പുതിയ നോട്ടുമായി വീണ്ടും വെനസ്വേല

ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുതിയ നോട്ടുകൾ ഇറക്കുന്നത്. പണലഭ്യത ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്ന് വെനസ്വേലൻ സെൻട്രൽ ബാങ്ക്

പുതിയ നോട്ടുമായി വീണ്ടും വെനസ്വേല

വെനസ്വേലയിൽ വീണ്ടും പുതിയ നോട്ടുകൾ അച്ചടിക്കുന്നു. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുതിയ നോട്ടുകൾ ഇറക്കുന്നത്. വിലക്കയറ്റം ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തില്‍ എത്തിനില്‍ക്കുന്നതിനാൽ പണലഭ്യത ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്ന് വെനസ്വേലൻ സെൻട്രൽ ബാങ്ക് പറഞ്ഞു. പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കാനും വാണിജ്യ ഇടപാടുകൾ സുഗമമാക്കുവാനും വേണ്ടി 10,000, 20,000, 50,000 നോട്ടുകൾ ഉടൻ വിതരണം ചെയ്യപ്പെടുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

കളളക്കടത്ത് തടയുകയെന്ന ഉദ്ദേശ്യത്തോടെ വെനസ്വേലയിൽ കഴിഞ്ഞവർഷം നോട്ട് നിരോധിച്ചിരുന്നു. ഈ നീക്കം കറൻസിയുടെ മൂല്യത്തകർച്ചയ്ക്ക് ആക്കംകൂട്ടി. 2018-ൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ മിനിമം വേതനം 30,000 ശതമാനമായി ഉയർത്തിരുന്നു. എന്നിട്ടും ഒരു കിലോ ഇറച്ചി വാങ്ങാൻപോലും ആ പണം തികയുമായിരുന്നില്ല. 2018-ൽ 500 ബൊളിവർ നോട്ടായിരുന്നു ഏറ്റവും വലുത്. മെയ് മാസത്തെ കണക്കുപ്രകാരം പണപ്പെരുപ്പം 8,15,000 ശതമാനമാണ്. മഡുറോയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയതെന്നാണ് ആരോപണം.

2015-ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് വെനസ്വേലൻ സെൻട്രൽ ബാങ്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെനസ്വേലയുടെ വരുമാനത്തിന്റെ 96 ശതമാനവും എണ്ണ ഉൽപ്പാദനത്തിൽ നിന്നുമാണ്. എന്നാൽ ദിവസം 1.4 ദശലക്ഷം ബാരൽ എന്ന നിലയിൽ 30 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉൽപാദനം നടന്നത്. ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് പുറമേ ദാരിദ്ര്യവും രൂക്ഷമായതോടെ രാജ്യംവിട്ടു പോകുന്നവരുടെ എണ്ണവും പെരുകുകയാണ്.

Read More >>