ബാങ്ക് വായ്പാ കുടിശ്ശിക: മനപൂര്‍വ്വം പണ അടയ്ക്കാത്തവരില്‍ 60 ശതമാനം വര്‍ദ്ധന

ബാങ്കുകളിലെ കിട്ടാക്കട തോത് വൻതോതിൽ ഉയരുന്ന സാഹചര്യത്തിൽ 2018 ലെ ഇക്കണോമിക് ഡിഫെന്റേഴ്സ് ആക്ട് അനുസരിച്ച് ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനും കർശന നടപടിയെടുക്കാനും നിർദേശമുണ്ട്.

ബാങ്ക് വായ്പാ കുടിശ്ശിക: മനപൂര്‍വ്വം പണ അടയ്ക്കാത്തവരില്‍ 60 ശതമാനം വര്‍ദ്ധന

രാജ്യത്ത് ബാങ്ക് വായ്പാ തിരിച്ചടവിൽ മനപൂർവ്വം മുടക്കം വരുത്തുന്നവരുടെ എണ്ണത്തിൽ അഞ്ചു വർഷത്തിനിടെ 60ശതമാനത്തിന്റെ വർദ്ധനവെന്ന് കേന്ദ്ര ധനകാര്യവകുപ്പ്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും ഇത്തരത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനുളളിൽ തിരിച്ചടയ്ക്കാത്തവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി.2019 മാർച്ച് വരെയുളള കണക്കനുസരിച്ച് ലോൺ തിരിച്ചടക്കാത്തവരുടെ എണ്ണം 8,582 ആണെന്നും ലോക്‌സഭയിലെ ചോദ്യോത്തരവേളയിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 2014-15 കാലയളവു മുതൽ ഇത്തരത്തിൽ വായ്പ തിരിച്ചടക്കാത്തരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് ഉണ്ടായിട്ടുളളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2015-16 ൽ ഇത് 6,575 ഉം 2016-17ൽ 7,079, 2017-18 ൽ 7,535 ആണ്. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കാൻ ബാങ്കുകൾക്കും മറ്റ് ധനകാര്യസ്ഥാപനങ്ങൾക്കും ആർ.ബി.ഐ നിർദേശം നൽകിയിട്ടുണ്ടെന്നും ഇത്തരക്കാർക്ക് മറ്റ് ആനുകൂല്യങ്ങൾ നൽകരുതെന്ന വ്യവസ്ഥയുണ്ടെന്നും നിർമല പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷത്തിനുളളിൽ ഇത്തരം അക്കൗണ്ടുകളിൽ നിന്ന് 7,654 കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. ദേശസാത്കൃത ബാങ്കുകളുടെ കണക്കനുസരിച്ച് 8,121 കേസുകളിലായി റിക്കവറി സ്യൂട്ടുകൾ ഫയൽ ചെയ്തിട്ടുണ്ട്. സുരക്ഷിത സ്വത്തുക്കൾ ഉൾപ്പെടുന്ന കേസുകളിൽ 6,251 കേസുകളിൽ സർഫാസി നിയമത്തിലെ വ്യവസ്ഥ പ്രകാരം നടപടി സ്വീകരിച്ചു.ഇതിൽ റിസർവ്ങ്കി ബാങ്കിന്റെ നിർദേശം അനുസരിച്ച് 2,915 കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിർമ്മല പറഞ്ഞു. രാജ്യത്താകെ 17 ദേശസാൽകൃത ബാങ്കുകളാണുള്ളത്.

ബാങ്കുകളിലെ കിട്ടാക്കട തോത് വൻതോതിൽ ഉയരുന്ന സാഹചര്യത്തിൽ 2018 ലെ ഇക്കണോമിക് ഡിഫെന്റേഴ്സ് ആക്ട് അനുസരിച്ച് ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനും കർശന നടപടിയെടുക്കാനും നിർദേശമുണ്ട്. 50 കോടി രൂപയിലധികം വായ്പാ കുടിശ്ശിക വരുത്തിയവരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താനും അത്തരത്തിലുളള കമ്പനികളുടെ ഡയറക്ടർമാരുടെയും പ്രമോട്ടർമാരുടെയും പാസ്പോർട്ടുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ ശേഖരിക്കാനും പൊതുമേഖലാ ബാങ്കുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങൾ റിപ്പോർട്ടു ചെയ്യാൻ പൊതുമേഖല ബാങ്ക് മേധാവികൾക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Read More >>