കാലാവസ്ഥ വ്യതിയാനം; ഭൂമിയെ രക്ഷിക്കാന്‍ 202 കോടി ഏക്കര്‍ വനം നടൂ

കാർബൺ വലിച്ചെടുക്കാൻ കഴിയുന്ന വനങ്ങൾ കൂടുതലായി വ്യാപിപ്പിക്കുന്നത് സ്വാഭാവികമായും കാലാവസ്ഥ വ്യതിയാനം ചെറുക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ശാസ്ത്ര ജേണലായ സയൻസ് ആണ് പഠനം പ്രസിദ്ധപ്പെടുത്തിയത്.

കാലാവസ്ഥ വ്യതിയാനം; ഭൂമിയെ രക്ഷിക്കാന്‍ 202 കോടി ഏക്കര്‍ വനം നടൂ

കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ മനുഷ്യർക്ക് മുന്നിലുള്ള ഒരു വഴി വനങ്ങൾ നടലാണെന്ന് പഠനം. നിലവിലെ ഹരിതഗൃഹ വാതകങ്ങൾ മൂലമുള്ള ദോഷങ്ങൾ പരിഹരിക്കാൻ ഏതാണ്ട് 202 കോടി ഏക്കർ മരങ്ങൾ നട്ടാൽ മതിയെന്നാണ് സ്വിറ്റ്‌സർലണ്ടിലെ ഇ.റ്റി.എ.ച്ച് സർവകലാശാലയിൽ നടന്ന പഠനത്തിൽ വ്യക്തമായത്.

ഇത്രയും അധികം മരങ്ങൾ നട്ടാൽ ഏകദേശം 205 കോടി മെട്രിക് ടൺ കാർബൺ അംശം അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യാനാകും. വൻതോതിൽ ഫാക്ടറികൾ ഉപയോഗിക്കാൻ തുടങ്ങിയ വ്യാവസായിക വിപ്ലവത്തിന് ശേഷം അന്തരീക്ഷത്തിൽ എത്തിയ കാർബണിന്റെ മൂന്നിൽ രണ്ട് ഇങ്ങനെ ഒഴിവാക്കാം. ശാസ്ത്ര ജേണലായ സയൻസ് ആണ് പഠനം പ്രസിദ്ധപ്പെടുത്തിയത്.

കാർബൺ വലിച്ചെടുക്കാൻ കഴിയുന്ന വനങ്ങൾ കൂടുതലായി വ്യാപിപ്പിക്കുന്നത് സ്വാഭാവികമായും കാലാവസ്ഥ വ്യതിയാനം ചെറുക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. എല്ലായിടത്തും മരങ്ങൾ നടുക എന്നതിനപ്പുറം നഗര പ്രദേശങ്ങൾ, കൃഷിസ്ഥലങ്ങൾ എന്നിവ ഒഴിവാക്കിയാണ് പഠനം നടത്തിയത്. ഉഷ്ണമേഖല പ്രദേശങ്ങളിൽ കൂടുതൽ വനം നിലനിർത്താനും പഠനത്തിൽ ആവശ്യപ്പെടുന്നു.

എല്ലാവരും പഠന ഫലങ്ങൾ ശരിവെക്കുന്നില്ല. കൂടുതൽ മരങ്ങൾ നടുന്നത് കാലാവസ്ഥാ വ്യതിയാനം ചെറുക്കില്ലെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. നടുന്നതിനെക്കാൾ അധികം വനം നഷ്ടപ്പെടുന്നതാണ് നിലവിലെ അവസ്ഥ. തെക്കേ അമേരിക്കയിലെ ആമസോൺ നിത്യഹരിത വനങ്ങൾ ഓരോ മിനിറ്റിലും ഒരു ഫുട്‌ബോൾ മൈതാനത്തിന്റെ വലിപ്പത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

നിലവിൽ ഭൂമിയിലെ താപനില ഉയരുകയാണ്. കൂടുതൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നത് താപനില ഉയരുന്നത് തടയുമെങ്കിലും മറുവശത്ത് മരങ്ങൾ ഇല്ലാതാകുന്നത് സന്തുലിതമായ രീതിയിൽ വനംവച്ചു പിടിക്കുന്നത് നടപ്പാക്കുന്നതിൽ സഹായിക്കില്ല.

ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗിക്കാവുന്ന ഊർജ്ജം എന്നിവയിലേക്ക് കടക്കുകയാണ് മനുഷ്യൻ ചെയ്യേണ്ടതെന്നാണ് ചില ഗവേഷകർ ആവശ്യപ്പെടുന്നത്. ഒപ്പം മരങ്ങൾ നടുകയും വേണം.

യു.എസ്, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇത്തരത്തിൽ വലിയതോതിൽ വനവൽക്കരണം സാധ്യമാണെന്നാണ് പഠനത്തിൽ പറയുന്നത്. ഇത് മനുഷ്യർക്ക് മറ്റൊരു രൂപത്തിലും ഉപകാരപ്രദമാണ്. കാരണം ഭൂമിയിലെ നിലവിലെ ജനസംഖ്യ അനുസരിച്ച് എത്രമാത്രം ആളുകൾക്ക് ഭൂമിയിൽ ജീവിക്കാനും കൃഷി ചെയ്യാനുമുള്ള സ്ഥലത്തിന് ശേഷം വനങ്ങൾക്കായി മാറ്റിവെക്കാൻ കഴിയും എന്നതിനുള്ള തെളിവ് കൂടിയാണ് പുതിയ ഗവേഷണം.

Read More >>