നടിമാരില്‍ പോലും ലഹരി ഉപയോഗിക്കുന്നവരുണ്ട്; കേരള പൊലീസ് ഒന്നു തപ്പിക്കഴിഞ്ഞാല്‍ എല്ലാം അകത്താകും-നടന്‍ ബാബുരാജ്

ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാ സംഘങ്ങളുണ്ട്. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്

നടിമാരില്‍ പോലും ലഹരി ഉപയോഗിക്കുന്നവരുണ്ട്; കേരള പൊലീസ് ഒന്നു തപ്പിക്കഴിഞ്ഞാല്‍ എല്ലാം അകത്താകും-നടന്‍ ബാബുരാജ്

കൊച്ചി: സിനിമാ മേഖലയിലെ പുതിയ തലമുറയില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണ് എന്ന വെളിപ്പെടുത്തലുമായി അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് വെളിപ്പെടുത്തി.

ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാ സംഘങ്ങളുണ്ട്. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്- മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും 'അമ്മ'യില്‍ അംഗങ്ങളല്ല. അവര്‍ക്ക് താല്‍പര്യവുമില്ല. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് ഷെയിന്‍ 'അമ്മ'യില്‍ അംഗമായത്. വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മാതാക്കളുടെ അസോസിയേഷന്‍ പറഞ്ഞത് വസ്തു നിഷ്്ഠമായ കാര്യങ്ങളാണ്. കഞ്ചാവിനൊക്കെ അപ്പുറത്തേക്ക് പോയി. ന്യൂജന്‍ സിനിമയില്‍ ലഹരി അതിന്റെ ഭാഗമായി മാറി. ഇത് നിര്‍ത്തേണ്ട സമയമായി. ഇതു നിര്‍ത്തേണ്ട സമയമായി. ഇതിന്റെ ഭവിഷ്യത്ത് നമുക്കറിയാം. നിര്‍മാതാവിന്റെ ചങ്കിടിക്കുന്നതാണിത്. കാലത്ത് വിളിച്ചിട്ടാണ് നടന്‍ ഇന്ന് വരില്ല എന്നു പറയുന്നത്. ഇത് മാറേണ്ട സമയമായി- ബാബുരാജ് പറഞ്ഞു.

നിര്‍മാതാക്കളില്‍ പറയുന്നതില്‍ കാര്യമുണ്ട്. എന്ത് ഗ്യാരണ്ടിയിലാണ് ഇവര്‍ കാശുമുടക്കുന്നത്. കേരള പൊലീസ് ഒന്നു തപ്പിക്കഴിഞ്ഞാല്‍ എല്ലാം അകത്താകും. പഴയ ആള്‍ക്കാരുടെ കാര്യമല്ല. പുതിയ ആള്‍ക്കാരുടെ കാര്യമാണ്. ഇത് പറയുന്നതില്‍ വിഷമമുണ്ട്. ഇതൊക്കെ ഫാഷന്‍ എന്ന നിലയിലാണ്. പെണ്‍കുട്ടികള്‍ അടക്കം ഇതെല്ലാം അടിച്ച് ബോധമില്ലാതെ കിടക്കുകയാണ്- അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റുകളില്‍ എല്‍.എസ്.ഡി അടക്കമുള്ള ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്നും സിനിമാ സെറ്റുകളില്‍ ലഹരിമരുന്ന് പരിശോധന വേണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്.

നടന്‍ ഷെയ്‌നെ ഇനി അഭിനയിപ്പിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. തുടര്‍ച്ചയായി സിനിമകളില്‍ സഹകരിക്കാത്തതിനാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. നിലവില്‍ ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Next Story
Read More >>