പോരിന്റെ വീര്യം കുറയുന്നു; ജി.സി.സി വഴി സൗഹൃദപ്പാലമിട്ട് സൗദിയും ഖത്തറും

ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും മഞ്ഞുരുക്കത്തിന്റെ വേദിയായി മാറി

പോരിന്റെ വീര്യം കുറയുന്നു; ജി.സി.സി വഴി സൗഹൃദപ്പാലമിട്ട് സൗദിയും ഖത്തറും

റിയാദ്: രണ്ടര വര്‍ഷം മുമ്പ് ഖത്തറിനെതിരെ ആരംഭിച്ച സാമ്പത്തിക ഉപരോധം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതമായി സൗദി അറേബ്യ. രാജ്യത്തിനകത്ത് നേരിടുന്ന വെല്ലുവിളിയെ അതിജീവിക്കാനാണ് സൗദി തങ്ങളുടെ വിദേശനയത്തില്‍ അഴിച്ചു പണി നടത്തുന്നത്. ഖുറൈസ് എണ്ണപ്പാടത്തും അബ്‌ഖൈക് സംസ്‌കരണ പ്ലാന്റിലും സെപ്തംബറില്‍ ഉണ്ടായ മിസൈല്‍ ആക്രമണത്തിന് ശേഷമാണ് സൗദി ഈയൊരു തീരുമാനത്തിലേക്ക് ചുവടുമാറിയത്.

റിയാദ് ആതിഥ്യം വഹിക്കുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിക്കാന്‍ സല്‍മാന്‍ രാജാവ് തീരുമാനിച്ചതും മാറിയ വിദേശനയത്തിന്റെ സൂചനയാണ്. ഉഭയകക്ഷി ബന്ധത്തില്‍ പുതിയ ധാരണകള്‍ കണ്ടെത്താന്‍ ഈ വര്‍ഷം അവസാനിക്കും മുമ്പെ ശ്രമങ്ങളുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ മാസങ്ങളില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യനായി മുതിര്‍ന്ന ഖത്തര്‍ ഉദ്യോഗസ്ഥര്‍ സൗദിയിലെത്തിയിരുന്നു. അനുരജ്ഞനത്തിന്റെ സാദ്ധ്യതകളെ കുറിച്ചാണ് ഇരുരാഷ്ട്രങ്ങളും ചര്‍ച്ച ചെയ്തത്. അങ്ങനെയാണ് ഡിസംബര്‍ 10ന് നിശ്ചയിച്ച ഗള്‍ഫ് കോപറേഷന്‍ കൗണ്‍സിലിലേക്ക് ഖത്തറിനെ ഔദ്യോഗികമായി ക്ഷണിച്ചത്.

ഇതിന് പുറമേ, ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും മഞ്ഞുരുക്കത്തിന്റെ വേദിയായി മാറി. സൗദി നേതൃത്വം നല്‍കുന്ന സഖ്യരാഷ്ട്രങ്ങളായ ബഹ്‌റൈന്‍, ഈജിത്പ്, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള മാദ്ധ്യമങ്ങള്‍ ടൂര്‍ണമെന്റിന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് നല്‍കിയത്. ആദ്യം പങ്കെടുക്കില്ലെന്ന് അറിയിച്ച ശേഷമാണ് സൗദി, യു.എ.ഇ, ബഹ്‌റൈന്‍ രാഷ്ട്രങ്ങള്‍ ടൂര്‍ണമെന്റിനെത്തിയത്.

Read More >>