മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ഈ മാസം ഒമ്പതിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ 66കാരനായ ജെയ്റ്റ്ലിയെ പ്രവേശിപ്പിച്ചത്.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ഡല്‍ഹി:മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് അന്ത്യം.

ഈ മാസം ഒമ്പതിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ 66കാരനായ ജെയ്റ്റ്ലിയെ പ്രവേശിപ്പിച്ചത്.രാഷ്ട്രപതി രാംനാഥ് കോവിന്ദ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ ജെയ്റ്റ്ലി അമേരിക്കയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒന്നാം മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലായിരുന്നു.

ഭാര്യ: സംഗീത ജെയ്റ്റ്‌ലി. മക്കള്‍: റോഹന്‍, സൊണാലി.

ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതല്‍ തടവിലായിരുന്നു. 73-ല്‍ അഴിമതിക്കെതിരെ തുടങ്ങിയ ജെ.പി. പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു.

1989-ല്‍ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതി.

1991 മുതല്‍ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗമാണ്.

വാജ്പേയി മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമൃത്സറില്‍ നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ്സിന്റെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനോട് പരാജയപ്പെട്ടു. 2014 മേയില്‍ മോദി സര്‍ക്കാരില്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ആരോഗ്യകാരണങ്ങളാലാണ് ഇത്തവണ മന്ത്രിസഭയില്‍ നിന്ന് വിട്ടു നിന്നത്.

Next Story
Read More >>