ഉള്ളി തിന്നാറില്ല, പിന്നെ എനിക്കെങ്ങനെ അതിന്റെ വിലയറിയും? നിര്‍മലയ്ക്ക് പിന്നാലെ ജനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അശ്വനി ചൗബേ

തീപിടിച്ച ഉള്ളിവിലയില്‍ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അശ്വിനി ചൗബേ.

ഉള്ളി തിന്നാറില്ല, പിന്നെ എനിക്കെങ്ങനെ അതിന്റെ വിലയറിയും? നിര്‍മലയ്ക്ക് പിന്നാലെ ജനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അശ്വനി ചൗബേ

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് പിന്നാലെ, തീപിടിച്ച ഉള്ളിവിലയില്‍ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അശ്വിനി ചൗബേ.

'ഞാന്‍ സസ്യബുക്കാണ്. ഉള്ളി രുചിച്ചിട്ടു പോലുമില്ല. പിന്നെ എങ്ങനെയാണ് എന്നെ പോലുള്ള ഒരാള്‍ക്ക് ഉള്ളിയുടെ വിപണി വില അറിയുക' - എന്നായിരുന്നു കേന്ദ്ര ആരാഗ്യ-കുടുംബ ക്ഷേമ സഹമന്ത്രിയുടെ ചോദ്യം.

ഉള്ളിവില വര്‍ദ്ധന സംബന്ധിച്ച് ലോക്സഭയില്‍ നടന്ന ചോദ്യോത്തര വേളയിലായിരുന്നു നിര്‍മലയുടെ അസാധാരണ മറുപടി. ഉള്ളി തന്റെ കുടുംബത്തിന്റെ ഭക്ഷണത്തില്‍ അവശ്യഘടകമല്ലെന്നും അതിനാല്‍ ഉള്ളി വില വര്‍ദ്ധന വ്യക്തിപരമായി തന്നെ ബാധിക്കില്ലെന്നും നിര്‍മല പറഞ്ഞു. 'ഞാന്‍ അധികം ഉള്ളിയും വെളുത്തുള്ളിയും കഴിക്കാറില്ല, അതു കൊണ്ട് ഒരു പ്രശ്നവുമില്ല, ഉള്ളി അധികം ഉപയോഗിക്കാത്ത വീട്ടില്‍ നിന്നാണ് ഞാന് വരുന്നത്' - എന്നായിരുന്നു അവരുടെ വാക്കുകള്‍.

നിര്‍മലയുടെ വാക്കുകള്‍ക്കെതിരെ മുന്‍ ധനമന്ത്രി പി.ചിദംബരം രൂക്ഷമായി പ്രതികരിച്ചിരുന്നു.

അവരെന്താണ് വെണ്ണപ്പഴമാണോ കഴിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 'അവര്‍ പറയുന്നു, ഉള്ളി കഴിക്കാറില്ലെന്ന്. എന്താണ് ധനമന്ത്രി ഉദ്ദേശിക്കുന്നത്? അവര്‍ വെണ്ണപ്പഴമാണോ (അവകാഡോ) തിന്നുന്നത്?' - ചിദംബരം ചോദിച്ചു.

അതിനിടെ, ഉള്ളിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധമാണ് അരങ്ങേറി. പി. ചിദംബരം, അധിര്‍ ചൗധരി, ഗൗരവ് ഗൊഗോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാജ്യത്ത് 110 മുതല്‍ 160 രൂപ വരെയാണ് ഇപ്പോള്‍ ഉള്ളി വില.

Next Story
Read More >>