കപിൽ ദേവ് മുതൽ പി.ടി ഉഷ വരെ; അണിയറയിൽ ഒരുങ്ങുന്ന സ്‌പോർട്‌സ് ബയോപിക്കുകൾ ഇവയാണ്

കായിക താരങ്ങൾ എന്നും ചലച്ചിത്ര പ്രവർത്തകർക്ക് പ്രചോദനത്തിന്റെ ഒരു വലിയ സ്രോതസ്സായി മാറിയിരിക്കുകയാണ്. ആമിർഖാന്റെ ദംഗൽ ഗീത ഫോഗട്ട്, ബബിത കുമാരി എന്നീ ഗുസ്തി താരങ്ങളുടെ കഥ പറഞ്ഞ് ബോക്‌സോഫീൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.

കപിൽ ദേവ് മുതൽ പി.ടി ഉഷ വരെ; അണിയറയിൽ ഒരുങ്ങുന്ന സ്‌പോർട്‌സ് ബയോപിക്കുകൾ ഇവയാണ്

മേരി കോം, മിൽഖാ സിങ്, എം.എസ് ധോണി തുടങ്ങി ഇന്ത്യൻ കായിക താരങ്ങളെക്കുറിച്ചുള്ള സിനിമകൾ ബോളിവുഡിലെ ഏറെ ശ്രദ്ധേയമായ സ്‌പോർട്‌സ് ബയോപിക്കുകളാണ്. കായിക താരങ്ങൾ എന്നും ചലച്ചിത്ര പ്രവർത്തകർക്ക് പ്രചോദനത്തിന്റെ ഒരു വലിയ സ്രോതസ്സായി മാറിയിരിക്കുകയാണ്. ആമിർഖാന്റെ ദംഗൽ ഗീത ഫോഗട്ട്, ബബിത കുമാരി എന്നീ ഗുസ്തി താരങ്ങളുടെ കഥ പറഞ്ഞ് ബോക്‌സോഫീൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. മലയാളി ഫുട്‌ബോൾ താരം സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റൻ മികച്ച അഭിപ്രായം നേടിയ മലയാള സിനിമയാണ്. ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തു. ഒട്ടേറെ ബയോപിക്കുകൾ ഈ അടുത്ത കാലത്ത് നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നിരവധി സ്‌പോർട്‌സ് ബയോപിക്കുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

83

ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് 83. ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിതവും പ്രമേയമാകുമ്പോൾ ബോളിവുഡ് താരം രൺവീർ സിങ് ആണ് കപിൽ ദേവിനെ അവതരിപ്പിക്കുന്നത്. കപിൽ ദേവയുള്ള രൺവീറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.ചിത്രത്തിൽ കപിലിന്റെ ഭാര്യ റോമി ഭാട്ടിയ ആയി വേഷമിടുന്നത് രൺവീറിന്റെ ഭാര്യ കൂടിയായ ദിപീക പദുക്കോണാണ്.

സൈന നെഹ്വാൾ

അമോൽ ഗുപ്തയാണ് സംവിധാനം ചെയ്യുന്ന,ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ കഥപറയുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. 2020 ആദ്യത്തിൽ സൈന എന്നു പേരിട്ടിരിക്കുന്ന ചിത്രം റിലീസ് ചെയ്യും. പരിണീതി ചോപ്രയാണ് സിനിമയിൽ സൈനയാകുന്നത്. സൈനയുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

അഭിനവ് ബിന്ദ്ര

ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. 2017 ൽ പ്രഖ്യാപിച്ച ചിത്രം എന്ന് റിലീസ് ആകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ചിത്രം ഉപേക്ഷിച്ചു എന്ന വാർത്തകളോട് ചിത്രത്തിലെ അഭിനേതാവ് അനിൽ കപൂർ പ്രതികരിച്ചിരുന്നു. സിനിമ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ അദ്ദേഹത്തിന്റെ മകനും നടനുമായ ഹർഷവർദധൻ കപൂറും ചിത്രത്തിലുണ്ട്.

മിതാലി രാജ്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ തപ്സി പന്നുവാണ് മിതാലി രാജായി വേഷമിടുക. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരമാണ് മിതാലി രാജ്. 2017-ൽ അനൗൺസ് ചെയ്ത പ്രോജക്ട് ആണിത്. ആദ്യമായല്ല താപ്സി സ്പോർട്സ് സിനിമയിൽ അഭിനയിക്കുന്നത്. നേരത്തെ സൂർമ എന്ന ചിത്രത്തിൽ ഹോക്കി താരമായി താപ്സി വേഷമിട്ടിരുന്നു.

പിവി സിന്ധു

പ്രമുഖ നടനും നിർമ്മാതാവുമായ സോനുസൂദ് ആണ് സിന്ധുവിന്റെ ജീവിതം സിനിമയാക്കുന്നത്. ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ബാഡ്മിന്റൺ താരമാണ് പി.വി സിന്ധു. രണ്ട് വർഷം മുൻപ് പ്രഖ്യാപിച്ച ചിത്രം പല കാരണങ്ങൾ കൊണ്ട് നീണ്ടു പോവുകയായിരുന്നു. എന്നാൽ ചിത്രം ഈ വർഷം അവസാനം തന്നെ ചിത്രികരണം ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ ഒടുവിൽ നൽകുന്ന വിവരം. എന്നാൽ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ദീപിക പദുകോൺ ആണ് പി.വി സിന്ധുവിന്റെ വേഷത്തിൽ എത്തുകയെന്നും റിപോർട്ടുകൾ ഉണ്ട്.

പി.ടി ഉഷ

ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്‌പോർട്‌സ് താരങ്ങളിൽ ഒരാളായ പി.ടി ഉഷയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ ചിത്രത്തിൽ കത്രിന കൈഫ് പി.ടി ഉഷയെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. പരസ്യ ചിത്ര സംവിധായിക രേവതി എസ്.വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ റഹ്മാനായിരിക്കും. എന്നാൽ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

Read More >>