പാർലമെന്റിലും ഭിന്നിച്ച് പ്രതിപക്ഷം

പ്രതിപക്ഷത്തെ ചെറിയ പാർട്ടികൾ കോൺഗ്രസ് മുഖ്യപ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ്, പ്രത്യേകിച്ചും ലോക്‌സഭയിൽ. ശക്തമായ ഭൂരിപക്ഷമുള്ള എൻ.ഡി.എയ്ക്ക് എതിരെ നിയമ നിർമ്മാണ സമയത്തും പ്രശ്‌നങ്ങൾ ഉയർത്തികൊണ്ടു വരുമ്പോഴും ശക്തമായി നിൽക്കാൻ നേതാക്കളില്ല.

പാർലമെന്റിലും ഭിന്നിച്ച് പ്രതിപക്ഷം

കോൺഗ്രസ്സിലെ നേതൃത്വ പ്രശ്‌നം പാർട്ടി പ്രശ്‌നമായി മാത്രം ഒതുങ്ങുന്നില്ല. കോൺഗ്രസ്സിലെ പ്രശ്‌നം പാർലമെന്റിലെ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുന്നതായും വ്യത്യസ്ത ഗ്രൂപ്പുകളായി മാറ്റുകയും ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഭിന്നിച്ചു നിന്ന പ്രതിപക്ഷം ലോക്‌സഭയിലും ഭിന്നിച്ചു നിൽക്കുന്നത് എൻ.ഡി.എയ്ക്ക് സൗകര്യപ്രദമാണ്. പ്രതിപക്ഷത്തെ ചെറിയ പാർട്ടികൾ കോൺഗ്രസ് മുഖ്യപ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ്, പ്രത്യേകിച്ചും ലോക്‌സഭയിൽ. ശക്തമായ ഭൂരിപക്ഷമുള്ള എൻ.ഡി.എയ്ക്ക് എതിരെ നിയമ നിർമ്മാണ സമയത്തും പ്രശ്‌നങ്ങൾ ഉയർത്തികൊണ്ടു വരുമ്പോഴും ശക്തമായി നിൽക്കാൻ നേതാക്കളില്ല.

പ്രതിപക്ഷ നേതാക്കൾ ഒരിക്കൽ മാത്രമാണ് യോഗം ചേർന്നത്. അതും ചെറുപാർട്ടികളുടെ നിർബന്ധത്തിനു വഴങ്ങി. പാർലമെന്റിൽ സംയുക്തമയി പ്രവർത്തിക്കുന്നതിനു വേണ്ടി തന്ത്രങ്ങൾ മെനയാനും യോഗം ചേരാനും വലിയ പാർട്ടികൾ മുൻകൈ എടുക്കുന്നില്ലെന്നും ലോക്‌സഭയിലെ മുതിർന്ന പ്രതിപക്ഷ അംഗം പറഞ്ഞു.

നേതൃത്വ പ്രശ്‌നം

ലോക്‌സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് സോണിയ ഗാന്ധി ആണെങ്കിൽ പോലും കോൺഗ്രസ് പാർട്ടിയിലെ നേതൃത്വപ്രശ്‌നം മൂലം വലയുകയാണെന്നു അദ്ദേഹം പറയുന്നു. സമ്മേളനത്തിനിടയിൽ ഇടയ്ക്ക് യോഗം ചേരാമെന്നു പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരുന്നു. എന്നാൽ ആദ്യയോഗത്തിനു ശേഷം പിന്നീട് ചർച്ചയുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്സിനു 52 അംഗങ്ങളാണുള്ളത്. ഇതിനു പുറമെ ഡി.എം.കെ (23), വൈ.എസ്.ആർ കോൺഗ്രസ് (22), തൃണമൂൽ (22), ബി.ജെ.ഡി (12), ബി.എസ്.പി (10), ടി.ആർ.എസ് (9) പാർട്ടികൾക്കും ഗണ്യമായ അംഗങ്ങളുണ്ട്.

വലതുപക്ഷ ചായ്‌വ്

വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി, ടി.ആർ.എസ് എന്നീ പാർട്ടികൾ കോൺഗ്രസ്സിൽ നിന്നും ബി.ജെ.പിയിൽ നിന്നും തുല്യ അകലം പാലിക്കുന്നു എന്നാണ് അവകാശപ്പെടുന്നതെങ്കിലും എൻ.ഡി.എ സർക്കാരിനു പിന്തുണ നൽകുന്നത് കാണാൻ സാധിക്കും. സഭയെ ഇളക്കിമറിച്ച കശ്മീർ വിഷയത്തിലും മുത്തലാഖ് വിഷയത്തിലും ഇവർ എൻ.ഡി.എക്കൊപ്പമായിരുന്നു.

സ്വതന്ത്ര സ്ഥാനാർത്ഥികളായ സുമലത, നവനീത് റാണ, മോഹൻ ദേൽക്കർ, നബ കുമാർ സരാണ്യ എന്നിവരിൽ രണ്ടു പേർ ബി.ജെ.പി ചായ്‌വുള്ളവരാണ്. മാണ്ഡ്യ എം.പി സുമതല ബി.ജെ.പി അംഗങ്ങൾക്കൊപ്പമാണ് ഇരിക്കുന്നത്. തെരഞ്ഞെടുപ്പിലും ബി.ജെ.പി പിന്തുണ നൽകിയിരുന്നു. മഹാരാഷ്ട്രയിലെ അമരാവതി സീറ്റിൽ എൻ.സി.പി പിന്തുണയോടെ ജയിച്ച റാണയും ബി.ജെ.പിയോട് അടുത്തിട്ടുണ്ട്. റാണ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 45 മിനുട്ട് ചർച്ച നടത്തിയിരുന്നു.

Read More >>