നിബന്ധനകൾ കർശ്ശനമാവും; നികുതി വെട്ടിപ്പിനെതിരായ നിയമം കടുപ്പിക്കാൻ ജി.എസ്.ടി കൗൺസിൽ

ജി.എസ്.ടി നടപ്പിലാക്കി രണ്ടു വർഷം പിന്നിടുമ്പോഴും പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

നിബന്ധനകൾ കർശ്ശനമാവും; നികുതി വെട്ടിപ്പിനെതിരായ നിയമം കടുപ്പിക്കാൻ ജി.എസ്.ടി കൗൺസിൽ

നികുതി വെട്ടിപ്പിനെ തുരത്താൻ കർശ്ശന നിയമങ്ങളുമായി ജി.എസ്.ടി കൗൺസിൽ. ജൂൺ 21ന് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ ചേരുന്ന ചരക്കു സേവന നികുതി (ജി.എസ്.ടി) കൗൺസിലിൽ ഇതു സംബന്ധിച്ച അന്തിമ നടപടികൾക്ക് രൂപം നൽകുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ജി.എസ്.ടി നടപ്പിലാക്കി രണ്ടു വർഷം പിന്നിടുമ്പോഴും പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

ഇ- ഇൻവോയിസ് നിർബന്ധിതമാക്കുക, ചരക്കു നീക്കത്തിനുള്ള ഇ-വേ ബിൽ ,ചരക്കുനീക്കത്തിനായി നൽകുന്ന ഇലക്ട്രോണിക് അനുമതിയായ ഇ വേ ബില്ലുകൾ ടോൾ പ്ലാസകളിലെ വിവരങ്ങളുമായി ഒത്തുനോക്കാനുള്ള സംവിധാനം, കമ്പനികളെ ജിയോടാഗ് ചെയ്യുക തുടങ്ങിയ നടപടികളായിരിക്കും ജി.എസ്.ടി കൗൺസിൽ നടപ്പിലാക്കുക. ഇടപാടുകളിലെ സുതാര്യത ഉറപ്പുവരുത്താൻ ഇ- ഇൻവോയിസിലൂടെ സാധിക്കും. വൻകിട ബിസിനസുകളിലെ നികുതി വെട്ടിപ്പ് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. വൻ വരുമാനമുള്ള കമ്പനികൾക്ക് പ്രത്യേക പോർട്ടൽ വഴി ഇ- ഇൻവോയ്‌സ് സംവിധാനം നടപ്പിലാക്കും. എന്നാൽ അതിന്റെ മാനദണ്ഡം കൗൺസിൽ തീരുമാനിക്കും.ഇത് സാദ്ധ്യമായാൽ മറ്റു ഇടപാടുകളിലേക്കും വ്യാപിപ്പിക്കും. തുടക്കത്തിൽ ബിസിനസ് ടു ബിസിനസ് ഇടപാടുകളിലാണ് ഇത് ആദ്യം നടപ്പാക്കുക.

നികുതി പരിഷ്‌കാരത്തിന്റെ നേട്ടങ്ങൾ പ്രകടമാവുമെന്നും ഇതിന്റെ ഗുണം ആളുകളിലെത്തുമെന്നും അധികൃതർ പറഞ്ഞു.

ജി.എസ്.ടിക്കു മുമ്പ് ഉണ്ടായിരുന്ന നികുതി സമ്പ്രദായം ആളുകളിൽ അമിത നികുതിഭാരമേൽപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ജി.എസ്.ടിയുടെ നികുതി ഇളവിന്റെ നേട്ടം ആളുകളിലെത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു ഇ-വേ ബിൽ രണ്ടു തവണ ഉപയോഗിച്ച് ചരക്കു നീക്കം അധികൃതരിൽ നിന്നും മറച്ചുവെക്കുന്ന പ്രവണതയുണ്ട്. ഈ തട്ടിപ്പിനെ മറികടക്കാൻ ടോൾ പ്ലാസകളിൽ ചരക്കും ബില്ലും തമ്മിൽ ഒത്തു നോക്കാനുള്ള പുതിയ സംവിധാനത്തിലൂടെ സാധിക്കും. ജി.എസ്.ടിയുമായി ബന്ധപ്പെട്ട പരാതികൾ കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. വലിയ നികുതി നിരക്ക് വെട്ടിക്കുറയ്ക്കലുകൾ ഇത്തവണത്തെ ജി.എസ്.ടി കൗൺസിലിൽ ഉണ്ടായേക്കില്ല.

Read More >>