ഏത് മുസല്‍മാനാണ് നിങ്ങളെ ഭയക്കുന്നത്? ഇന്ത്യയിലെ ഒരു മുസ്‌ലിമിനും ഭയമില്ല- അമിത് ഷായുടെ മുഖത്തു നോക്കി കപില്‍ സിബല്‍

ഈ റിപ്പബ്ലികിനെ രണ്ട് ദിനോസര്‍മാര്‍ ഭരിക്കുന്ന ജുറാസിക് പാര്‍ക്ക് ആക്കി മാറ്റരുതെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

ഏത് മുസല്‍മാനാണ് നിങ്ങളെ ഭയക്കുന്നത്? ഇന്ത്യയിലെ ഒരു മുസ്‌ലിമിനും ഭയമില്ല-  അമിത് ഷായുടെ മുഖത്തു നോക്കി കപില്‍ സിബല്‍

ന്യൂഡല്‍ഹി: പൗരത്വ ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ത്യയെന്ന ആശയത്തെ കുറിച്ച് ഒന്നുമറിയാത്തവര്‍ അതിനെ എങ്ങനെ സംരക്ഷിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.

പൗരത്വ നിയമങ്ങളെ കുറിച്ച കൃത്യമായാണ് ഭരണഘടന സംസാരിക്കുന്നത്. ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ മതം കാരണമാകരുത്. തന്റെ കുടുംബം ജനിച്ചത് പാകിസ്താനിലെ ലാഹോറിലാണ്. അവര്‍ ഇന്ത്യയിലെത്തും മുമ്പ് ഇവിടത്തെ പൗരന്മാരായിരുന്നില്ല. എന്നാല്‍ ഭരണഘടന പറയുന്നത് നിങ്ങള്‍ അവിഭക്ത ഇന്ത്യയിലാണ് ജനിച്ചത് എങ്കില്‍ നിങ്ങള്‍ ഇവിടത്തെ പൗരനാണ് എന്നാണ് - സിബല്‍ ചൂണ്ടിക്കാട്ടി.

' തുടക്കത്തില്‍ നിങ്ങള്‍ (അമിത് ഷാ) വളരെ അപകടകരമയൊരു കാര്യം പറഞ്ഞു, 'ഇവിടെയുള്ള മുസ്‌ലിംകളൊന്നും ഭയക്കേണ്ടതില്ല'എന്ന്. ഇവിടെയുള്ള ഏത് മുസ്‌ലിമാണ് നിങ്ങളെ ഭയക്കാന്‍ പോവുന്നത് എന്നാണ് നിങ്ങള്‍ കരുതിയിരിക്കുന്നത്? ഹിന്ദുസ്ഥാനിലെ ഒരു മുസ്ലിമും നിങ്ങളെ ഭയക്കുന്നില്ല. ഈ രാജ്യത്തെ പൗരത്വമുള്ള ഞാനോ മുസ്‌ലിംകളോ നിങ്ങളെ തെല്ലും പേടിക്കുന്നില്ല' - സിബല്‍ വ്യക്തമാക്കി.

മതാടിസ്ഥാനത്തിലുള്ള വിഭജനം കോണ്‍ഗ്രസ് അംഗീകരിച്ചില്ലായിരുന്നു എങ്കില്‍ പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന ഷായുടെ പ്രസ്താവനയെയും സിബല്‍ പരിഹസിച്ചു.

'ഏതു ചരിത്രപുസ്തകമാണ് ആഭ്യന്തര മന്ത്രി വായിച്ചത് എന്നു മനസ്സിലാകുന്നില്ല. ദ്വിരാഷ്ട്ര സിദ്ധാന്തം ഞങ്ങളുടേതല്ല. അത് സവര്‍ക്കറുടേതാണ്. ആഭ്യന്തര മന്ത്രി ആ ആരോപണം പിന്‍വലിക്കണം. കോണ്‍ഗ്രസ് വിശ്വസിക്കുന്നത് നിങ്ങള്‍ക്ക് വിശ്വാസമില്ലാത്ത ഒറ്റ രാജ്യത്തിലാണ്' - സിബല്‍ കൂട്ടിച്ചേര്‍ത്തു.

'2014 മുതല്‍ നിങ്ങളുടെ ലക്ഷ്യമെന്താണെന്ന് കൃത്യമായി അറിയാം. ആദ്യം ഘര്‍വാപ്പസി, ചിലപ്പോള്‍ ലവ് ജിഹാദ്, മറ്റു ചിലപ്പോള്‍ ട്രിപ്പിള്‍ തലാഖ്, പിന്നെ എന്‍. ആര്‍. സി, ചിലപ്പോള്‍ 370.. ഈ രാജ്യത്ത് ആരൊക്കെ ജീവിക്കണമെന്നും ജീവിക്കേണ്ടയെന്നും പേര് നോക്കി തീരുമാനിക്കുകയാണ് നിങ്ങള്‍' - അദ്ദേഹം പറഞ്ഞു.

ഈ റിപ്പബ്ലികിനെ രണ്ട് ദിനോസര്‍മാര്‍ ഭരിക്കുന്ന ജുറാസിക് പാര്‍ക്ക് ആക്കി മാറ്റരുതെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

Read More >>