പി.എസ്.സിയുടെ വിശ്വാസം, അതല്ലേ എല്ലാം

ആരോപണവും അതു സ്ഥിരീകരിക്കുന്ന തെളിവുകളും പി.എസ്.സിയുടെ നിയമന നടപടികളിലെ സുതാര്യതയും നിഷ്പക്ഷതയുമാണ് ചോദ്യം ചെയ്യപ്പെട്ടത്. അനേകലക്ഷം യുവജനങ്ങൾ വിശ്വസിക്കുകയും ഒപ്പം ജീവിതമാർഗ്ഗമായി കാണുകയും ചെയ്യുന്ന ഈ സ്ഥാപനത്തിനെതിരെ ഉയർന്ന ആരോപണം അർഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാനല്ല മറിച്ച്, തള്ളിക്കളയാനാണ് പി.എസ്.സി അധികൃതർ മത്സരിച്ചത്.

പി.എസ്.സിയുടെ വിശ്വാസം, അതല്ലേ എല്ലാം

ജനാധിപത്യത്തിലെ ചില പുഴുക്കുത്തുകൾ പാടുതീർക്കാത്ത ഇടമില്ലെന്നതാണ് യാഥാർത്ഥ്യം. ഇന്നാട്ടിലെ മഹാഭൂരിപക്ഷം ജനാധിപത്യ സ്ഥാപനങ്ങളും ഏറിയും കുറഞ്ഞും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇടങ്ങളാണെന്നു, പോയകാലത്തെ ചരിത്രം പരിശോധിച്ചാൽ നിസ്സംശയം പറയാനാകും. അപ്പോഴും, സമൂഹത്തിലെ സാധാരണക്കാർക്കു പ്രതീക്ഷയുടെ തുരുത്തായി അവശേഷിക്കുന്നുണ്ട് ചില ഭരണഘടനാ സ്ഥാപനങ്ങൾ. നീതിനിഷേധിച്ച്, എല്ലാ വാതിലുകളും കൊട്ടിയടയ്‌ക്കെപ്പെടുമ്പോൾ നിരാശ്രയർ കൈനീട്ടുന്നത് ഇത്തരം കേന്ദ്രങ്ങൾക്കു നേരെയാണ്. നിഷ്പക്ഷമായും നിർഭയമായും നീതിയും ന്യായവും പൗരന്റെ മൗലികമായ അവകാശങ്ങളും സംരക്ഷിക്കപ്പെടാനുള്ള ഭരണഘടനാ സ്ഥാപനങ്ങളിലാണ്, അഴിമതിയുടെ ചെളിക്കുണ്ടിലാഴ്ന്നുപോയ പൊതുഭരണ-നിർവ്വഹണ സംവിധാനമുള്ള നാട്ടിലെ ജനങ്ങളുടെ അവശേഷിക്കുന്ന പ്രതീക്ഷ. രാജ്യത്തെ നീതിന്യായ വ്യവസ്ഥയും തെരഞ്ഞെടുപ്പു കമ്മിഷനും കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇതിനുള്ള ഉദാഹരണങ്ങളാണ്. നിശ്ചയമായും കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷൻ അത്തരത്തിൽ പൊതുസമൂഹത്തിന്റെ വിശ്വാസ്യതയും പ്രതീക്ഷയുമാണ്. എന്നാൽ സമീപകാലത്തെ ചില സംഭവങ്ങൾ ആ വിശ്വാസത്തിൽ വെള്ളംചേർക്കുന്ന തരത്തിലായിപ്പോയി. അതു പി.എസ്.സി കാണാതെ പോകുന്നു എന്നത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് പി.എസ്.സി എന്ന ഭരണഘടനാ സ്ഥാപനത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. കത്തിക്കുത്തേറ്റ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ മരണത്തിൽ നിന്നു രക്ഷപ്പെട്ടു. അതിലെ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകരെ കൈവിലങ്ങുവെയ്ക്കുകയും ചെയ്തു. അന്വേഷണവും തുടർനടപടികളും പൊലീസ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നുവെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം ഈ ഘട്ടത്തിൽ വിശ്വാസത്തിലെടുക്കാം. എന്നാൽ ഈ സംഭവത്തിനു അനുബന്ധമായി പി.എസ്.സിക്കു നേരെ ഉയർന്ന ആരോപണം അതേപടി അന്തരീക്ഷത്തിൽ തളം കെട്ടിനിൽക്കുകയാണ്. പ്രതികളിൽ ചിലർ പൊലീസ് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയതുമായി ബന്ധപ്പെട്ടാണ് അതീവ ഗൗരവമായ ആരോപണം ഉയർന്നത്. പ്രതികളുടെ വീട്ടിൽ നിന്നു യൂണിവേഴ്‌സിറ്റി ഉത്തരകടലാസുകൾ പിടികൂടിയതിനൊപ്പം കോളജിലെ കായിക വകുപ്പു മേധാവിയുടെ വ്യാജ സീലും കണ്ടെത്തിയിരുന്നു. ഇതുപയോഗിച്ചാണ് പ്രതികൾ പി.എസ്.സി പരീക്ഷയിൽ ഗ്രേസ് മാർക്കു നേടാനുള്ള സ്‌പോർട്‌സ് സർട്ടിഫിക്കറ്റു നിർമ്മിച്ചതെന്നാണ് ഉയർന്നു വന്ന ആരോപണം. കേസന്വേഷിക്കുന്ന പൊലീസ് സംഘവും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ ഈ വിഷയം തീർത്തും ലാഘവബുദ്ധിയോടെയാണ് പി.എസ്.സി കൈകാര്യം ചെയ്തത്. അതാണ് പൊതുസമൂഹത്തെ അമ്പരപ്പിക്കുന്നതും.

ആരോപണവും അതു സ്ഥിരീകരിക്കുന്ന തെളിവുകളും മാദ്ധ്യമങ്ങളിലുൾപ്പെടെ നിരന്നതോടെ പി.എസ്.സിയുടെ നിയമന നടപടികളിലെ സുതാര്യതയും നിഷ്പക്ഷതയുമാണ് ചോദ്യം ചെയ്യപ്പെട്ടത്. അനേകലക്ഷം യുവജനങ്ങൾ വിശ്വസിക്കുകയും ഒപ്പം ജീവിതമാർഗ്ഗമായി കാണുകയും ചെയ്യുന്ന ഈ സ്ഥാപനത്തിനെതിരെ ഉയർന്ന ആരോപണം അർഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാനല്ല മറിച്ച്, കഴമ്പില്ലാത്ത ആരോപണമെന്നു മറുപടി പറഞ്ഞു തള്ളിക്കളയാനാണ് പി.എസ്.സി അധികൃതർ മത്സരിച്ചത്. വകുപ്പുതല പരിശോധന നടത്താനാണ്, സംഭവത്തിനു ശേഷം ചേർന്ന പി.എസ്.സി യോഗം തിരുമാനിച്ചത്. അതു നടത്തുന്നതോ പി.എസ്.സിയുടെ തന്നെ ഭാഗമായ ഉദ്യോഗസ്ഥരും.

വ്യാജ സീലുപയോഗിച്ച്, വ്യാജമായുണ്ടാക്കിയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അധികമാർക്കിന്റെ ആനുകൂല്യം നേടിയാണ് നസീം, ശിവരഞ്ജിത്ത് എന്നിവർ പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ മുൻനിരയിലെത്തിയതെന്ന ആരോപണം പി.എസ്.സിയെ സംബന്ധിച്ച് അതീവ ഗൗരവത്തിലെടുക്കേണ്ട ഒന്നാണ്. പി.എസ്.സിയിൽ സമർപ്പിച്ച സർട്ടിഫിക്കറ്റു വ്യാജമാണെന്ന പ്രാഥമിക സൂചന പൊലീസ് നൽകിക്കഴിഞ്ഞു. പ്രതികളിലൊരാളുടെ വസതിയിൽ നിന്നു വ്യാജ സീൽ പിടികൂടുകയും ചെയ്തു. ഈ സാഹചര്യത്തിൽ കേവലമായ പരിശോധനയ്ക്കപ്പുറം ശാസ്ത്രീയമായ അന്വേഷണമാണ് നടത്തേണ്ടത്. തങ്ങളുടെ ഭാഗത്തെ വീഴ്ച അന്വേഷിക്കാൻ പി.എസ്.സി തന്നെ മുന്നിട്ടിറങ്ങുന്നതിലെ ഔചിത്യക്കുറവ് ഇതിനകം വിമർശന വിധേയമായ സാഹചര്യത്തിലെങ്കിലും പുറമെ നിന്നുള്ള ഒരു സ്വതന്ത്ര ഏജൻസി അന്വേഷിക്കാനുള്ള തീരുമാനമാണ് പി.എസ്.സി എടുക്കേണ്ടിയിരുന്നത്.

സർട്ടിഫിക്കറ്റ് വ്യാജമാണെങ്കിൽ അതു സൂക്ഷ്മപരിശോധനയിൽ പി.എസ്.സിക്കു എന്തുകൊണ്ടു കണ്ടെത്താനായില്ല, അഥവാ അറിഞ്ഞു കൊണ്ടു വ്യാജ സർട്ടിഫിക്കറ്റുമായി വന്നയാൾക്കു ഗ്രേസ് മാർക്കു നൽകുകയായിരുന്നോ, ഇക്കാര്യത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം പുറംലോകമറിയുകയുള്ളൂ. സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം ന്യായമാവുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഭൂരിപക്ഷം സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളിലും നടക്കുന്നതു പോലെ സ്വന്തക്കാരെയും ബന്ധുജനങ്ങളെയും പിൻവാതിൽ വഴിയും വ്യാജമായും തിരുകിക്കയറ്റുന്ന സ്ഥാപനങ്ങളിലൊന്നായി പി.എസ്.സിയെ കാണാൻ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ സമഗ്രവും ശാസ്ത്രീയവുമായ ഒരന്വേഷണത്തിനു പി.എസ്.സി തന്നെ ആവശ്യപ്പെടണം. അത്തരമൊരു അന്വേഷണത്തിലൂടെ നിജസ്ഥിതി കണ്ടെത്തി പി.എസ്.സിക്കു മേൽ പതിഞ്ഞ കരിനിഴൽ തുടച്ചുനീക്കാൻ പി.എസ്.സി തന്നെയാണ് മുൻകൈ എടുക്കേണ്ടത്.

എൻ.ആർ.കെ കമ്പനിക്കു തടസ്സമില്ലാതിരിക്കട്ടെ

പ്രവാസി മലയാളികളിൽ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എൻ.ആർ.കെ ഇൻവെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം എന്തുകൊണ്ടും അഭിനന്ദനാർഹമാണ്. സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക ശേഷിയിൽ മുഖ്യപങ്കാളിത്തം വഹിക്കുന്ന പ്രവാസി സമൂഹത്തെ കേരളത്തിന്റെ വികസന പങ്കാളി കൂടിയാക്കുന്ന സുപ്രധാനമായ ചുവടുവെയ്പ്പിനാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. പ്രവാസികളുടെ ക്ഷേമത്തിനും കേരളത്തിന്റെ വികസനത്തിനുമായി സർക്കാർ മുൻകൈയെടുത്ത് രൂപം നൽകിയ ലോക കേരള സഭയിൽ ഉയർന്നു വന്ന ആശയമാണ് എൻ.ആർ.കെ കമ്പനി.

പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഇതിനു വേണ്ടി പ്രത്യേക ഉദേശ്യ കമ്പനിയോ സബ്സിഡിയറി കമ്പനിയോ ഹോൾഡിംഗ് കമ്പനിക്കു കീഴിൽ രൂപീകരിക്കാമെന്ന വ്യവസ്ഥയും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. 26 ശതമാനം ഓഹരി സംസ്ഥാന സർക്കാരിനായിരിക്കും. ബാക്കിവരുന്ന ഓഹരികൾ പ്രവാസികൾക്കു നൽകും. ഫലത്തിൽ പ്രവാസികളുടെ പങ്കാളിത്തത്തോടെയുള്ള സർക്കാർ സംരംഭങ്ങൾ ഉയർന്നുവരും. എൻ.ആർ.ഐ ടൗൺഷിപ്പുകളുടെ നിർമാണം, പശ്ചാത്തല സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.

സ്വന്തം നാട്ടിൽ നിക്ഷേപിക്കാനും സംരംഭങ്ങളിൽ പങ്കാളിയാവാനും നിരവധിയായ പ്രവാസികൾക്കു അതിയായ ആഗ്രഹമുണ്ട്. എന്നാൽ തീർത്തും പ്രതികൂലമായ സാഹചര്യങ്ങളാണ് പലപ്പോഴും അവരെ പിന്തിരിപ്പിച്ചത്. ഏറ്റവും ഒടുവിൽ ആന്തൂരിൽ കൺവെൻഷൻ സെന്റർ തുടങ്ങി, നഗരസഭയുടെ ചൂവപ്പുനാടയിൽ ജീവിതം ഹോമിക്കേണ്ടിവന്ന സാജനെ പോലുള്ളവരുടെ കഥകളാണ് നിത്യവും പ്രവാസികൾ കേൾക്കുന്നതും കാണുന്നതും. ജീവിതത്തിന്റെ വസന്തകാലം മുഴുവൻ മരുഭൂമിയിൽ പണിയെടുത്ത് കിട്ടിയ സമ്പാദ്യവുമായി സ്വന്തം മണ്ണിലെത്തി, പെട്ടിക്കട തുറക്കാൻ പോലും കഴിയാതെ നട്ടംതിരിയുന്ന അനേകം പ്രവാസികളുടെ കണ്ണീരിന്റെ കഥ, സാജനു മുമ്പും ശേഷവും ഇവിടെ ഉണ്ടായി.

മറ്റെവിടെയും ആർക്കുനേരെയും പ്രയോഗിക്കാത്ത കുരുക്കുകളാണ് പ്രവാസികൾ അവരുടെ ആശയവുമായി നാട്ടിലെത്തുമ്പോൾ ചില അധികാര കേന്ദ്രങ്ങൾ വെച്ചുനീട്ടുന്നത്. ഇന്നും ഇന്നലെയുമല്ല ഈവിധമുള്ള അതിക്രമങ്ങൾ പ്രവാസികളോടു കാണിച്ചുകൊണ്ടേയിരിക്കുന്നത്. പ്രവാസിയുടെ പണം അദ്ധ്വാനിക്കാതെ നേടിയതാണെന്ന തോന്നലാണ് പല ഉദ്യോഗസ്ഥ പ്രമാണിമാർക്കും. അവരാണ് പ്രവാസികളുടെ ജീവിതഫയലിനു മേൽ കയറിയിരിക്കുന്നത്. ഇത്തരക്കാരുടെ കരുണയില്ലായ്മയാണ് പ്രവാസികൾക്കു കൊലക്കയർ സമ്മാനിക്കുന്നത്. ഈ അനീതിയും അതിക്രമവും അനുവദിക്കാനേ പാടില്ല. സാജന്റെ ദാരുണമായ സംഭവത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യത്തിൽ കർശനമായ താക്കീതു നൽകിയിട്ടുണ്ട്. അകാരണമായി, ചട്ടവിരുദ്ധമായി ഒരാളുടെയും അപേക്ഷകളിൽ കാലതാമസം വരുത്തുകയോ തീരുമാനമെടുക്കുകയോ ചെയ്യരുതെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം പാലിച്ചാൽ തന്നെ, പ്രവാസികൾ വൻ തോതിൽ കേരളത്തിലേക്കു നിക്ഷേപവുമായി എത്തും. അതിനുള്ള ആത്മാർത്ഥമായ നടപടികളുടെ ഭാഗമായി തന്നെ എൻ.ആർ.കെ കമ്പനിയെയും കാണാം. പ്രവാസികളുടെ പണത്തോടു മാത്രമല്ല, അവരുടെ ജീവിത സ്വപ്നങ്ങളോടും കേരളം നീതിപുലർത്തണം.

Read More >>