സി.എ.എ: കേന്ദ്രത്തിന് നല്‍കിയ സമയം അവസാനിച്ചിട്ടും കേസ് വീണ്ടും പരിഗണനയ്ക്ക് എടുക്കാതെ സുപ്രിംകോടതി

അഞ്ചാം ആഴ്ചയിലെ മിസെല്ലാനിയസ് അല്ലാത്ത ഒരു ദിനം ഹര്‍ജി പരിഗണിക്കും എന്നാണ് അറിയിച്ചിരുന്നത്

സി.എ.എ: കേന്ദ്രത്തിന് നല്‍കിയ സമയം അവസാനിച്ചിട്ടും കേസ് വീണ്ടും പരിഗണനയ്ക്ക് എടുക്കാതെ സുപ്രിംകോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി (സി.എ.എ) ബന്ധപ്പെട്ട ഹര്‍ജികള്‍ വീണ്ടും പരിഗണനയ്ക്ക് എടുക്കാതെ സുപ്രിംകോടതി. നേരത്തെ കോടതി നല്‍കിയ സമയം ഇന്നാണ് അവസാനിക്കുന്നത്. ജനുവരി 22ന് ഹര്‍ജികള്‍ പരിഗണിച്ച കോടതി നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. സി.എ.എ കേസുകള്‍ ഹൈക്കോടതികള്‍ പരിഗണിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

അഞ്ചാം ആഴ്ചയിലെ മിസെല്ലാനിയസ് അല്ലാത്ത ഒരു ദിനം ഹര്‍ജി പരിഗണിക്കും എന്നാണ് അറിയിച്ചിരുന്നത്. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ആണ് കോടതിയുടെ മിസെല്ലാനിയസ് ദിനം. അതല്ലാത്ത അവസാന ദിനം വ്യാഴാഴ്ചയാണ്. കോടതി നേരത്തെ അറിയിച്ചിരുന്നത് പ്രകാരം ഇന്നെങ്കിലും ഹര്‍ജികള്‍ പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല.

പരിഗണനയ്ക്കു വന്ന 140 ല്‍ 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി കേസ് നീട്ടിവച്ചിരുന്നത്. ആറാഴ്ചയാണ് അറ്റോര്‍ണി ജനറല്‍ ചോദിച്ചത്. കോടതി അനുവദിച്ചത് നാലാഴ്ചയും.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജനുവരി 22ന് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കിയിരുന്നു. സി.എ.എ അനുകൂലിച്ചും എതിര്‍ത്തും 144 ഹര്‍ജികളാണ് കോടതിക്കു മുമ്പാകെയുള്ളത്.

ഡിസംബര്‍ 18നാണ് ഹര്‍ജികളില്‍ പ്രാഥമിക വാദം കേട്ടിരുന്നത്. പിന്നീട് വിഷയം ജനുവരി രണ്ടാം വാരത്തിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

Next Story
Read More >>