കമ്പനി ഡയറക്ടറാവാന്‍ പ്രത്യേക പരീക്ഷ

കമ്പനിയിലെ മൈനോറിറ്റി ഓഹരി ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടത് ഡയറക്ടർമാരുടെ കടമയാണ്. എന്നാൽ കമ്പനികളിലെ തട്ടിപ്പുകൾ കണ്ടെത്തുന്നതിൽ ഇവർ പലപ്പോഴും പരാജയപ്പെടുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പരീക്ഷാ സമ്പ്രദായം കൊണ്ടുവരുന്നത്.

കമ്പനി ഡയറക്ടറാവാന്‍ പ്രത്യേക പരീക്ഷ

ന്യൂഡൽഹി: കോർപറേറ്റ് മേഖലയിൽ പിടിമുറുക്കി കേന്ദ്ര സർക്കാർ. കമ്പനികളിൽ സ്വതന്ത്ര ഡയറക്ടർമാരായി നിയമിക്കപ്പെടുന്നവർക്ക് രാജ്യത്തെ കോർപറേറ്റ് നിയമങ്ങൾ, എത്തിക്‌സ്, കാപിറ്റൽ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്നതിന് ഇവർക്കായി പ്രത്യേക പരീക്ഷകൾ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് സർക്കാർ.

രാജ്യത്തെ കോർപറേറ്റ് മേഖയെ തട്ടിപ്പുകളിൽനിന്ന് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിക്രമങ്ങൾ സർക്കാർ തയ്യാറാക്കുന്നത്. നിയമങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മയും പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവില്ലായ്മയുമാണ് കോർപറേറ്റ് രംഗത്തെ പല തട്ടിപ്പുകള്‍ക്കു പ്രതിസന്ധിക്കും കാരണമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഇത്തരമൊരു സാഹചര്യത്തിൽ തട്ടിപ്പുകൾ തുടക്കത്തിൽ തന്നെ കണ്ടെത്തി അവ തടയുന്നതിനുള്ള ഉത്തരവാദിത്തം കമ്പനികളുടെ സ്വതന്ത്ര ഡയറക്ടർമാർക്കുണ്ടെന്ന് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇൻജെത്തി ശ്രീനിവാസ് അറിയിച്ചു. ഓൺലൈൻ രീതിയിലായിരിക്കും പരീക്ഷ. ഇത്ര കാലയളവിനുള്ളിൽ പരീക്ഷ പാസാവണമെന്ന നിബന്ധനിയില്ല. പരീക്ഷ പാസാവാൻ എത്ര അവസരവും വേണമെങ്കിൽ നൽകും. നിലവിൽ വർഷങ്ങളായി ഡയറക്ടർമാരായി ജോലി ചെയ്യുന്നവരെ പരീക്ഷ പാസാവണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സർക്കാർ തയ്യാറാക്കുന്ന സ്വതന്ത്ര ഡയറക്ടർമാരുടെ ഡാറ്റാബേസിൽ ഇവരും പേർ രജിസ്റ്റർ ചെയ്യണം. സ്വതന്ത്ര ഡയറക്ടർമാരെ ആവശ്യമുള്ള കമ്പനികൾ ഈ പട്ടികയിൽ നിന്ന് വേണം നിയമനം നടത്താനെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നിയമപ്രകാരം ഇന്ത്യയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികൾ ബോർഡ് അംഗങ്ങളുടെ മൂന്നിലൊന്ന് എന്ന തോതിൽ സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കണമെന്നാണ് വ്യവസ്ഥ.

കമ്പനിയിലെ മൈനോറിറ്റി ഓഹരി ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടത് ഡയറക്ടർമാരുടെ കടമയാണ്. എന്നാൽ കമ്പനികളിലെ തട്ടിപ്പുകൾ കണ്ടെത്തുന്നതിൽ ഇവർ പലപ്പോഴും പരാജയപ്പെടുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പരീക്ഷാ സമ്പ്രദായം കൊണ്ടുവരുന്നത്. കോർപറേറ്റ് മേഖലയിലെ പ്രതിസന്ധി കാരണം നരേന്ദ്രമോദിയുടെ ആദ്യ സർക്കാരിന് ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടിവന്നിരുന്നു.

Read More >>