മോദിയുടെ പ്രഖ്യാപനത്തെ ജയ് ശ്രീറാം വിളിച്ച് വരവേറ്റ് ബി.ജെ.പി അംഗങ്ങള്‍- അയോദ്ധ്യ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാകുന്നത് 67.703 ഏക്കര്‍ ഭൂമി

ട്രസ്റ്റില്‍ ദളിത് അംഗം അടക്കം 15 പേര്‍ ഉണ്ടാകുമെന്നാണ് സൂചന.

മോദിയുടെ പ്രഖ്യാപനത്തെ ജയ് ശ്രീറാം വിളിച്ച് വരവേറ്റ് ബി.ജെ.പി അംഗങ്ങള്‍- അയോദ്ധ്യ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാകുന്നത് 67.703 ഏക്കര്‍ ഭൂമി

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ക്ഷേത്രം പണിയാനുള്ള ട്രസ്റ്റ് രൂപീകരണ പ്രഖാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് ജയ് ശ്രീറാം വിളികള്‍ക്കിടെ. പാര്‍ലമെന്റില്‍ ബുധനാഴ്ച രാവിലെ 11.09നാണ് മോദി പ്രസംഗിക്കനായി എണീറ്റത്.

തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു വിഷയം ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് മോദി തുടങ്ങിയത്. പിന്നീടാണ് അപ്രതീക്ഷിതമായി ക്ഷേത്ര ട്രസ്റ്റ് രൂപീകരണം പ്രഖ്യാപിച്ചത്.

'അയോദ്ധ്യയിലെ രാമക്ഷേത്ര വികസനത്തിനായി ഞങ്ങള്‍ ഒരു പദ്ധതി തീരുമാനിച്ചിട്ടുണ്ട്. ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചു' - എന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. അയോദ്ധ്യയിലെ സുപ്രിം കോടതി വിധി പക്വതയോടെ സ്വീകരിച്ച ഇന്ത്യയ്ക്കാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ട്രസ്റ്റില്‍ ദളിത് അംഗം അടക്കം 15 പേര്‍ ഉണ്ടാകുമെന്നാണ് സൂചന. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സുപ്രിംകോടതി വിധിക്കു ശേഷം അയോദ്ധ്യ കാര്യങ്ങള്‍ക്കു മാത്രമായി ആഭ്യന്തര മന്ത്രാലയത്തില്‍ പ്രത്യേക ഡസ്‌ക് ആരംഭിച്ചിരുന്നു. അഡീഷണല്‍ സെക്രട്ടറി ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിനായിരുന്നു ഇതിന്റെ ചുമതല.

പള്ളി പണിയാനായി സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ സ്ഥലം നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നമുക്ക് ക്ഷേത്ര നിര്‍മാണത്തെ പിന്തുണയ്ക്കാം. നമ്മളെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇത് ഇന്ത്യയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന തത്വത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി ഒമ്പതിന് മുമ്പ് ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നതും എടുത്തു പറയേണ്ടതാണ്.

നവംബര്‍ ഒമ്പതിനാണ് ദശാബ്ദങ്ങള്‍ നീണ്ട അയോദ്ധ്യ സ്വത്തു തര്‍ക്കക്കേസില്‍ സുപ്രിംകോടതി അന്തിമ വിധി പറഞ്ഞത്. തര്‍ക്കഭൂമി ഹിന്ദു വിഭാഗത്തിന് വിട്ടു കൊടുക്കാനും മുസ്‌ലിം വിഭാഗത്തിന് അയോദ്ധ്യയിലെ മറ്റൊരിടത്ത് പള്ളി പണിയാനായി അഞ്ചേക്കര്‍ സ്ഥലം നല്‍കണമെന്നുമായിരുന്നു വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് നിര്‍ണായക വിധി പ്രസ്താവം നടത്തിയിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച അയോദ്ധ്യയിലെ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. പള്ളി തകര്‍ത്ത നടപടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Next Story
Read More >>