ഭയാനകമായിരുന്നു ആ കാഴ്ചകള്‍; ബാബരി മസ്ജിദ് ധ്വംസനം റിപ്പോര്‍ട്ട് ചെയ്ത ബി.ബി.സി റിപ്പോര്‍ട്ടര്‍ ഓര്‍ത്തെടുക്കുന്നു

കര്‍സേവകര്‍ അല്ലാതെ ബാബരി മസ്ജിദ് തകര്‍ക്കുന്നത് കണ്ട അപൂര്‍വ്വം ചിലരേ ഉള്ളൂ.

ഭയാനകമായിരുന്നു ആ കാഴ്ചകള്‍; ബാബരി മസ്ജിദ് ധ്വംസനം റിപ്പോര്‍ട്ട് ചെയ്ത ബി.ബി.സി റിപ്പോര്‍ട്ടര്‍ ഓര്‍ത്തെടുക്കുന്നു

ബാബരി മസ്ജിദ് തകര്‍പ്പെട്ടതിന്റെ ഓര്‍മ ദിനമാണ് ഇന്ന്. 1992 ഡിസംബര്‍ ആറിനാണ് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ നിര്‍മിച്ചെന്ന് കരുതപ്പെടുന്ന മുസ്‌ലിം പള്ളി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന വന്ന തീവ്രഹൈന്ദവ വാദികളായ കര്‍സേവര്‍ തകര്‍ത്തത്.

ബാബരിയുടെ തകര്‍ച്ചയ്ക്ക് ശേഷം ഉത്തരേന്ത്യയില്‍ കലാപങ്ങളുടെ നീണ്ട നിര തന്നെയുണ്ടായി. രണ്ടായിരത്തിലേറെ പേര്‍ അതില്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും ബാബരിക്ക് നിര്‍ണായക സ്ഥാനമുണ്ടായി. ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചാണ് തീവ്ര വലതുപക്ഷ രാഷ്ട്രീയം ഇന്ത്യയില്‍ വേരുറപ്പിച്ചത്.

കര്‍സേവകര്‍ അല്ലാതെ ബാബരി മസ്ജിദ് തകര്‍ക്കുന്നത് കണ്ട അപൂര്‍വ്വം ചിലരേ ഉള്ളൂ. അതില്‍ മിക്കവരും മാദ്ധ്യമപ്രവര്‍ത്തകരാണ്. അന്ന്, അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി റേഡിയോയുടെ ഡല്‍ഹി ബ്യൂറോ ചീഫ് മാര്‍ക് ടള്ളിയും ആ കാഴ്ച കണ്ടിട്ടുണ്ട്. അദ്ദേഹം ഹഫിങ്ടണ്‍ പോസ്റ്റ് പ്രതിനിധിയുമായി സംസാരിച്ചതില്‍ നിന്ന്

' പള്ളി പൊളിക്കുന്നതിന് ഒരു ദിവസം മുമ്പാണ് അയോദ്ധ്യയില്‍ എത്തിയത്. കര്‍സേവര്‍ ഉണ്ടാക്കിയ ധാരാളം ക്യാമ്പുകള്‍ പോയിക്കണ്ടു. ഒരു മാദ്ധ്യമ വിരുദ്ധ വികാരം അവിടെ ഉണ്ടായിരുന്നു. കാരണം നേരത്തെ നടന്ന കലാപത്തിന്റെ ദൃശ്യങ്ങള്‍ ബി.ബി.സി ഒരു വാര്‍ത്തയില്‍ കാണിച്ചിരുന്നു. അത് ആര്‍ക്കൈവ്‌സില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന് ബി.ബി.സി പറഞ്ഞിരുന്നില്ല. ആ സമയത്തുണ്ടായ കലാപം എന്നാണ് തോന്നുക. അപ്പോള്‍ കലാപമൊന്നുമുണ്ടായിരുന്നില്ല. എന്തായാലും മാദ്ധ്യമങ്ങള്‍ക്കെതിരെ ഒരു വികാരം, പ്രത്യേകിച്ചും ബി.ബി.സിക്കെതിരെ അന്തരീക്ഷത്തില്‍ നിലനിന്നിരുന്നു.

ആര്‍ക്കൈവ്‌സ് ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്യുന്നത് എന്ന് പറയാതിരുന്നത് ഒരു തെറ്റു തന്നെ ആയിരുന്നു. മാദ്ധ്യമങ്ങള്‍ക്കെതിരെ ശക്തമായ വികാരം ഉള്ളതു കൊണ്ട് ചിലതു ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അദ്വാനി എവിടെ എന്ന് കണ്ടു പിടിക്കാനായി ശ്രമം. ലഖ്‌നോയില്‍ ആയിരുന്നതു കൊണ്ട് അദ്ദേഹത്തെ കിട്ടിയില്ല. അടുത്തത് ഏതെങ്കിലും ആര്‍.എസ്.എസുകാരനെ (നേതാവ്) കണ്ടെത്തുക എന്നതായിരുന്നു.

മാദ്ധ്യമങ്ങളെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് അപകടകരമാണ് എന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പള്ളി പൊളിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമായിരുന്നു അത്. ആര്‍.എസ്.എസ്് അച്ചടക്കമുള്ള സംഘടനയാണ് എന്ന് അദ്വാനി നേരത്തെ എന്നോട് പറഞ്ഞത് എന്റെ മനസ്സിലുണ്ടായിരുന്നു. ഒന്നും സംഭവിക്കില്ലെന്ന് സുപ്രിംകോടതിക്ക് ഞങ്ങള്‍ വാഗ്ദാനം നല്‍കിയതാണ്് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒന്നും സംഭവിച്ചേക്കില്ല എന്ന ധാരണയില്‍ ഞാന്‍ നിന്നു.

രാവിലെ ഫൈസാബാദില്‍ നിന്ന് അയോദ്ധ്യയിലെത്തിയപ്പോള്‍ എല്ലാം തുടങ്ങിക്കഴിഞ്ഞിരുന്നു. ചടങ്ങുകള്‍ നടക്കുന്ന സ്ഥലം കാണാവുന്ന ഒരു കെട്ടിടത്തിലായിരുന്നു ഞാന്‍. ചടങ്ങുകള്‍ കണ്ടു. അതിനു താഴെ തലയില്‍ കാവി ബാന്‍ഡുകള്‍ കെട്ടിയ കുറെ ചെറുപ്പക്കാരും. വരുന്ന ജനത്തെ അവര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തടസ്സങ്ങള്‍ തകര്‍ത്ത് ജനം ഇടിച്ചു കയറി. ഞങ്ങള്‍ നിന്നിരുന്ന ഇടതുഭാഗത്ത് ഒരു സംഘം പള്ളിക്കു നേരെ നീങ്ങുന്നത് കണ്ടു. അവര്‍ ആദ്യത്തെ പൊലീസ് പ്രതിരോധം തകര്‍ത്തു. പൊലീസ് എതിര്‍ത്തില്ല. പിന്നീട് ആളുകളേക്കാള്‍ വേഗത്തില്‍ പൊലീസ് അവിടെ നിന്ന് ഓടുകയായിരുന്നു. പിന്നെ പൊലീസേ ഇല്ലാതായി. അവിടെ മൂന്ന് പൊലീസ് സംഘമാണ് ഉണ്ടായിരുന്നത്. പുറത്തും മദ്ധ്യത്തിലും അകത്തും. സാധാരണഗതിയില്‍ ചെറിയ പ്രതിരോധം ഉണ്ടാകേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല.

പൊലീസ് ഓടി. ജനം സംഘം ചേര്‍ന്ന് പള്ളിയില്‍ കയറാന്‍ തുടങ്ങി. അവര്‍ പത്രക്കാരെ തൊഴിക്കുന്നുണ്ടായിരുന്നു. ക്യാമറകള്‍ തകര്‍ത്തു. സ്റ്റോറി പുറത്തു പോകുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഞാന്‍ എന്റെ ഓഫീസ് കാറില്‍ ഫൈസാബാദിലേക്ക് രക്ഷപ്പെട്ടു. ഫോണ്‍ വഴി ലണ്ടനിലേക്ക് സ്‌റ്റോറി നല്‍കാന്‍.

ഒരു പോസ്റ്റ് ഓഫീസില്‍ നിന്നാണ് വാര്‍ത്ത വിളിച്ചു പറഞ്ഞത്. അതൊരു പബ്ലിക് ഫോണായിരുന്നു. വിളിച്ചു പറഞ്ഞ ശേഷം തിരിച്ചു വരാനായി ശ്രമം. അവിടെ വച്ച് ജന്‍സത്തയുടെ എഡിറ്റര്‍ ശുക്ലയെ കാണാന്‍ ഇടയായി. അവരുടെ ഭാര്യയും മറ്റൊരു മാദ്ധ്യമപ്രവര്‍ത്തകനും, ഞങ്ങള്‍ എല്ലാം തിരിച്ചു പോകാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ കാറില്‍ പോകാം എന്നായിരുന്നു ആലോചന. മെയിന്‍ റോഡിലെത്തിയപ്പോള്‍ സി.ആര്‍.പി.എഫ് സംഘത്തെ കണ്ടു.

പള്ളിക്ക് അടുത്തെത്തിയപ്പോള്‍ കര്‍സേവകര്‍ ഞങ്ങളെ വളഞ്ഞു. എനിക്കു നേരെ നോക്കി അട്ടഹസിച്ചു. തൃശൂലം കൊണ്ട് എന്നെ തടവിയായിരുന്നു ഞങ്ങളോടുള്ള സംസാരം. ചിലര്‍ക്ക് എന്നെ തല്ലണമായിരുന്നു. ചിലര്‍ അതു തടഞ്ഞു. അത് പ്രശ്‌നമാകും എന്നായിരുന്നു അവര്‍ പറഞ്ഞത്. ഒടുവില്‍ എന്നെ പൂട്ടിയിടാനുള്ള ഒത്തുതീര്‍പ്പിലെത്തി. ഇസ്‌കോ ബന്ദ് കരോ എന്നാണ് പറഞ്ഞത്. അവര്‍ എന്ന ക്ഷേത്രത്തിന്റെ ധര്‍മശാലാ ഭാഗത്തെത്തിച്ചു. എന്നിട്ട് എന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടു. ഈ സമയം ഞങ്ങള്‍ക്ക് നിങ്ങളോട് പ്രശനങ്ങള്‍ ഒന്നുമില്ലെന്ന് ശുക്ലയും മറ്റുള്ളവരും കര്‍സേവകരോട് പറയുന്നത് കേള്‍ക്കാമായിരുന്നു. എന്നെ പുറത്തുവിടാതെ പോകില്ലെന്ന് ശുക്ല നിര്‍ബന്ധം പിടിച്ചു. ഇതോടെ കര്‍സേവകര്‍ അവരെയും മുറിയിലിട്ടു പൂട്ടി.

പൊലീസൊന്നും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരുദ്യോഗസ്ഥന്‍ അവിടെ ഉണ്ടായിരുന്നു. എസ്.ഡി.എം റാങ്കിലുള്ള യു.പിയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍. ഞങ്ങളെ പൂട്ടിയിട്ടത് അദ്ദേഹം അറിഞ്ഞു. അദ്ദേഹം അടുത്ത ക്ഷേത്രത്തിലെ പൂജാരിയെ കണ്ട് ഞങ്ങളെ പുറത്തുവിടാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങളെ മറ്റൊരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് ഒരു കൂറ്റന്‍ സി.ആര്‍.പി.എഫ് ലോറി കണ്ടത്. എല്ലാ പത്രക്കാരെയും ആ ലോറിയിലെത്തിച്ചു. പത്രക്കാര്‍ ചിതറിത്തെറിച്ചിരുന്നു. ചിലര്‍ ഒളിച്ചിരിക്കുകയായിരുന്നു. എല്ലാവരെയും എടുത്ത് സി.ആര്‍.പി.എഫ് ലോറിയിലേക്ക്് മാറ്റി.

ഞാന്‍ മാത്രമായിരുന്നില്ല അത് കണ്ട വിദേശ ജേര്‍ണലിസ്റ്റ്. മറ്റു പലരും ഉണ്ടായിരുന്നു. അവിടത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ല എന്ന് പുറംലോകത്തെ അറിയിച്ച ആദ്യ മാദ്ധ്യമപ്രവര്‍ത്തകന്‍ ഒരു പക്ഷേ ഞാനായിരിക്കും.

റേഡിയോ വഴിയാണ് ആ വാര്‍ത്ത പുറംലോകത്തെത്തിച്ചത്. ബി.ബി.സി റേഡിയോക്ക് വലിയ കേള്‍വിക്കാര്‍ ഇന്ത്യയിലുണ്ടായിരുന്നു. ഏഴു മണിയാണ് അന്ന് ഇന്ത്യക്കാരുടെ ഏറ്റവും വലിയ കേള്‍വി സമയം. ലോകത്തെ പലഭാഗത്തു നിന്നുമുള്ള കറസ്‌പോണ്ടന്റുമാര്‍ റേഡിയോ ന്യൂസ് റീല്‍ എന്ന ഈ പരിപാടിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അയോദ്ധ്യ പോലൊരു സ്‌റ്റോറി നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. അത് അചിന്തനീയമായിരുന്നു'

രാഷ്ട്രീയവും മതവും കൂടിക്കുഴഞ്ഞൊരു കേസാണിതെന്ന് ടള്ളി പറയുന്നു. ഹിന്ദു ദേശീയത ഉണര്‍ത്താനായി ബി.ജെ.പിയാണ് ഇതിനെ പ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നത്. സ്വത്തു തര്‍ക്കമോ, ഭൂമി തര്‍ക്കമോ എന്തു തന്നെ ആവട്ടെ, മൗലികമായി രാഷ്ട്രീയകാര്യങ്ങള്‍ക്കായി ഉയര്‍ത്തിയ വിഷയമാണിത്. അതിനോട് മുസ്‌ലിംകളുടെ പ്രതികരണവുമുണ്ടായി- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്തയ്ക്ക്് കടപ്പാട്- ഹഫിങ്ടണ്‍ പോസ്റ്റ്

Next Story
Read More >>