40 വർഷത്തെ കാത്തിരിപ്പ്, ഉറൂബിന് മ്യൂസിയമൊരുങ്ങി

വർഷങ്ങളായുള്ള ശ്രമങ്ങൾക്കൊടുവിൽ മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിലാണ് ഉറൂബിന് മ്യൂസിയമൊരുങ്ങിയത്.

40 വർഷത്തെ കാത്തിരിപ്പ്, ഉറൂബിന്   മ്യൂസിയമൊരുങ്ങി

പൊന്നാനിക്കാരനാണെങ്കിലും പതിറ്റാണ്ടുകളോളം കോഴിക്കോടായിരുന്നു ഉറൂബിന്റെ പ്രവർത്തനകേന്ദ്രം. എന്നാൽ അദ്ദേഹത്തിന് കോഴിക്കോട്ട് ഒരു മ്യൂസിയം യാഥാർത്ഥ്യമാകാൻ 40 വർഷം കാത്തിരിക്കേണ്ടി വന്നു. കാത്തിരിപ്പിനൊടുവിലാണെങ്കിലും മ്യൂസിയം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഉറൂബ് പ്രേമികൾ.

വർഷങ്ങളായുള്ള ശ്രമങ്ങൾക്കൊടുവിൽ മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിലാണ് ഉറൂബിന് മ്യൂസിയമൊരുങ്ങിയത്. കിളിയനാട്ടെ ചോർന്നൊലിക്കുന്ന പഴയ സ്‌കൂൾകെട്ടിടത്തിൽ അവഗണക്കപ്പെട്ട നിലയിലായിരുന്നു ഇത്രയും കാലം ഉറൂബിന്റെ ശേഷിപ്പുകൾ. ഉറൂബിന്റെ ജുബ്ബയും കണ്ണടയും ചെരിപ്പും ഊന്നുവടിയും മുതൽ 'സുന്ദരികളും സുന്ദരൻമാരും' എന്ന കൃതിക്ക് ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഫലകം വരെ മ്യൂസിയത്തിൽ എത്തിച്ചിട്ടുണ്ട്.

ഉറൂബ് എഴുതിയ കത്തുകൾ, ഉറൂബിന്റെ രചനകളെ ആസ്പദമാക്കി ഫ്രഞ്ച് ചിത്രകാരിയടക്കം 20 പേർ വരച്ച ചിത്രങ്ങൾ, സാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങൾ, അദ്ദേഹത്തിന്റെ 42 കൃതികൾ, ജവാഹർലാൽ നെഹ്രുവിൽനിന്ന് കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് സ്വീകരിക്കുന്നതിന്റെയും ഇടശ്ശേരി ഗോവിന്ദൻ നായർ, അക്കിത്തം അച്യുതൻ നമ്പൂതിരി, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, എം.ടി. വാസുദേവൻ നായർ എന്നിവർക്കൊപ്പമെല്ലാമുള്ള അപൂർവ ഫോട്ടോകൾ എന്നിവയെല്ലാം മ്യൂസിയത്തിലുണ്ട്. ഇപ്പോൾ ആളുകൾക്കായി തുറന്നുകൊടുക്കുന്നുണ്ടെങ്കിലും ലൈബ്രറിയുടെ നവീകരണ ഉൽഘാടനത്തിനൊപ്പമായിരിക്കും മ്യൂസിയത്തിന്റെയും ഉൽഘാടനമുണ്ടാവുക. മ്യൂസിയം ഇനിയും വിപുലപ്പെടുത്തുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ചന്ദ്രൻ പറഞ്ഞു.

സംസ്ഥാനസർക്കാർ രണ്ടുലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും അതു പിന്നീട് നഷ്ടമായെയന്നും ആ പണം നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉറൂബ് സാംസ്‌കാരികസമിതിയുടെയും ഇടശ്ശേരി സ്മാരകസമിതിയുടെയും നേതൃത്വത്തിൽ ചൊവ്വാഴ്ച ഉറൂബ് അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്.

വൈകീട്ട് 5.30ന് കെ.പി കേശവമേനോൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ ടി.പി രാജീവൻ അനുസ്മരണപ്രഭാഷണം നടത്തും. പ്ര. കെ.വി രാമകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. ഗായകൻ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഉറൂബിന്റെ ചലച്ചിത്രങ്ങളിലെ തിരഞ്ഞെടുത്ത ഗാനങ്ങളുമായി സംഗീതസന്ധ്യ അരങ്ങേറും.

Read More >>