ജി.എസ്.ടിയില്‍ നിര്‍മലയ്ക്ക് ആദ്യ പരീക്ഷണം

ജി.എസ്.ടി കൗൺസിൽ രൂപീകരിക്കപ്പെട്ട ശേഷമുള്ള 35-ാം യോഗമാണിത്.

ജി.എസ്.ടിയില്‍ നിര്‍മലയ്ക്ക് ആദ്യ പരീക്ഷണം

രണ്ടാം മോദി സർക്കാറിന്റെ ആദ്യ ജി.എസ്.ടി കൗൺസിൽ യോഗം പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ. ധനമന്ത്രിയെന്ന നിലയിൽ പരോക്ഷ നികുതി സമിതിയിൽ നിർമല നേരിടുന്ന ആദ്യത്തെ വെല്ലുവിളിയാണ് ഇന്നത്തേത്. ജി.എസ്.ടി കൗൺസിൽ രൂപീകരിക്കപ്പെട്ട ശേഷമുള്ള 35-ാം യോഗമാണിത്.

വോട്ടിങിന് സാഹചര്യമൊരുങ്ങാതെ ഇതുവരെ കൗൺസിലിന്റെ എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെയാണ് ഉണ്ടായത്. മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഈ പാത പിന്തുടരാൻ തന്നെയാകും നിർമലയുടെ ശ്രമം. ഇന്ന് ഉച്ചയ്ക്ക് മുമ്പ് സംസ്ഥാന ധനമന്ത്രിമാരുമായി അവർ പ്രത്യേകം ചർച്ച നടത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് കൗൺസിൽ യോഗം.

ഏകജാലക തിരിച്ചടവ് സംവിധാനം (സിംഗ്ൾ പോയിന്റ് റിഫണ്ട് സിസ്റ്റം) രൂപീകരണം, ഇ-ഇൻവോയിസുകൾ ഇഷ്യൂ ചെയ്യാനുള്ള സംവിധാനം, ജി.എസ്.ടി ഇ വേ ബിൽ സംവിധാനം സംയോജിപ്പിക്കൽ, അപ്പലേറ്റ് അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങിനായി ദേശീയ ബഞ്ച്, ഇലക്ട്രോണിക് വാഹനങ്ങളുടെ നിരക്ക് 12ൽ നിന്ന് അഞ്ചു ശതമാനമാക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ചയ്ക്കു വരും.

മാന്ദ്യം സമ്പദ് വ്യവസ്ഥയ്ക്കു മേൽ കരിനിഴലായി നിൽക്കുന്ന സാഹചര്യത്തിൽ ഇന്നെടുക്കുന്ന തീരുമാനങ്ങൾക്ക് സാമ്പത്തിക വിദഗ്ദ്ധർ പ്രാധാന്യം കൽപ്പിക്കുന്നു. ചില ചരക്കുകളുടെ നികുതി നിരയ്ക്ക് 28 ശതമാനത്തിൽ നിന്ന് 18ലേക്ക് താഴ്ത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സിമന്റ് കമ്പനികളും റിയൽ എസ്‌റ്റേറ്റ് ഡവലപ്പാർമാരും ആ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിലവിൽ 28 ചരക്കുകളാണ് ഈ സ്ലാബിലുള്ളത്. ഡിസംബറിൽ ചേർന്ന കൗൺസിൽ യോഗം സിനിമാ ടിക്കറ്റ്, ടിവി, മോണിറ്റർ തുടങ്ങിയ 23 ചരക്കുകളുടെ നിരക്കുകൾ കുറച്ചിരുന്നു. എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോളിനു (ഇ.എൻ.എ) മേൽ ജി.എസ്.ടിക്കു പുറത്ത് ലെവി ചുമത്താനും ആലോചനയുണ്ട്.

കേരളത്തെ സംബന്ധിച്ച് ലോട്ടറിക്കു മേൽ ചുമത്തുന്ന ജി.എസ്.ടി നിരക്കാണ് പ്രധാനം. ലോട്ടറിക്കു മേൽ ഏകീകൃത നിരക്കു ചുമത്തുന്നതുമായി ബന്ധപ്പെട്ട് എട്ടംഗ സമിതി പഠനം നടത്തിയിട്ടുണ്ടെങ്കിലും ഇതിൽ സമവായമായിട്ടില്ല. നിലവിൽ സംസ്ഥാന ലോട്ടറികൾക്ക് 12 ശതമാനവും മറ്റു ലോട്ടറികൾക്ക് 28 ശതമാനവുമാണ് നികുതി.


Read More >>