംബറില്‍ 10.1 ശതമാനത്തിലെത്തിയിട്ടുണ്ട്. ഒക്ടോബറില്‍ ഇത് 7.89 ശതമാനം മാത്രമായിരുന്നു.

അവശ്യസാധനങ്ങളുടെ വന്‍ വിലക്കയറ്റമാണ് പണപ്പെരുപ്പത്തില്‍ പ്രതിഫലിച്ചത്. സെപ്തംബറില്‍ മാത്രം ഉള്ളിവിലയില്‍ 45.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒക്ടോബറില്‍ 19.6 ശതമാനം വര്‍ദ്ധനയും.

ഒക്ടോബറില്‍ 26 ശതമാനമായിരുന്ന വിലക്കയറ്റം നവംബറില്‍ 36 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഭവന വിലപ്പെരുപ്പം 4.58 ല്‍ നിന്ന് 4.49 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഓഗസ്റ്റില്‍ ചേര്‍ന്ന ആര്‍.ബി.ഐയുടെ ധന വായ്പാവലോകന സമിതി സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ പണപ്പെരുപ്പം 3.5-3.7 ശതമാനമാണ് നിശ്ചയിച്ചിരുന്നത്. ഒക്ടോബറില്‍ ഇത് 5.7-4.1 ശതമാനമാക്കി പുതുക്കി നിശ്ചയിക്കുകയായിരുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പദത്തില്‍ ജി.ഡി.പി നിരക്കില്‍ ഇടിവു രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിലക്കയറ്റവും റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം പാദത്തില്‍ 4.5 ശതമാനമാണ് ജി.ഡി.പി. നിലവില്‍ ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ജി.ഡി.പി. 2018-19ല്‍ ഇതേ വേളയില്‍ 7.1 ശതമാനം വളര്‍ച്ച കൈവരിച്ച ഘട്ടത്തില്‍ നിന്നാണ് ജി.ഡി.പിയില്‍ കുത്തിനെയുള്ള ഇടിവുണ്ടാകുന്നത്.

ജി.ഡി.പിയിലെ ഒരു ശതമാനം വീഴ്ച ഒന്നര ലക്ഷം കോടിയുടെ ദേശീയ വരുമാനം ഇല്ലാതാക്കുകയും പത്തു ലക്ഷം പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തുകയും ചെയ്യും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇതു പരിഗണിക്കുമ്പോള്‍ ഒരു വര്‍ഷത്തിനിടെ മാത്രം മുപ്പത് ലക്ഷത്തിലേറെ ആളുകള്‍ക്കാണ് രാജ്യത്ത് തൊഴില്‍ നഷ്ടമായിട്ടുള്ളത്.

ജി.ഡി.പി കുറഞ്ഞപ്പോള്‍ തന്നെ നിര്‍മാണ വളര്‍ച്ചയില്‍ ഒരു ശതമാനവും വ്യവസായ വളര്‍ച്ചയില്‍ 0.46 ശതമാനവും മൈനസ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കാര്‍ഷിക വളര്‍ച്ചയില്‍ കൈവരിക്കാനായത് രണ്ടു ശതമാനം വളര്‍ച്ച മാത്രം.

എട്ട് കോര്‍ വ്യവസായ മേഖലയിലെ വളര്‍ച്ച താഴോട്ടു പോകുന്നത് സര്‍ക്കാറിന് തലവേദനയാണ്. ഇതില്‍ റിഫൈനറി, രാസവളം മേഖല മാത്രമാണ് പോസിറ്റീവ് വളര്‍ച്ച കാണിച്ചിട്ടുള്ളത്. യഥാക്രമം 0.4, 11.8 ശതമാനം. കല്‍ക്കരി മേഖലയില്‍ -17.6 ശതമാനവും അസംസ്‌കൃത എണ്ണയില്‍ 5.1 ശതമാനവും മൈനസ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രകൃതിവാതകത്തില്‍ -5.7ശതമാനം വളര്‍ച്ചയും ഉരുക്കില്‍ -1.6 ശതമാനം വളര്‍ച്ചയുമാണ് ഉണ്ടായത്. സിമന്റില്‍ അത് മൈനസ് 7.7 ശതമാനവും വൈദ്യുതി മേഖലയില്‍ മൈനസ് 12 ശതമാനവുമാണ്.

Read More >>