മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തില്‍

എം.ബി.ബി.എസ് പ്രവേശനത്തിനുള്ള വിജ്ഞാപനം ഇന്ന് ഇറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഈ വർഷത്തെ ഫീസ് നിശ്ചയിക്കാതെ പ്രവേശന നടപടികൾ തുടങ്ങാനാവില്ലെന്ന നിലപാടിലാണ് സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾ .

മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തില്‍

സംസ്ഥാനത്തെ മെഡിക്കൽ പ്രവേശന നടപടികൾ അനിശ്ചിതത്വത്തിൽ. ഫീസ് സംബന്ധിച്ച ധാരണയാകാത്തതിനെ തുടർന്നാണിത്. എം.ബി.ബി.എസ് പ്രവേശനത്തിനുള്ള വിജ്ഞാപനം ഇന്ന് ഇറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഈ വർഷത്തെ ഫീസ് നിശ്ചയിക്കാതെ പ്രവേശന നടപടികൾ തുടങ്ങാനാവില്ലെന്ന നിലപാടിലാണ് സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾ . സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകളുടെ രണ്ട് അസോസിയേഷനുകളും ഇക്കാര്യം രേഖാമൂലം സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഇതോടെ ഇന്നു വിജ്ഞാപനം ഇറക്കി ഓപ്ഷൻ റജിസ്‌ട്രേഷനിലേക്ക് കടക്കാനുള്ള മുൻ തീരുമാനം അവതാളത്തിലായി. കഴിഞ്ഞ വർഷത്തെ മെഡിക്കൽ ഫീസ് കോടതി റദ്ദാക്കിയെങ്കിലും ഇതുവരെ പുതുക്കി നിശ്ചയിച്ചിട്ടില്ല. ഈ വർഷത്തെ ഫീസും എത്രയെന്ന കാര്യത്തിൽ തീരുമാനമായില്ല. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി പിന്നീടു നിശ്ചയിക്കുന്ന ഫീസ് നൽകാമെന്നു വിദ്യാർഥികളിൽ നിന്നു സത്യവാങ്മൂലം വാങ്ങി പ്രവേശനം നടത്താൻ സർക്കാർ ആലോചിച്ചിരുന്നുവെങ്കിലും അത് സാധിക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റുകൾ. അവരുടെ സഹകരണമില്ലാതെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നടത്താനാവില്ല. അല്ലെങ്കിൽ സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് മാത്രമായി പ്രവേശന നടപടികൾ തുടങ്ങേണ്ടി വരും.

പ്രശ്‌നത്തിനു പരിഹാരം കാണേണ്ടത് ആരോഗ്യ വകുപ്പാണെങ്കിലും അതിനുള്ള കാര്യമായ ശ്രമങ്ങളൊന്നും ആരംഭിച്ചിട്ടില്ല. മാനേജ്‌മെന്റുകളുമായി ചർച്ച നടത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. പ്രവേശനം എങ്ങനെ നടത്തണമെന്നതു സംബന്ധിച്ചു സർക്കാർ ഉത്തരവിറക്കി പ്രവേശന പരീക്ഷാ കമ്മിഷണർക്കു നൽകിയാൽ മാത്രമേ അവർക്ക് ഓപ്ഷൻ സ്വീകരിക്കാനാവൂ. എൻജിനിയറിങ്, ആർക്കിടെക്ച്ചർ, ഫാർമസി കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്‌മെന്റ് നടപടികളും ഇതിനൊപ്പം ഇന്നു തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പ്രവേശന നടപടികളെക്കുറിച്ച്് വ്യക്തതയില്ലാത്തത് വിദ്യാർത്ഥികളെയും ഒപ്പം രക്ഷിതാക്കളെയും ആശങ്കയിലാക്കി.

Read More >>