കമ്പനികള്‍ ഇടയുന്നു; ബ്രിട്ടാനിയക്ക് പിന്നാലെ പാര്‍ലെയും- മാന്ദ്യത്തിന് കാരണം ജി.എസ്.ടി

അഞ്ചു രൂപയുടെ സാധനങ്ങള്‍ വാങ്ങാന്‍ പോലും ഉപഭോക്താക്കള്‍ വാങ്ങാന്‍ മടിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ബ്രിട്ടാനിയ മാനേജിങ് ഡയറക്ടര്‍ വരുണ്‍ ബെറി പറഞ്ഞിരുന്നു.

കമ്പനികള്‍ ഇടയുന്നു; ബ്രിട്ടാനിയക്ക് പിന്നാലെ പാര്‍ലെയും- മാന്ദ്യത്തിന് കാരണം ജി.എസ്.ടി

മുംബൈ: സാമ്പത്തിക മാന്ദ്യത്തില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ചരക്കു സേവന നികുതിയെ കുറ്റപ്പെടുത്തി പാര്‍ലെ പ്രൊഡക്ട് പ്രൈവറ്റ് ലിമിറ്റഡ്. പ്രമുഖ ബ്രാന്‍ഡായ ബ്രിട്ടാനിയയ്ക്കു പിന്നാലെയാണ് പാര്‍ലെയും കേന്ദ്രനയങ്ങളെ വിമര്‍ശിച്ചു രംഗത്തെത്തിയത്.

ബ്ലൂംബര്‍ഗ് ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ലെ പ്രൊഡക്ട് മേധാവി മായങ്ക് ഷാ ആണ് കമ്പനിയെ ജി.എസ്.ടി തളര്‍ത്തിയതായി വെളിപ്പെടുത്തിയത്.

' മാന്ദ്യം ഉണ്ടായ ആറു മാസത്തില്‍ ഉപഭോക്താക്കള്‍ മൂല്യത്തെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്. ഉപഭോക്താക്കള്‍ കൂടുതലൊന്നും വാങ്ങുന്നില്ല. കടകളില്‍ നിന്നു തിരിച്ചു വരുന്ന സാധനങ്ങളും കമ്പനിയെ ബാധിക്കുന്നു. കടകള്‍ സാധനങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ വിറ്റുപോകുന്നതില്‍ കുറവു വന്നു' - അദ്ദേഹം പറഞ്ഞു.

'ബിസ്‌കറ്റുകള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയത് വില്‍പ്പനയെ ബാധിച്ചു. ഡിമാന്‍ഡ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കിലോയ്ക്ക് നൂറു രൂപയില്‍ കുറച്ചേ ജി.എസ്.ടി ഈടാക്കാന്‍ പാടുള്ളൂ എന്ന് തങ്ങള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. നേരത്തെ വാറ്റും സാധാരണ നികുതിയും ഉണ്ടായിരുന്ന വേളയില്‍ 12-14 ശതമാനമായിരുന്നു നികുതി. ജി.എസ്.ടിക്കു കീഴില്‍ അത് 18 ശതമാനമായി. ഇതോടെ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമായി. അത് വില്‍പ്പനയെ ബാധിച്ചു' - ഷാ കൂട്ടിച്ചേര്‍ത്തു.

നേരത്തെ അഞ്ചു രൂപയുടെ സാധനങ്ങള്‍ വാങ്ങാന്‍ പോലും ഉപഭോക്താക്കള്‍ വാങ്ങാന്‍ മടിക്കുന്ന സാഹചര്യമാണ് വിപണിയില്‍ ഉള്ളതെന്ന് ബ്രിട്ടാനിയ മാനേജിങ് ഡയറക്ടര്‍ വരുണ്‍ ബെറി പറഞ്ഞിരുന്നു. ആറു ശതമാനം മാത്രമേ നമ്മുടെ സാമ്പത്തിക വളര്‍ച്ചയുള്ളൂ. വിപണി അതിലും താഴെയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പാദത്തില്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ മൂന്ന് ശതമാനം ഇടിവു രേഖപ്പെടുത്തിയിരുന്നു.

സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം അതിവേഗ ഉപഭോക്തൃ ചരക്കുകളുടെ (FMCG) ഉപഭോഗം മികച്ച നിലയിലല്ല ഇപ്പോള്‍. ഹിന്ദുസ്ഥാന്‍ ലിവര്‍, ഡാബര്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ കമ്പനികളുടെ മൊത്ത വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞിട്ടുണ്ട്.

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ മേഖലയിലെ പണപ്പെരുപ്പവും മുന്‍ മാസത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഏപ്രില്‍-മെയ് മാസത്തില്‍ മൂന്ന് ശതമാനമായിരുന്നു ഇത്. ജൂണില്‍ ഇത് .2 ശതമാനം വര്‍ദ്ധിച്ച് 3.2 ശതമാനമായി.

Next Story
Read More >>