രാഹുല്‍ ശ്രീനഗറിലേക്ക് വിമാനം കയറി; കേന്ദ്രം തടയുമോ? തിരിച്ചയക്കുമോ? - ആശങ്ക

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങിയവരാണ് ഒപ്പമുള്ളത്.

രാഹുല്‍ ശ്രീനഗറിലേക്ക് വിമാനം കയറി; കേന്ദ്രം തടയുമോ? തിരിച്ചയക്കുമോ? - ആശങ്ക

ന്യൂഡല്‍ഹി: ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കശ്മീരിലേക്ക് വിമാനം കയറി. പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് രാഹുല്‍ വിമാന യാത്ര ആരംഭിച്ചത്.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങിയവരാണ് ഒപ്പമുള്ളത്.

അതിനിടെ, രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറണമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം. അതിര്‍ത്തിയിലെ തീവ്രവാദ ഭീഷണിയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന സമയത്ത് മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഈ സന്ദര്‍ശം ഒഴിവാക്കണം. കശ്മീരിലെ ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് പ്രധാന്യം നല്‍കുന്നതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

നേരത്തെ ഗുലാം നബി ആസാദ് രണ്ടു തവണ കശ്മീര്‍ സന്ദര്‍ശനത്തിന് ഒരുങ്ങിയിരുന്നെങ്കിലും വിമാനത്താവളത്തില്‍ വച്ച് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു. കശ്മീരിലെ അവസ്ഥ സാധാരണ ഗതിയിലായെന്ന് സര്‍ക്കാര്‍ പറയുന്നത് ശരിയാണെങ്കില്‍ എന്തിനാണ് ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ആസാദ് ചോദിച്ചു.

യാത്രയ്ക്ക് വിമാനം അയക്കാമെന്ന സത്യപാല്‍ മാലികിന്റെ പ്രസ്താവനയ്ക്ക മറുപടിയായി, യാത്രക്ക് വിമാനം വേണ്ടെന്നും സ്വതന്ത്രമായി യാത്രചെയ്യാനും ജനങ്ങളെയും പട്ടാളക്കാരെയും കാണാനും അനുവദിച്ചാല്‍ മതിയെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുല്‍ ഉപാധികള്‍ വെക്കുകയാണെന്നും പ്രശ്‌നമുണ്ടാക്കാന്‍ പ്രതിനിധിസംഘവുമായി വരുകയാണെന്നും ഇതിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ നിലപാടില്‍നിന്ന് പിറകോട്ടു പോയതിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. വാക്കില്‍ ഉറച്ചു നില്‍ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Next Story
Read More >>