സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ചെന്നൈയിലും

കേരളത്തിലെ സർവകലാശാലകളിൽ പഠിച്ച ഇതര സംസ്ഥാനക്കാർക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. എംബസ്സി സാക്ഷ്യപ്പെടുത്തലിന് ഏതു സംസ്ഥാനക്കാർക്കും അപേക്ഷിക്കാം.

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ചെന്നൈയിലും

സ്വന്തം ലേഖകന്‍

ചെന്നൈ മലയാളികൾക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ നോർക്ക റൂട്ട്‌സ് അവസരം ഒരുക്കി. ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിൽ ജോലിക്ക് പോകുന്ന ചെന്നൈ മലയാളികൾക്ക് എച്ച്.ആർ.ഡി, വിദേശകാര്യ മന്ത്രാലയം, എംബസി അറ്റസ്റ്റേഷൻ സേവനം എന്നിവ ഇനി മുതൽ ചെന്നൈയിലെ ഗ്രീംസ് റോഡിലെ കെ.ടി.ഡി.സി റെയിൻ ഡ്രോപ്‌സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സ് ഓഫീസിൽ ലഭിക്കും.

കേരളത്തിലെ സർവകലാശാലകളിൽ പഠിച്ച ഇതര സംസ്ഥാനക്കാർക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. എംബസ്സി സാക്ഷ്യപ്പെടുത്തലിന് ഏതു സംസ്ഥാനക്കാർക്കും അപേക്ഷിക്കാം.എച്ച്.ആർ.ഡി സാക്ഷ്യപ്പെടുത്തൽ ഒരാഴ്ച്ച കൊണ്ടും എംബസ്സി സാക്ഷ്യപ്പെടുത്തൽ ഒരു മാസം കൊണ്ടും പൂർത്തീകരിക്കാൻ സാധിക്കുമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

മറ്റു രാജ്യങ്ങളിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഭാരത സർക്കാർ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്. കേരളത്തിൽ സർട്ടിഫിക്കറ്റുകൾ നോർക്ക വഴിയാണ് സാക്ഷ്യപ്പെടുത്തി നൽകുന്നത്. ചൈന്നൈയിലെ നോർക്ക ഓഫീസ് വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സംവിധാനത്തിനാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. കേരളത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ എല്ലാവർക്കും ഇതിന്റെ സൗകര്യം പ്രയോജനപ്പെടുത്താം.

അസ്സൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റും രണ്ടു പകർപ്പും, പാസ്‌പോർട്ടിന്റെ അസ്സലും പകർപ്പും എന്നിവയാണ് സാക്ഷ്യപ്പെടുത്തലിനായി ഹാജരാക്കേണ്ട രേഖകൾ. എൻ.ആർ.കെ ഡവലപ്പ്‌മെന്റ് ഓഫീസർ അറ്റസ്റ്റ് ചെയ്തലുടൻ അസ്സൽ പാസ്‌പോർട്ട് തിരിച്ച് നൽകും. അപേക്ഷിച്ച് 10 ദിവസത്തിനം അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കും. ഇതിനു സർവീസ് ചാർജായി 708 രൂപയാണ് ഈടാക്കുന്നത്. 200 രൂപ തപാൽ നിരക്കും ഓരോ സർട്ടിഫിക്കറ്റിനും 75 രൂപ വീതവും നൽകണം. കേരളത്തിൽ പഠിച്ചവരാണെങ്കിൽ വിദേശകാര്യ മന്ത്രാലത്തിന്റെ സാക്ഷ്യപ്പെടുത്തലിനും നോർക്ക ഓഫീസിൽ അപേക്ഷിക്കാം.

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തിയാക്കിയവർ തമിഴ്‌നാട്ടിലാണ് എച്ച്.ആർ.ഡി, വിദേശകാര്യ മന്ത്രാലയ സാക്ഷ്യപ്പെടുത്തൽ നടത്തേണ്ടത്. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയേറ്റിലെ താഴത്തെ നിലയിലുള്ള ഇന്റർനാഷണൽ അഫയേഴ്‌സ് വിഭാഗത്തിൽ ഇതിനുള്ള സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾ തമിഴ്‌നാട് സംസ്ഥാന സർക്കാർ വെബ്‌സൈറ്റിൽ ലഭ്യമാണ്. തമിഴ്‌നാട്ടിൽ പഠിച്ചവർക്കും എംബസ്സി അറ്റസ്റ്റേഷനായി നോർക്കയെ സമീപിക്കാം.

ബഹ്‌റൈൻ, കുവൈത്ത്, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ എംബസ്സി അറ്റസ്റ്റേഷനുള്ള സംവിധാനവും നോർക്ക ഓഫീസിൽ ഏർപ്പെടുത്തും. ഓരോ രാജ്യത്തിനും സർവീസ് ചാർജ് വൃത്യസ്ത നിരക്കുകളിലായിരിക്കും. ഏതു സംസ്ഥാനക്കാർക്കും സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാം. എംബസ്സി സാക്ഷ്യപ്പെടുത്തൽ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കും. അമേരിക്ക, ബ്രിട്ടൻ, ഒമാൻ തുടങ്ങിയ 98 രാജ്യങ്ങളിലെ അപ്പോസ്റ്റൽ അറ്റസ്റ്റേഷനും ചെന്നൈ ഓഫീസിൽ നിർവ്വഹിക്കാം.

യു.എ.ഇ 3750 രൂപ, കുവൈറ്റ് 1250 രൂപ, ബഹ്‌റൈൻ 2750 രൂപ, ഖത്തർ 3000 രൂപ എന്നിങ്ങനെയാണു വിവിധ രാജ്യങ്ങളിലെ അറ്റസ്റ്റേഷന്റെ നിരക്കുകൾ. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോൾഫ്രീ നമ്പരിലും, 044-28293020 എന്ന നമ്പരിലും ബന്ധപ്പെടണം.

Read More >>