എഴുത്തുകാരന്റെ സമ്മതമില്ലാതെ നോവല്‍ പ്രസിദ്ധീകരിച്ചു; രൂപേഷ് ഡി സി ബുക്‌സിനെഴുതിയ കത്ത്‌

ഇതത്ര മെച്ചപ്പെട്ട നോവലായതുകൊണ്ടൊന്നുമല്ല നിങ്ങള്‍ ഇങ്ങനെ പ്രസിദ്ധീകരിച്ചത് എന്ന് നിങ്ങള്‍ക്കറിയാം. ഇതിന്റെ വിപണന സാധ്യതയായിരുന്നു നിങ്ങള്‍ കണ്ടത്.

എഴുത്തുകാരന്റെ സമ്മതമില്ലാതെ നോവല്‍ പ്രസിദ്ധീകരിച്ചു; രൂപേഷ് ഡി സി ബുക്‌സിനെഴുതിയ കത്ത്‌

ജയിലിൽ നിന്നും രൂപേഷ് DC ബുക്സിലെ ശ്രീകുമാറിന് അയച്ച കത്തിന്റെ പകർപ്പ്.

പ്രിയ ശ്രീകുമാര്‍ സര്‍,

നിങ്ങളയച്ച എഗ്രിമെന്റ് കണ്ട് വല്ലാത്ത നിരാശ തോന്നി. ഞാന്‍ രൂപേഷ് കുമാറോ രൂപേഷ് പി.എസ്. എന്നയാളോ അല്ല. ചന്ദ്രോത്ത് ഹൗസ്, വാടാനപ്പള്ളി, തൃശ്ശൂര്‍ എന്നത് എന്റെ അഡ്രസ്സുമല്ല. ഞാന്‍ മാവോയിസ്റ്റ് എന്ന ഒരു നോവലും എഴുതിയിട്ടില്ല.

ഈ വസ്തുതകള്‍ മറ്റാരെക്കാളും നിങ്ങള്‍ക്കറിയാം. ഇതുമായി ബന്ധപ്പെട്ട് എനിക്കും നിങ്ങള്‍ക്കുമിടയില്‍ ചില കത്തിടപാടുകളുണ്ടായിട്ടുണ്ട്.

തീര്‍ത്തും അധാര്‍മ്മികമായിട്ടായിരുന്നു 2013 ല്‍ DC എന്റെ പേരില്‍ ആ നോവല്‍ പ്രസിദ്ധീകരിച്ചത്. ഇതറിഞ്ഞയുടന്‍ ആമിമോള്‍ നിങ്ങളെ നേരില്‍ വിളിച്ച് വസന്തത്തിന്റെ പൂമരങ്ങള്‍ എന്ന പേരില്‍ ഗ്രീന്‍ ബുക്‌സ് എന്റെ നോവല്‍ പ്രസിദ്ധീകരിക്കുന്നുണ്ട് എന്നറിയിച്ചിരുന്നു. നിങ്ങളോട് ഇത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നീട്ടും നിങ്ങളിത് തന്നിഷ്ടപ്രകാരം പ്രസിദ്ധീകരിച്ചു ഒരാളുടെയും സമ്മതമില്ലാതെ തന്നെ. ഇതറിഞ്ഞയുടനെ 2013 ല്‍ തന്നെ ഞാന്‍ നിങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. നിങ്ങളുടെ അധാര്‍മ്മികപ്രവൃത്തി ചൂണ്ടികാണിച്ചിരുന്നു.

ഇതത്ര മെച്ചപ്പെട്ട നോവലായതുകൊണ്ടൊന്നുമല്ല നിങ്ങള്‍ ഇങ്ങനെ പ്രസിദ്ധീകരിച്ചത് എന്ന് നിങ്ങള്‍ക്കറിയാം. ഇതിന്റെ വിപണന സാധ്യതയായിരുന്നു നിങ്ങള്‍ കണ്ടത്. നിങ്ങളുടെ ആ പഴയ കത്തില്‍ അത് ചര്‍ച്ച ചെയ്യുന്നുണ്ട്.

ഗ്രീനിന്റെ അഞ്ചു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനുശേഷം ഞാന്‍ തന്നെയാണ് നിങ്ങളെ ബന്ധപ്പെട്ടത്. തീര്‍ച്ചയായും ഗ്രീന്‍ ബുക്‌സിന്റെ സമ്മതപ്രകാരം മാത്രം. ജയില്‍വാസം, കടുത്ത സാമ്പത്തിക പരാധീനതകള്‍ ഇതെല്ലാമായിരുന്നു അങ്ങിനെ ഒരാലോചനയുടെ പിന്നില്‍.

എന്നാല്‍ നിങ്ങള്‍ അയച്ചുതന്ന കരാര്‍ ഞെട്ടിച്ചു കളഞ്ഞു. 2013 ലെ നിങ്ങളുടെ അധാര്‍മ്മികവും നിയമവിരുദ്ധവുമായ നടപടികളെ സാധൂകരിക്കലാണ് നിങ്ങളുടെ ലക്ഷ്യം എന്ന് മനസ്സിലാക്കുമ്പോള്‍ വലിയ പ്രയാസം തോന്നി. 2013 ല്‍ നിങ്ങള്‍ അച്ചടിച്ചുവെച്ച കരാറും കോയമ്പത്തൂര്‍ അസി. പോലീസ് കമ്മീഷണര്‍ സുന്ദറിന് നിങ്ങള്‍ അയച്ചുകൊടുത്ത രേഖകളും SC 121/2017 എന്ന കേസിലെ രേഖകളാണ്. നിങ്ങള്‍ ആ കേസിലെ 14-ാം നമ്പര്‍ പോലീസ് സാക്ഷിയും.

നിങ്ങള്‍ കേരളത്തിലെ തലമുതിര്‍ന്ന പ്രസാധകകേന്ദ്രത്തിന്റെ ചുക്കാന്‍ പിടിക്കുന്നയാളാണ്. മൂന്ന് ദശകത്തിലുമധികമുള്ള വലിയ അനുഭവ സമ്പത്ത് നിങ്ങള്‍ക്കുണ്ടാകേണ്ടതാണ്. മുതിര്‍ന്ന സാഹിത്യകാരുമായുള്ള ദീര്‍ഘ ഇടപെടലുകള്‍ നിങ്ങള്‍ക്കുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് വിവേകപൂര്‍ണ്ണമായ സമീപനം നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഞാന്‍ കരുതിയത്.

വേണ്ട സാര്‍, എനിക്കങ്ങനെ ഒരു സാഹിത്യകാരനാകേണ്ട. സാഹിത്യവുമായി എനിക്കത്ര ബന്ധങ്ങളൊന്നുമില്ല. ഞാനൊരു ആക്ടിവിസ്റ്റാണ്. സോഷ്യല്‍ മീഡിയയുടെ കാലത്ത് മൂന്നാംകിട സാഹിത്യത്തിനു പോലും പ്രകാശന ദാരിദ്ര്യമൊന്നുമില്ല എന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. ദാരിദ്ര്യവും കഷ്ടപ്പാടുകളുമൊക്കെ എല്ലാ കാലത്തും കൂടെയുണ്ടായിരുന്നു. ആത്മാഭിമാനം വിട്ടുള്ള നടപടികള്‍ക്ക് ഒരു കാലത്തും നമ്മള്‍ ആലോചിച്ചീട്ടില്ല, ഇനിയങ്ങനെ ആലോചിക്കുന്നുമില്ല.

ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു നിങ്ങളുമായി കരാറുണ്ടാക്കുന്നതിനുള്ള ആലോചനക്കു കാരണം. ഞാന്‍ രൂപേഷ് കുമാറോ രൂപേഷ് പി.എസോ അല്ലാത്തതിനാല്‍ മാവോയിസ്റ്റ് എന്ന പേരില്‍ ഒരു നോവലെഴുതിയിട്ടില്ലാത്തതിനാലും ഇത് ഇവിടെ അവസാനിക്കുകയാണ്.

നിങ്ങളുടെ നിയമവിരുദ്ധവും അധാര്‍മ്മികവുമായ പ്രവൃത്തികളോട് കണ്ണടക്കേണ്ടുന്ന ആവശ്യം എനിക്കില്ല.

ആദരവോടെ,

രൂപേഷ്

Read More >>