സെര്‍വര്‍ തകരാര്‍; പ്രശ്നം പരിഹരിച്ചതായി ഫേസ്ബുക്ക്

ചില ആന്തരിക പ്രവർത്തനങ്ങളടെ തകരാർ കാരണമാണ് ചിത്രങ്ങളും ശബ്ദങ്ങളും അയക്കുന്നതിൽ പ്രശ്‌നമുണ്ടായതെന്നും ഇപ്പോൾ പ്രവർത്തന യോഗ്യമാണെന്നും ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു.

സെര്‍വര്‍ തകരാര്‍; പ്രശ്നം പരിഹരിച്ചതായി ഫേസ്ബുക്ക്

സാമൂഹ്യമാദ്ധ്യമായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ പ്രവർത്തനത്തിൽ നേരിട്ട തടസം പരിഹരിച്ചതായി കമ്പനി അറിയിച്ചു. സെർവർ തകരാറിനെ തുടർന്ന് ഇന്നലെ ചിത്രങ്ങളും ശബ്ദങ്ങളും ലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. ചില ആന്തരിക പ്രവർത്തനങ്ങളടെ തകരാർ കാരണമാണ് ചിത്രങ്ങളും ശബ്ദങ്ങളും അയക്കുന്നതിൽ പ്രശ്‌നമുണ്ടായതെന്നും ഇപ്പോൾ പ്രവർത്തന യോഗ്യമാണെന്നും ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് ശേഷമാണ് പ്രശ്‌നം ശ്രദ്ധയിൽപ്പെട്ട് തുടങ്ങുന്നത്. ഏഴ് മണിയോട് കൂടി പരാതികൾ വന്ന് തുടങ്ങി. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലും ഇൻസ്റ്റാഗ്രാമിലും സമാന പ്രശ്‌നം നേരിട്ടു. വാട്‌സാപ്പിൽ വീഡിയോയും ഓഡിയോ ഫയലുകളും ഡൗൺലോഡ് ചെയ്യുന്നതിനും തടസമുണ്ടായി.

അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്‌നം വ്യാപകമായി ബാധിച്ചത്.ഇന്ത്യ, ആസ്‌ട്രേലിയ, ബ്രസീൽ, കൊളമ്പിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തി. എന്നാൽ തകരാറിലായ സമയത്ത് ഉണ്ടായ നഷ്ടം നികത്തുമോ എന്ന ചോദ്യവുമായി പരസ്യ ദാതാക്കൾ രംഗത്തെത്തി. ഇതിന് ഫേസ്ബുക്ക് മറുപടി നൽകിയിട്ടില്ല.

Read More >>