കശ്മീർ വിഭജനത്തിന് പിന്തുണ; ദംഗലിലെ 'ഗുസ്തിക്കാരി'യും പിതാവും ബി.ജെ.പിയിൽ

ബബിത നേരത്തെ ഹരിയാനയിലെ ബി.ജെ.പി സർക്കാറിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു

കശ്മീർ വിഭജനത്തിന് പിന്തുണ; ദംഗലിലെ ഗുസ്തിക്കാരിയും പിതാവും ബി.ജെ.പിയിൽ

ന്യൂഡൽഹി: അമീർ ഖാന്റെ സൂപ്പർഹിറ്റ് ചിത്രമായ ദംഗലിലൂടെ ഏവർക്കും പ്രചോദനമായ ഇന്ത്യൻ വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീർ ഫോഗട്ടും ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും ബി.ജെ.പിയിൽ അംഗത്വമെടുത്തത്.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതും കശ്മീരിനെ വിഭജിച്ചതിലും പിന്തുണച്ചാണ് ഇരുവരും ബി.ജെ.പിയിൽ ചേർന്നത്. ഹരിയാനയിലെ ബി.ജെ.പി സർക്കാറിനെയും ഇരുവരും പുകഴ്ത്തി.

2019ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അജയ് സിങ് ചൗതാലയുടെ ജൻനായക് ജനതാ പാർട്ടിയിൽ അംഗത്വമെടുത്തിരുന്നു. പാർട്ടിയുടെ സ്‌പോർട്‌സ് സെൽ തലവന്റെ ചുമതല നൽകിയെങ്കിലും മത്സരിക്കാൻ സീറ്റ് നൽകിയിരുന്നില്ല.

ഡെപ്യൂട്ടി എസ്.പിയാക്കി ഉയർത്തിയില്ലെന്നാരോപിച്ച് ബബിത നേരത്തെ ഹരിയാനയിലെ ബി.ജെ.പി സർക്കാറിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവായ ബബിതക്ക് സബ് ഇൻസ്‌പെക്ടർ പോസ്റ്റാണ് ഹരിയാന സർക്കാർ നൽകിയിരുന്നത്. ബബിതയുടെ ഹർജി കോടതി തള്ളിയതിനെ തുടർന്ന് അവർ ജോലി രാജിവച്ചു.

മറ്റൊരു ഗുസ്തി താരം ഗീതാ ഫോഗട്ടാണ് ബബിതയുടെ സഹോദരി. ദ്രോണാചാര്യ പുരസ്‌കാര ജേതാവാണ് മഹാവീർ ഫോഗട്ട്. അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Story by
Read More >>