ഖഷോ​ഗി വധം: ആരോപണം അടിസ്ഥാന രഹിതമെന്ന് സൗദി

റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്കു ശേഷം സൗദി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

ഖഷോ​ഗി വധം: ആരോപണം അടിസ്ഥാന രഹിതമെന്ന് സൗദി

മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്ന റിപ്പോർട്ട് തള്ളി സൗദി. റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്കു ശേഷം സൗദി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഐക്യരാഷ്ട്ര സംഘടന (യു.എൻ) പ്രത്യേകാന്വേഷക ആഗ്‌നസ് കലമാഡ് നൽകിയ റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വാർത്താക്കുറിപ്പിൽ സൗദി പറഞ്ഞു.

ഖഷോഗി കൊലക്കേസ് അന്വേഷിക്കാൻ അവകാശമുള്ളത് സൗദിക്ക് മത്രമാണെന്നും നേരത്തേ തന്നെ കേസിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. രാജ്യത്തിന്റെ നേതൃത്വത്തിനെതിരെ മുൻവിധിയോടെ പ്രവർത്തിക്കുന്നതും നീതിന്യാജ വ്യവസ്ഥയിൽ നിന്ന് കേസ് വഴിതിരിച്ചുവിടുന്നതിനുമുള്ള നീക്കം തങ്ങൾ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ഖഷോഗിയുടെ വധത്തിനു പിന്നിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കൈകളുണ്ടെന്നതിനു വിശ്വസനീയമായ തെളിവുണ്ടെന്നു കാണിച്ച് ആഗ്‌നസ് കലമാഡ് യു.എന്നിനു മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത്. ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ചു കഴിഞ്ഞ വർഷം ഒക്ടോബറിൽ ഖഷോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് മുൻകയ്യെടുത്തുള്ള രാജ്യാന്തര അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

കൂടുതൽ അന്വേഷണം വേണമെന്നതു ശരിവയ്ക്കുംവിധം മുഹമ്മദ് ബിൻ സൽമാന്റെ പങ്കു വ്യക്തമാണെന്നു കലമാഡ് ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് ബിൻ സൽമാന്റെ സ്വാധീനശക്തിയെക്കുറിച്ച് നന്നായി അറിയാമായിരുന്നെന്നും അദ്ദേഹത്തെ അതിരൂക്ഷമായി വിമർശിച്ചിട്ടുള്ള ഖഷോഗി ഭയപ്പെട്ടിരുന്നെന്നുമുള്ളതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. സൗദി കോൺസുലേറ്റിൽ നടന്ന കൊലപാതകത്തിന്റെ വിഡിയോ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു.

ഖഷോഗി വധക്കേസിൽ മനുഷ്യാവകാശങ്ങളിലൂന്നിയുള്ള സ്വതന്ത്ര അന്വേഷണം നടത്താനാണ് ആഗ്‌നസ് കലമാഡിനെയും സംഘത്തെയും നിയോഗിച്ചത്. യു.എന്നിനെ ഔദ്യോഗികമായി പ്രതിനിധാനം ചെയ്യാതെ, സ്വതന്ത്രനിലപാടാണു അന്വേഷണ സംഘത്തിനുള്ളത്. ഖഷോഗി കേസ് അന്വേഷിച്ച സൗദി സംഘം മുഹമ്മദ് ബിൻ സൽമാന്റെ പങ്കു നിഷേധിച്ചിരുന്നു. കൊല നടത്തിയതിനു കസ്റ്റഡിയിലുളള 12 പേരടങ്ങിയ സംഘത്തിൽ 5 പേർക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ സൗദി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൗദിയിലെ വിചാരണ സുതാര്യമല്ലെന്നും ഖഷോഗിയെ കൊലപ്പെടുത്താൻ നിയോഗിച്ച 15 അംഗ സംഘത്തിൽ 11 പേരുടെ വിവരം കുറ്റപത്രത്തിൽ ഇല്ലെന്നും ആഗ്‌നസ് പറയുന്നു.

Read More >>