എത്ര വിക്കറ്റായി? കുട്ടികളുടെ കൂട്ടമരണം സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രിക്കറിയേണ്ടത് ഇന്ത്യയുടെ ക്രിക്കറ്റ് സ്‌കോര്‍

മാഞ്ചസ്റ്ററില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ സ്‌കോറായിരുന്നു മന്ത്രിക്ക് അറിയേണ്ടിയിരുന്നത്. മന്ത്രിയുടെ ചോദ്യവും പ്രതികരണവും അടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

എത്ര വിക്കറ്റായി? കുട്ടികളുടെ കൂട്ടമരണം സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രിക്കറിയേണ്ടത് ഇന്ത്യയുടെ ക്രിക്കറ്റ് സ്‌കോര്‍

സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന മസ്തിഷ്‌ക്കജ്വരത്തെ കുറിച്ച് പത്രസമ്മേളനം നടത്താനെത്തിയതായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധനും ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയും. ബീഹാറില്‍ മസ്തിഷ്‌ക്കജ്വരം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഭരണകൂടം എടുത്ത നടപടികളെ കുറിച്ച് വിശദമാക്കാനായിരുന്നു മുസഫര്‍പൂരില്‍ ഞായറാഴ്ച പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. ഒരു മാസത്തിനുള്ളില്‍ മുസഫര്‍പൂരില്‍ 100 കുട്ടികളായിരുന്നു ജ്വരം ബാധിച്ച് മരിച്ചത്. ഭാവിയില്‍ ഇത്തരം മരണങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള നടപടികളെ കുറിച്ചും മന്ത്രിമാര്‍ വിശദീകരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

പത്രസമ്മേളനത്തിന്റെ ഇടയില്‍ മന്ത്രി മംഗള്‍ പാണ്ഡെ മാദ്ധ്യമപ്രവര്‍ത്തരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ചോദ്യം എറിഞ്ഞു. എത്ര വിക്കറ്റ് വീണു?

മാദ്ധ്യമപ്രവര്‍ത്തകരിലൊരാള്‍ മറുപടിയും കൊടുത്തു. നാല് വിക്കറ്റ്.

മാഞ്ചസ്റ്ററില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ സ്‌കോറായിരുന്നു മന്ത്രിക്ക് അറിയേണ്ടിയിരുന്നത്. മന്ത്രിയുടെ ചോദ്യവും പ്രതികരണവും അടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാനം കുട്ടികളുടെ മരണം കൊണ്ട് സ്തംഭിച്ചിരിക്കുന്ന സമയത്ത് അതിനെ കുറിച്ച്് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ക്രിക്കറ്റ് സ്‌കോര്‍ ആരാഞ്ഞ ആരോഗ്യമന്ത്രിയുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്. രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ്സ്, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങളോട് യാതൊരു അനുഭാവവും പ്രകടിപ്പിക്കാത്ത ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന്് പ്രതിപക്ഷം ആവശ്യപ്പെട്ടു.

കുട്ടികള്‍ കൂട്ടത്തോടെ മരണമടയുമ്പോഴും ആരോഗ്യമന്ത്രിയുടെ മുന്‍ഗണനാ വിഷയം ക്രിക്കറ്റാണെന്ന് ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ഡാനിഷ് റിസ്വാന്‍ ആരോപിച്ചു. കോണ്‍ഗ്രസ്സ്് വക്താവ് രണ്‍ദീപ് സര്‍ജെവാലെയും മന്ത്രിയുടെ നടപടിയെ അപലപിച്ചു.

മുസഫര്‍പൂരില്‍ കഴിഞ്ഞ പതിനാറ് ദിവസത്തിനുള്ളില്‍ 100 കുട്ടികളാണ് മസ്തിഷ്‌ക്കജ്വരം ബാധിച്ച് മരിച്ചത്. ഏകദേശം 300 കുട്ടികള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.

ജ്വരത്തിനോട് സാമ്യമുള്ള ലക്ഷണങ്ങളുള്ള മസ്തിഷ്‌ക്കജ്വരം പിടിപെടുന്ന കുട്ടികള്‍ക്ക് കടുത്ത പനിയും തലവേദനയും അനുഭവപ്പെടും.

Read More >>