കാലാവസ്ഥാ വ്യതിയാനം: നിയമനടപടി നേരിടുന്നത് 28 രാജ്യങ്ങൾ

28 രാജ്യങ്ങളിലെ സർക്കാരുകൾക്കും കോർപ്പറേഷനുകൾക്കുമെതിരായാണ് നടപടി കൈകൊണ്ടിരിക്കുന്നത്. 1,023 കേസുകളുമായി അമേരിക്കയാണ് മുന്നിൽ നിൽക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം: നിയമനടപടി നേരിടുന്നത് 28 രാജ്യങ്ങൾ

1990 മുതൽ ഇതുവരെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 1,300ലധികം നിയമ നടപടികൾ കൊണ്ടുവന്നിട്ടുണ്ടെന്ന് റിപ്പോർട്ട്. 28 രാജ്യങ്ങളിലെ സർക്കാരുകൾക്കും കോർപ്പറേഷനുകൾക്കുമെതിരായാണ് നടപടി കൈകൊണ്ടിരിക്കുന്നത്. 1,023 കേസുകളുമായി അമേരിക്കയാണ് മുന്നിൽ നിൽക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ പരാജയപ്പെടുന്ന സർക്കാരിനെയും മറ്റു വാണിജ്യ സ്ഥാപനങ്ങളേയും ഉത്തരവാദികളാക്കുന്നത് ഒരു ആഗോള പ്രതിഭാസമായി മാറിയെന്ന് ഗ്രന്ഥം ഇൻസ്റ്റിറ്റ്യൂട്ടും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സും ചേർന്ന് പുറത്തുവിട്ട റിപ്പോർട്ടിന്റ സഹരചയിതാവ് ജോവാന സെറ്റ്‌സർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നവർക്കെതിരെ കോടതി നടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നും അവർ പറയുന്നു.

ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായതിനുശേഷം വെറും രണ്ടര വർഷത്തിനുള്ളിൽതന്നെ പാരിസ്ഥിതിക നിയന്ത്രണങ്ങൾ പഴയപടിയാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഓസ്ട്രേലിയയിൽ 94 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യു.കെ (53), ബ്രസീൽ (അഞ്ച്), സ്പെയിൻ (13), ന്യൂസീഡൻഡ് (17), ജർമനി (അഞ്ച്) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കേസുകളുടെ എണ്ണം.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ എടുക്കുന്ന നടപടികളെ മനുഷ്യാവകാശത്തിന്റ ഗണത്തിൽ ഉൾപ്പെടുത്തി നാല് വർഷം മുമ്പ് പാകിസ്താനിൽ എടുത്ത കേസ് ചരിത്രപരമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിലൂടെ തന്റ മനുഷ്യാവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് ആരോപിച്ച് പാകിസ്താനിലെ തെക്കൻ പഞ്ചാബ് മേഖലയിലെ ഒരു കർഷകനായ അസ്ഗർ ലെഹാരിയാണ് കോടതിയെ സമീപിച്ചത്.

അന്തരീക്ഷ മലിനീകരണത്തിനെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ബ്രിട്ടീഷ് സർക്കാരിനെതിരായ കോടതി നടപടികളിൽ 'ക്ലയന്റ് എർത്ത്' എന്ന സംഘടന വിജയം കണ്ടിരുന്നു. നെതർലാൻഡ്സിലും സമാനമായ കോടതിവ്യവഹാരങ്ങൾ നടക്കുന്നുണ്ട്.

Read More >>