വല്ലാര്‍പാടം പദ്ധതിയും മരടിലെ ഫ്‌ലാറ്റും: മാറുന്ന വര്‍ഗതാല്‍പ്പര്യങ്ങള്‍

വല്ലാർപാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പട്ട പാവപ്പെട്ട മൂലമ്പിള്ളിക്കാർക്ക് മാന്യമായ ഒരു പുനരധിവാസം നൽകപ്പെട്ടില്ല . പക്ഷെ അവരെല്ലാം തന്നെ പാവപ്പെട്ടവരായതുകൊണ്ടാകാം ദേശാഭിമാനി അവരെക്കുറിച്ചൊന്നും കണ്ണീരൊഴുക്കി കണ്ടിട്ടില്ല. സിപിഎം ഇന്നേവരെ അവർക്ക് വേണ്ടി ശബ്ദമുയർത്തിയിട്ടുമില്ല. പക്ഷെ എറണാകുളത്തെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുത്തരവിട്ട സുപ്രീംകോടതി വിധിയിൽ അവര്‍ ആകെ സങ്കടത്തിലാണ്. - ജെയ്‌സ്ണന്‍ സി കൂപ്പര്‍ എഴുതുന്നു

വല്ലാര്‍പാടം പദ്ധതിയും മരടിലെ ഫ്‌ലാറ്റും: മാറുന്ന വര്‍ഗതാല്‍പ്പര്യങ്ങള്‍

ജെയ്‌സ്ണന്‍ സി കൂപ്പര്‍

ദേശാഭിമാനിയുടെ വിലാപങ്ങൾ, മാറുന്ന വർഗതാൽപര്യങ്ങൾ... പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് വല്ലാർപാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പട്ട പാവപ്പെട്ട മൂലമ്പിള്ളിക്കാർക്ക് മാന്യമായ ഒരു പുനരധിവാസം നൽകപ്പെട്ടില്ല . പക്ഷെ അവരെല്ലാം തന്നെ പാവപ്പെട്ടവരായതുകൊണ്ടാകാം ദേശാഭിമാനി അവരെക്കുറിച്ചൊന്നും കണ്ണീരൊഴുക്കി കണ്ടിട്ടില്ല. സിപിഎം ഇന്നേവരെ അവർക്ക് വേണ്ടി ശബ്ദമുയർത്തിയിട്ടുമില്ല. പക്ഷെ എറണാകുളത്തെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുത്തരവിട്ട സുപ്രീംകോടതി വിധിയിൽ ദേശാഭിമാനി ആകെ സങ്കടത്തിലാണ്. ഈ കോടീശ്വരന്മാർ ഇനിയെന്ത് ചെയ്യുമെന്നാണ് ദേശാഭിമാനിയുടെ വിലാപം.

പതിനൊന്ന് വർഷങ്ങൾക്ക് മുമ്പാണ് എറണാകുളം ജില്ലയിലെ മൂലമ്പിള്ളി, മുളവുകാട്, കോതാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും 316-ഓളം കുടുംബങ്ങളെ വല്ലാർപാടം പദ്ധതിക്കായി കുടിയൊഴിപ്പിച്ചത്. ശക്തമായ സമരം ഇവിടെ നടന്നെങ്കിലും ബുൾഡോസർ കൊണ്ട് വീട് ഇടിച്ചു നിരത്തിയാണ് ഇവരിൽ കൂടുതൽ പേരെയും കുടിയൊഴിപ്പിച്ചത്. അന്ന് സെന്റിന് മൂന്ന് ലക്ഷം വരെ വിലയുണ്ടായിരുന്ന സ്ഥലത്തിന് പരമാവധി ഇരുപത്തിരണ്ടായിരം രൂപ വരെ മാത്രമാണ് അനുവദിച്ചു നൽകിയത്. ഏഴ് പ്രദേശങ്ങളിലായി അനുവദിച്ചു നൽകിയ സ്ഥലങ്ങളിൽ ആറും ചതുപ്പ് ഭൂമികൾ. ഇന്നേവരെ ഇവരിൽ 42 കുടുംബങ്ങൾക്ക് മാത്രമാണ് അനുവദിച്ച ഭൂമിയിൽ വീട് വെക്കാനായത്, അതും സ്വന്തം ചെലവിൽ. തുതിയൂരിൽ അനുവദിച്ചു നൽകിയ ഭൂമിയിൽ വെച്ച രണ്ട് വീടുകൾ ഇതിനകം ഇടിഞ്ഞു താഴ്ന്നു. പുനരധിവാസ ഭൂമിയിലേക്ക് റോഡില്ല, വെള്ളമില്ല, വൈദ്യുതി ലഭിക്കാനും തടസങ്ങളേറെ. കടമക്കുടി, മുളവുകാട് പ്രദേശത്ത് ഭൂമി ലഭിച്ചവർക്ക് തീരദേശ പരിപാലന നിയമത്തിന്റെ കുരുക്കുകളും. ഇതൊന്നും പോരാഞ്ഞ് ലഭിച്ച ഭൂമിക്ക് 25 വർഷത്തേക്ക് കൈമാറ്റാവകാശവുമില്ലാത്തതിനാൽ വിൽക്കാനോ ഈട് നൽകി ലോണെടുക്കാനോ കഴിയില്ല. വല്ലാർപാടം പദ്ധതിയിൽ കുടുംബത്തിലെ ഒരാൾക്ക് ജോലി, വീട് വെക്കും വരെ അയ്യായിരം രൂപ വാടക തുടങ്ങിയ ഉറപ്പുകൾ അന്ന് നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഒരാൾക്കും ജോലി കിട്ടിയില്ല. വാടകയിനത്തിൽ നൽകിയിരുന്ന തുക കഴിഞ്ഞ ആറ് വർഷമായി നൽകിയിട്ടുമില്ല. ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവരിൽ 26 പേർ ഇതിനകം മരിച്ചു

ഇത്, തലമുറകളായി മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ ജീവിച്ച് ഒരു സുപ്രഭാതത്തിൽ സർക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട ഒരു വികസന പദ്ധതിക്കായി ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യരുടെ കഥ. ഈ കഥ പക്ഷെ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ പത്രത്തിൽ വന്നില്ല, ഇവരുടെ ഇന്നും തുടരുന്ന ജീവിത സമരം തൊഴിലാളി വർഗ്ഗ പാർട്ടി ഇന്നേവരെ കണ്ടിട്ടുമില്ല

ഇനി എറണാകുളം ജില്ലയിലെ തന്നെ മരടിലേക്ക് വരാം. എറണാകുളം ജില്ലയുടെ കായലോരങ്ങൾ മുഴുവൻ വൻകിട റിയൽഎസ്റ്റേറ്റ് ലോബി സ്വന്തമാക്കി, സർവ്വ നിയമങ്ങളും കാറ്റിൽ പറത്തി വൻകിട ഫ്ലാറ്റ് സമുച്ചയങ്ങൾ പടുത്തുയർത്തിയ കൂട്ടത്തിൽ തന്നെയാണ് മരടിലെ ഫ്ലാറ്റുകളും ഉയർന്നത്. മൂലമ്പിള്ളിയിലെ പാവപ്പെട്ടവരുടെ മുന്നിൽ വിലങ്ങുതടിയായ തീരദേശ പരിപാലന നിയമം ഈ റിയൽഎസ്റ്റേറ്റ് മാഫിയാ ലോബിക്ക് മുന്നിൽ എന്നും കണ്ണടക്കും. രാഷ്ട്രീയ, ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ ഒത്താശയോടെയാണ് ഈ പാരിസ്ഥിതിക ഭീകര പ്രവർത്തനം. ഇവിടെ ഇങ്ങനെ ഫ്ലാറ്റുകൾ എന്നല്ല, ഒരു നിർമാണ പ്രവർത്തനങ്ങളും സാധ്യമല്ല എന്നറിയാത്ത കിഴങ്ങന്മാരൊന്നുമല്ല ഇവിടെ ഫ്ലാറ്റുകൾ സ്വന്തമാക്കുന്നവർ. കായലിനോട് ചേർന്ന് ഇങ്ങനെ പണിതുയർത്തിയ ഫ്ലാറ്റുകളിൽ താമസിക്കാനെത്തുന്നത് മത്സ്യബന്ധനം തൊഴിലായതുകൊണ്ടുമല്ല. കയ്യിൽ പൂത്ത പണവും അധികാര സ്ഥാനങ്ങളിൽ സ്വാധീനവുമുണ്ടെന്ന ഹുങ്കും ചേരുമ്പോൾ എന്ത് പരിസ്ഥിതി, എന്ത് നിയമം. ആരെല്ലാമാണ് ഇവിടെ താമസിക്കുന്നത് എന്നുകൂടി അറിയണം നമ്മൾ. ധീരദേശാഭിമാനി മേജർ രവി, ന്യൂജെൻ പുരോഗമന സിനിമാക്കാരായ അമൽ നീരദ്, സൗബിൻ ഷഹീർ അങ്ങനെ പോകുന്നു പേരുകൾ.

കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടും അധികാരികൾ ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറായിട്ടില്ല. ശബരിമല വിഷയത്തിൽ ഭരണഘടനാ ധാർമ്മികത ഉയർത്തിപ്പിടിച്ചവർക്ക് ഇവിടെ അത് ബാധകമല്ല. ഫ്ലാറ്റുടമകൾക്ക് കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയെടുക്കാൻ നടത്തിയ ശ്രമത്തെ ഇന്നലെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ഫ്ലാറ്റ് പണിതു നൽകിയവർ അത് വിറ്റത് പുളിങ്കുരു വാങ്ങിയാകാനിടയില്ല. ഈ പാരിസ്ഥിതിക ഭീകര പ്രവർത്തനത്തിന് കൂട്ട് നിന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും പുളിങ്കുരുവാകില്ല കിട്ടിയത്. അവരെല്ലാം ചേർന്ന് വഹിക്കണം ഫ്ലാറ്റിലെ താമസക്കാരുടെ നഷ്ട പരിഹാരം. ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി അനുയോജ്യ വേദികളെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അവർ അത് ചെയ്തോളും. മൂലമ്പിള്ളിക്കാർക്ക് വേണ്ടി കണ്ണീരൊഴുക്കാത്ത ദേശാഭിമാനിയും സിപിഎമ്മും മാത്രം ഇതിൽ കണ്ണീരൊഴുക്ക് തുടരട്ടെ

Read More >>