ജാര്‍ക്കണ്ഡ് ആള്‍ക്കുട്ടക്കൊല: 11 പേര്‍ അറസ്റ്റില്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്ന പേരില്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് നാലാം ദിവസം ആശുപത്രിയില്‍ വച്ച് 24 കാരനായ തബ്രീസ് കൊല്ലപ്പെടുന്നത്.

ജാര്‍ക്കണ്ഡ് ആള്‍ക്കുട്ടക്കൊല: 11 പേര്‍ അറസ്റ്റില്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ജാര്‍ക്കണ്ഡില്‍ തബ്‌റീസ് അന്‍സാരിയെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊലപ്പെടുത്തിയ കേസില്‍ 11 പേരെ അറസ്റ്റു ചെയ്തു. രണ്ട് പേലിസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്ന പേരില്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് നാലാം ദിവസം ആശുപത്രിയില്‍ വച്ച് 24 കാരനായ തബ്രീസ് കൊല്ലപ്പെടുന്നത്. ആക്രമിക്കുന്ന സമയത്ത് ജയ് ശ്രീരാം എന്ന് വിളിപ്പിക്കുകയും ചെയ്തു.

തബ്‌റീസിന്റെ മരണം അന്വേഷിക്കാന്‍ നിയുക്തരായ പ്രത്യേക അന്വേഷണസംഘത്തോട് ബുധനാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയും ചീഫ് സെക്രട്ടറിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തബ്‌റീസും സുഹൃത്തുക്കളും ജെംഷഡ്പൂരില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്.

അന്‍സാരി മുസ്ലിമായതുകൊണ്ടു മാത്രമാണ് കൊല്ലപ്പെട്ടതെന്നും തനിക്ക് നീതി വേണമെന്നും അന്‍സാരിയുടെ ഭാര്യ ഷഹിസ്ത പര്‍വീന്‍ പറഞ്ഞു. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ചികിത്സ ലഭ്യമാക്കാന്‍ പോലിസ് ശ്രമിച്ചില്ലെന്ന് അന്‍സാരിയുടെ കുടുംബം ആരോപിക്കുന്നു. മാത്രമല്ല, അന്‍സാരിയെ കാണാന്‍ കുടുംബാഗംങ്ങളെ അനുവദിച്ചുമില്ല. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് അന്‍സാരി മരിച്ചിരുന്നുവെന്നാണ് ചില ബന്ധുക്കള്‍ പറയുന്നത്.

അന്‍സാരിയെ മര്‍ദ്ദിച്ച ഏതാനും പേരെ കുറിച്ച് കുടുംബം നല്‍കിയ സൂചനകള്‍ പരിശോധിച്ചുവരികയാണെന്നും അതനുസരിച്ച് പതിനൊന്നു പേരെ അറസ്റ്റുചെയ്‌തെന്നും സരൈകേല-ഖര്‍സവാന്‍ എസ് പി പറഞ്ഞു.

തങ്ങളുടെ നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് പോലിസും സമ്മതിക്കുന്നുണ്ട്. അതിന് ഉത്തരവാദികളായ രണ്ട് പേരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കയാണ്. മരണം നടന്ന അന്നുതന്നെ ആള്‍ക്കൂട്ടക്കൊലക്ക് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് അവകാശപ്പെട്ടു.

ആര്‍എസ്എസ്സും ബിജെപിയും ചേര്‍ന്ന് മുസ്ലിങ്ങളെ പശുക്കള്ളന്മാരും അറവുകാരും ഭീകരരും ആയി ചിത്രീകരിക്കുകയാണെന്ന് അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു.

Read More >>