ട്രോളല്ല, അക്ഷയ്കുമാര്‍ കനേഡിയന്‍ പൗരന്‍! ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചെന്ന് ബോളിവുഡ് താരം

കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉള്ള കാര്യം താന്‍ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി.

ട്രോളല്ല, അക്ഷയ്കുമാര്‍ കനേഡിയന്‍ പൗരന്‍! ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചെന്ന് ബോളിവുഡ് താരം

മുംബൈ: തലക്കെട്ടു കണ്ട് ഞെട്ടേണ്ട, ട്രോളിയതുമല്ല, ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ അക്ഷയ് കുമാര്‍ ഇന്ത്യന്‍ പൗരനല്ല. പലവേള ദേശസ്‌നേഹത്തെ കുറിച്ച് സംസാരിക്കുകയും ദേശസ്‌നേഹം ഉണര്‍ത്തുന്ന സിനിമകളില്‍ അഭിനയിക്കുകയും ചെയ്യുന്ന അക്ഷയ് കനേഡിയന്‍ പൗരനാണ്.

തന്റെ ഇന്ത്യ-ത്വം ഒരിക്കലും തെളിയിക്കേണ്ടെന്ന് കരുതിയിരുന്നില്ല എന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടുണ്ട് എന്നും അക്ഷയ്കുമാര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈയില്‍ വോട്ടു ചെയ്യാതിരുന്നതോടെയാണ് താരത്തിന്റെ പൗരത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉള്ള കാര്യം താന്‍ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

'14 സിനിമകള്‍ പൊട്ടിപ്പോയ കാലമൊക്കെ എനിക്കുണ്ടായിരുന്നു. മറ്റെന്തെങ്കിലും ചെയ്തു ജീവിക്കണമെന്നു വരെ ആലോചിച്ചു. കാനഡയിലെ അടുത്ത സുഹൃത്ത് അങ്ങോട്ടു ചെല്ലാന്‍ പറഞ്ഞു. ഒന്നിച്ചു ചിലതൊക്കെ ചെയ്യാമെന്നായിരുന്നു പറഞ്ഞത്. അയാള്‍ ഇന്ത്യക്കാരനാണ്, അവിടെ താമസിക്കുന്നു. കരിയര്‍ അവസാനിക്കുന്നു എന്ന് കരുതി പാസ്‌പോര്‍ട്ടും മറ്റുമെടുത്ത പോകാനുള്ള കാര്യങ്ങള്‍ നീക്കിത്തുടങ്ങി. അങ്ങനെ പതിനഞ്ചാമത്തെ സിനിമ വിജയിച്ചു. അതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും മുന്നോട്ടു പോകുന്നു. എന്നാല്‍ എന്റെ പാസ്‌പോര്‍ട്ട് മാറ്റണം എന്ന് ഒരിക്കല്‍ പോലും ചിന്തിച്ചില്ല' - അക്ഷയ് പറഞ്ഞു.

ഇപ്പോള്‍ ഇന്ത്യയ്ക്കാരനാണെന്ന് തെളിയിക്കേണ്ടി വരുന്നു. ഇതെന്നെ വേദനിപ്പിക്കുന്നു. ഇനി അങ്ങനെ ഒരവസരം ഉണ്ടാകരുത് എന്നു കരുതിയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

' ഭാര്യ ട്വിങ്കില്‍ ഖന്ന ഇന്ത്യയ്ക്കാരിയാണ്, മകന്‍ ആരവും അതേ. എന്റെ കുടുംബത്തിലെ എല്ലാവരും ഇന്ത്യയ്ക്കാരാണ്. എന്റെ എല്ലാ നികുതിയും ഇവിടെയാണ് അടക്കുന്നത്. എന്റെ ഭാര്യ ഇവിടെയുണ്ട്. എന്നാല്‍ മറ്റു ചിലര്‍ എന്തൊക്കെയോ പറയുന്നു' - അക്ഷയ് പറഞ്ഞു.

മോദിയുമായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടത്തിയ അഭിമുഖത്തെ കുറിച്ചും അദ്ദേഹം മനസ്സു തുറന്നു. അതൊരു അവസരമായിരുന്നു. അത്തരമൊരു അവസരം എല്ലാവര്‍ക്കും കിട്ടുന്നതല്ല. തയാറെടുപ്പൊന്നുമുണ്ടായിരുന്നില്ല. ഒരു സാധാരണ മനുഷ്യനായി ചില ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. അപ്പോള്‍ തോന്നിയ കാര്യങ്ങളാണ് ചോദിച്ചത്- അദ്ദേഹം വ്യക്തമാക്കി.

Read More >>