വാക്കില്‍ ഇടതുപക്ഷം; പ്രവൃത്തിയില്‍ നിന്ദ്യവലതുപക്ഷം: ജി. സുധാകരന്‍

ഇടതുപക്ഷമാണെന്ന് പറയുകയും വലതുപക്ഷത്തിന്റെ ഏറ്റവും നിന്ദ്യമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് അക്രമകാരികളായ ഏതാനും പേർ എസ്.എഫ്.ഐയുടെ പേരിൽ യൂണിവേഴ്സിറ്റി കോളജിൽ പ്രവർത്തിച്ചുകൊണ്ടിരുന്നത്.

വാക്കില്‍ ഇടതുപക്ഷം; പ്രവൃത്തിയില്‍ നിന്ദ്യവലതുപക്ഷം: ജി. സുധാകരന്‍

ഇടതുപക്ഷമാണെന്ന് പറയുകയും വലതുപക്ഷത്തിന്റെ ഏറ്റവും നിന്ദ്യമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോൾ കേരളത്തിൽ വ്യാപകമായതായി മന്ത്രി ജി.സുധാകരൻ. ഈ പ്രവണതയാണ് അക്രമകാരികളായ ഏതാനും പേർ എസ്.എഫ്.ഐയുടെ പേരിൽ യൂണിവേഴ്സിറ്റി കോളജിൽ ചെയ്തുകൊണ്ടിരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകനും പ്രാദേശിക മേഖലാ കമ്മിറ്റിയംഗവുമായ അഖിലിനെ ആക്രമിച്ച് കൊലപ്പെടുത്താൻ നടത്തിയ ശ്രമം കക്ഷിവ്യത്യാസമില്ലാതെ ഏവരേയും നടുക്കിയ സംഭവമാണ്. അതിന് മാപ്പ് കൊടുക്കാൻ കഴിയില്ല.

എസ്.എഫ്.ഐയുടെ നയങ്ങളും പരിപാടികളുമായി ഇതിന് യാതൊരു ബന്ധവുമില്ല. എന്നുമാത്രമല്ല എസ്.എഫ്.ഐയുടെ വളർന്നുവന്ന നിരവധി നേതാക്കളെ കലാലയങ്ങളിൽ കശാപ്പുചെയ്ത വലതുപക്ഷ ആക്രമണ രാഷ്ട്രീയത്തോട് സമാനതയുള്ളതാണ് ഈ സംഭവം.

ഇടതുപക്ഷമാണെന്ന് പറയുകയും വലതുപക്ഷത്തിന്റെ ഏറ്റവും നിന്ദ്യമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് അക്രമകാരികളായ ഏതാനും പേർ എസ്.എഫ്.ഐയുടെ പേരിൽ യൂണിവേഴ്സിറ്റി കോളജിൽ പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഈ പ്രവണത ഇപ്പോൾ കേരളത്തിൽ വ്യാപകമായി കാണുന്നു.

ഇടതുപക്ഷമാണെന്ന് പറയുക, ഇടതുപക്ഷ കൊടി പിടിക്കുക, വലതുപക്ഷത്തേക്കാൾ മോശമായി പ്രവർത്തിക്കുക. ഇടതുപക്ഷ, വലതുപക്ഷ വ്യത്യാസം ഇല്ലാതാക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഇവരുടെ പ്രതിനിധികളാണ് യൂണിവേഴ്സിറ്റി കോളജിൽ അക്രമം നടത്തിയത്. ഇത് തുടച്ചുനീക്കേണ്ട സമയമാണ്. അതിന് കർശന പരിശോധനകളും ശുദ്ധീകരണവും എല്ലായിടത്തും ആവശ്യമാണ്.

ഇത് എസ്.എഫ്.ഐയിൽ മാത്രം ഒതുങ്ങുന്നതല്ല. സമൂഹത്തിന്റെ എല്ലാ മേഖലയിലും ഇത്തരക്കാർ കടന്നുകൂടിയിട്ടുണ്ട്. ആയിരക്കണക്കിന് ധീരന്മാർ ചോരയും ജീവനും നൽകിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഏതാനും അക്രമികൾക്കു വേണ്ടി സമർപ്പിക്കാനുള്ളതല്ല. അത് ലോകത്തെമ്പാടുമുള്ള രക്തസാക്ഷികൾക്ക് സമർപ്പിച്ചിട്ടുള്ള പ്രസ്ഥാനമാണ്.

അതിനാലാണ് വിശ്വോത്തര സാഹിത്യകാരന്മാരായ മയക്കോവിസ്കിയും മാക്സിം ഗോർക്കിയും പാബ്ളോ നെരൂദയും വയലാറും ലോകോത്തര നടൻ ചാർളി ചാപ്ലിനും അടക്കമുള്ള ആളുകൾ സ്ഥിതിസമത്വവാദമായ കമ്മ്യൂണിസ്റ്റ് ആശയത്തെ ഹൃദയത്തോട് ചേർത്തുവച്ചത്. അത് ഏതാനും അജ്ഞാനികളായ അക്രമികൾക്ക് സ്വന്തം സഖാവിന്റെ ചങ്കിലെ ചോര വീഴ്ത്താനുള്ളതല്ല. രക്തസാക്ഷികളുടെ പേരിലാണ് എസ്.എഫ്ഐ കേരളമാകെ വളർന്നത്. മിക്ക കലാലയങ്ങളിലും വിജയികളാകുന്നത്. ഈ വിജയങ്ങൾ അഹങ്കരിക്കാനല്ല. വിനയത്തോടെ ജനപ്രിയമായ വിദ്യാഭ്യാസത്തിന് ഊടും പാവും നൽകുന്ന വിദ്യാഭ്യാസ രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള പ്രചോദനമാണ്. അത് യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ വിരുദ്ധരായ എസ്.എഫ്.ഐ വേഷധാരി(എം.എ ബേബിയോട് കടപ്പാട്)കൾക്ക് മനസിലാകുകയില്ല.

Read More >>