കോലി ഡാ, മുന്നില്‍ നയിച്ച് നായകന്‍; ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് ആവേശ ജയം

50 പന്തില്‍ നിന്ന് 94 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ അടിച്ചുകൂട്ടിയത്

കോലി ഡാ, മുന്നില്‍ നയിച്ച് നായകന്‍; ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് ആവേശ ജയം

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ ആവേശോജ്വല ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 204 എന്ന ലക്ഷ്യം ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികവില്‍ ഇന്ത്യ 18.4 ഓവറില്‍ മറികടന്നു.

50 പന്തില്‍ നിന്ന് 94 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ അടിച്ചുകൂട്ടിയത്. 19-ാം ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ട വേളയില്‍ വില്യംസിനെ രണ്ടു തവണ സിക്‌സറിനു പറത്തി രാജകീയമായാണ് കോലി കളിയവസാനിപ്പിച്ചത്. ഓപറണര്‍ ലോകേഷ് രാഹുല്‍ 40 പന്തില്‍ നിന്ന് അഞ്ചു ഫോറും നാലു സിക്‌സറും സഹിതം 62 റണ്‍സെടുത്തു.

രണ്ടാം വിക്കറ്റില്‍ രാഹുലും കോലിയും അടിത്തറയിട്ട സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ നിരക്ക് കരുത്തായത്. 61 പന്തില്‍ നിന്നാണ് സഖ്യം നൂറു റണ്‍സ് തികച്ചത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് എടുത്തിരുന്നത്. ട്വന്റി20യിലെ കന്നി അര്‍ധസെഞ്ചുറി കുറിച്ച ഷിംറോണ്‍ ഹെറ്റ്മയറിന്റെ പ്രകടനമാണ് വിന്‍ഡീസിന് തുണയായത്. 41 പന്തില്‍ രണ്ടു ഫോറും നാലു സിക്‌സും സഹിതം 56 റണ്‍സെടുത്ത ഹെറ്റ്മയറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. എവിന്‍ ലൂയിസ് (17 പന്തില്‍ 40), ബ്രണ്ടന്‍ കിങ് (23 പന്തില്‍ 31), ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് (19 പന്തില്‍ 37), ജെയ്‌സന്‍ ഹോള്‍ഡര്‍ (ഒന്‍പതു പന്തില്‍ പുറത്താകാതെ 24) എന്നിവര്‍ ഉറച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ച വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ 15 തവണയാണ് പന്ത് നിലം തൊടാതെ ഗ്യാലറിയിലെത്തിച്ചത്.

Read More >>