ഗഡ്കരി ഔട്ട്, അമിത് ഷാ ഇൻ

എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയിൽ നിന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ഒഴിവാക്കി. അഞ്ച് അംഗങ്ങളുണ്ടായിരുന്ന സമിതിയുടെ തലവൻ ഗഡ്കരിയായിരുന്നു.

ഗഡ്കരി ഔട്ട്, അമിത് ഷാ ഇൻ

പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയിൽ നിന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ഒഴിവാക്കി.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയാണ് നിതിൻ ഗഡ്കരി. കഴിഞ്ഞ മന്ത്രിസഭയിലും ഇതേ വകുപ്പ് തന്നെ ആയിരുന്നു ഗഡ്കരിക്ക്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് സമിതിയുടെ പുതിയ ചെയർമാൻ. എയർ ഇന്ത്യയുടെ വിൽപ്പനയ്ക്കായുള്ള നടപടിക്രമങ്ങൾക്കായി രൂപവത്കരിച്ച സമിതിയിൽ ഷായ്ക്ക് പുറമെ ധനമന്ത്രി നിർമല സീതാരാമനും റെയിൽവേ മന്ത്രി പിയൂഷ് ഗോയലും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയും അംഗങ്ങളാണ്. 2017ലാണ് 'എയർ ഇന്ത്യ സ്പെസിഫിക്ക് അൾട്ടർനേറ്റീവ് മെക്കാനിസം' എന്ന പേരിൽ സമിതി രൂപവത്കരിക്കുന്നത്. അഞ്ച് അംഗങ്ങളുണ്ടായിരുന്ന സമിതിയുടെ തലവൻ ഗഡ്കരിയായിരുന്നു.

ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി, സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജു, റെയിൽവേ മന്ത്രി സുരേഷ് പ്രഭു, ഊർജ്ജ-കൽക്കരി മന്ത്രി പിയൂഷ് ഗോയൽ, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി എന്നിവരായിരുന്നു അഞ്ചു പേർ. ഗഡ്കരിയെ ഒഴിവാക്കി രൂപീകരിച്ച പുതിയ പാനലിൽ നാലു മന്ത്രിമാർ മാത്രമാണുള്ളത്.രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് സമിതി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. ആദ്യഘട്ടത്തിൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും കമ്പനി നിയന്ത്രണാവകാശവുമാണ് സർക്കാർ ലേലത്തിൽ വെച്ചത്. എന്നാൽ കമ്പനികൾ ലേലത്തിൽ പങ്കെടുക്കാത്തതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു.ഇതിനെ തുടർന്നാണ് നിക്ഷേപ വകുപ്പ് പുതിയ പ്രമേയം തയ്യാറാക്കിയത്. 2019 ഡിസംബറോട് കൂടെ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് സർക്കാർ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. 1.05 ലക്ഷം കോടിയുടെ റെക്കോർഡ് ഓഹരി വിൽപ്പനയാണ് സർക്കാർ ഈ വർഷം ലക്ഷ്യമിടുന്നതെന്നാണ് 2019-20 കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചത്. എന്നാൽ നിക്ഷേപകരിൽ നിന്ന് എപ്പോൾ താൽപര്യ പത്രം ക്ഷണിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജൂലൈ 26ന് അവസാനിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് ശേഷം മന്ത്രിതല സമിതി യോഗം ചേർന്ന് ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read More >>